റിട്ട.സർവ്വേ സൂപ്രണ്ടും കവിയും കലാകാരനുമായ വിശ്വംഭരൻ നായർ രാജസൂയവുമായി
ലേഖകൻ കടയ്ക്കാവൂർ പ്രേമ ചന്ദ്രൻ നായർ നടത്തിയ അഭിമുഖം.
? താങ്കൾ കലാ,സാഹിത്യ രംഗത്ത് വരാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ.
വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതലേ വിവിധ കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴും കഥാപ്രസംഗം, നാടകം, സിനിമ, മിമിക്രി, സംഗീതം, മുഖ്യമായും കവിത…തുടങ്ങിയ കലാപ്രസ്ഥാനങ്ങളുമായി മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയാണ്. അഞ്ചോളം സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ട്. 5 കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ 6 പുസ്തകങ്ങൾ പണിപ്പുരയിലാണ്. റേഡിയോ, ടി.വി, ചാനൽ പരിപാടികളിലും പങ്കെടുക്കാറുണ്ട്.
? താങ്കൾ മുൻകൈയെടുത്തു നടത്തുന്ന ബാലവേദി എന്ന കലാ സംഘടനയെപ്പറ്റി വിശദീകരിക്കാമോ.
9 വർഷത്തോളമായി കാവ്യവേദി വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. അത് ഒരു ഒറ്റയാൾ പട്ടാളമായി ഞാൻ തന്നെ ആ സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നു. രജിസ്‌ട്രേഷൻ വകുപ്പിന്റെയും കേരള സംഗീത നാടക അക്കാദമിയുടേയും അഫിലിയേഷനും തുടരനുവാദത്തോടെയും സംഘടന നിലനിന്നു പോകുന്നു.
മലയാള ഭാഷയുടെ മഹത്വം പൊതുജനത്തിനു പകർന്നു നൽകാനും, വളർന്നു വരുന്ന പുതു തലമുറക്ക് പ്രചോദനമേകാനുമാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്രങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നീ വേദികളിലൊക്കെ മലയാള കവിതാലാപനം ഇളം തലമുറക്കായി 70%ഉം ബാക്കി മുതിർന്നവർക്കുമായി വേദി നൽകുന്നു. നാളിതുവരെ 112 വേദികളിലായി കവിയരങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
? അങ്ങേയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ .
42 ഓളം അവാർഡുകളും പുരസ്‌കാരങ്ങളും ഇതിനകം ലഭിക്കുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ടത് മാതാ അമൃതാനന്ദമയി ദേവിയുടെ 60-ാം ജന്മ ദിനത്തിൽ സോവനീറിൽ പ്രസിദ്ധീകരിച്ച കവിതയ്ക്കുള്ള പുരസ്‌കാരം എടുത്തു പറയേണ്ടതാണ്. തിരുവനന്തപുരം താലൂക്ക് എൻ എസ് എസിന്റെ വിശിഷ്ടാദരവും ലഭിച്ചിട്ടുണ്ട്.
? വായനാശീലം കുറഞ്ഞു വരുന്നതിനെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം
വായന ശീലം കുറഞ്ഞതിന് ഒരു കാരണം ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവാണ് – എന്നാൽ ഇപ്പോഴത്തെ തലമുറ വായനയിലേക്കു തന്നെ തിരിച്ചെത്തുന്നുണ്ട്്.
? താങ്കൾ ഒരു സഞ്ചാര പ്രിയനാണെന്ന് കേട്ടിട്ടുണ്ട്. യാത്രകൾ കൂടുതലും എഴുത്തിന് സഹായകരമായിരുന്നോ.
തീർച്ചയായും, ഇന്ത്യക്കകത്ത് പല സ്ഥലങ്ങളിലും തീർത്ഥാടനത്തിനും വിനോദത്തിനും പിന്നെ നേപ്പാളിലും ഒക്കെ പോയിട്ടുണ്ട്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് തരുന്നത്. അതല്ലാം എഴുത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
? അങ്ങയുടെ കുടുംബം
എന്റെ ഭാര്യ യശ്ശ: ശരീരയായ ഗംഗ എന്ന ശിവകുമാരി. റിട്ട.പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. മക്കൾ 3 പേർ. ഡോ.രജി.വി.എസ് – വനിതാ ശിശു വികസന വകുപ്പ്, രണ്ടാമത്തെ മകൾ സിജി.വി.എസ് – ഐസിഐസിഐ ബാങ്കിൽ ഡപ്യൂട്ടി മാനേജർ, മകൻ ജിജി.വി.എസ് എച്ച്ഡിഎഫ്‌സി ബാങ്കിൽ ജോലി ചെയ്യുന്നു. ഞാൻ സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് 17 വർഷമാകുന്നു. 34 വർഷം സംസ്ഥാന സർവ്വെ വകുപ്പിൽ ജോലി നോക്കി, സർവ്വെ സൂപ്രണ്ടായി വിരമിച്ചു.
? വായനക്കാരോട് എന്താണ് പറയാനുള്ളത്.
അവനവനെ അറിഞ്ഞു തന്നെ മറ്റുള്ളവരോട് പെരുമാറണം. ഞാനെന്ന ഭാവം അഹങ്കാരമാണ്. അതുമാറണം. നമ്മളെല്ലാം സമന്മാരാണെന്ന് ചിന്തിച്ച് ജീവിച്ചാൽ നന്മയുണ്ടാകും.
വായനക്കാരോട് പറയാനുള്ളത് പുസ്തകം വായന അറിവ് വർദ്ധിക്കുന്നതിലുമപ്പുറം മാനസിക സംഘർഷം കുറക്കുകയും ചെയ്യും.
? ഇത്രയും നാളത്തെ കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രവർത്തനം കൊണ്ട് അങ്ങേയ്ക്കുണ്ടായിട്ടുള്ള ചാരിതാർത്ഥ്യം.
ഇത്രയും നാളത്തെ ജീവിതം മനസ്സിനു വളരെയധികം സന്തോഷം പകർന്നു നൽകുന്നു. തിരിഞ്ഞു നോക്കുമ്പോൾ ഇത്രയധികം ചെയ്യാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കരുതുന്നു.