കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുവർഷത്തിലധികമായി തൊഴിൽ നഷ്ടപ്പെട്ട ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികളെ സഹായിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടിപിആറിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ തുറക്കാനനുവദിക്കുക, ഈ മേഖലയിലുള്ളവർക്ക് വാക്‌സിനേഷൻ മുൻഗണന നൽകുക, ബാങ്കുകളിൽ നിന്ന് പലിശ രഹിത വായ്പ നൽകുക, ലോക്ഡൗൺ കാലത്തെ വീട് വാടക, ഷോപ്പ് വാടക, കറന്റ് ചാർജ്ജ്, വെള്ളക്കരം ഒഴിവാക്കുക, ലോണുകളുടെ തിരിച്ചടവിന് സാവകാശം നൽകുക, ഈ മേഖലയിൽ തൊഴിലെടുക്കുന്ന വനിത ബ്യൂട്ടീഷന്മാർക്ക് പ്രവർത്തന മൂലധനമായി സഹകരണ സ്ഥാപനങ്ങളിൽ നിന്ന് പലിശ രഹിത വായ്പയായി 50,000 രൂപ അനുവദിക്കുക, ബാർബർ തൊഴിലാളികളെ റേഷൻ മുൻഗണനാ
വിഭാഗത്തിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യ മന്ത്രിക്കും അധികാരികൾക്കും നിവേദനം നൽകും. ജില്ലാ സെക്രട്ടറി എ.ടി.സലീം, പ്രസിഡന്റ് ജി.ചന്ദ്രൻ, ട്രഷറർ എം.വി.ജയൻ പങ്കെടുത്തു.