കോഴിക്കോട്: ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ കാൻസർ കെയർ സെന്ററിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അഡൽട്ട് ആന്റ് പീഡിയാട്രിക് ബോൺമാരോ ട്രാൻസ്പ്ലാന്റ് സെന്റർ സജ്ജീകരിച്ചു. ഡോക്ടേഴ്‌സ് ഡേ യോടനുബന്ധിച്ച് ജൂലൈ 1ാം തിയ്യതി തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം നിർവ്വഹിക്കും.
രോഗികളുടെ ശരീരത്തിൽ നിന്നുള്ള മജ്ജ തന്നെ സ്വീകരിച്ച് ബോൺമാരോ ട്രാൻസ്പ്ലാന്റ് നിർവ്വഹിക്കുന്ന ഓട്ടോലോഗസ് ബോൺമാരോ ട്രാൻസ്പ്ലാന്റ്, ഇതര വ്യക്തിയുടെ മജ്ജ സ്വീകരിച്ച് ബോൺമാരോ ട്രാൻസ്പ്ലാന്റ് നിർവ്വഹിക്കുന്ന അലോജനിക് ബോൺമാരോ ട്രാൻസ്പ്ലാന്റ് എന്നിവയിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും ചികിത്സാ സൗകര്യമൊരുക്കും. സർക്കാർ ആശുപത്രികളിലും മറ്റും കാൻസർ ചികിത്സ നേടിയിരുന്നവർക്ക് കോവിഡ് വ്യാപനം സൃഷ്ടിച്ച ബുദ്ധിമുട്ടും വലുതായിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടേയും മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെയും നിർദ്ദേശം പരിഗണിച്ച് വളരെ കുറഞ്ഞ നിരക്കിൽ കാരുണ്യ സ്പർശം എന്ന പദ്ധതിയിലൂടെ നിർധനരായവർക്ക് റേഡിയേഷനും, കീമോതെറാപ്പിയും ഉൾപ്പെടെയുള്ള ചികിത്സകൾ ലഭ്യമാക്കുവാനും നിർധനരായ കുഞ്ഞുങ്ങൾക്ക് ബോൺമാരോ ട്രാൻസ്പ്ലാന്റ് ഉൾപ്പെടെയുള്ള കാൻസർ സർജറികളും ചികിത്സയും പൂർണ്ണമായും സൗജന്യമായി നൽകുവാനും സാധിച്ചതായി നോർത്ത് കേരള സി ഇ ഒ ഫർഹാൻ യാസിൻ പറഞ്ഞു. കോഴിക്കോട് ഓങ്കോളജി വിഭാഗത്തിൽ 13ഓളം ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നുണ്ട്.
കാൻസർ കെയർ സെന്റർ മേധാവി ഡോ.കെ.വി.ഗംഗാധരൻ, ഡോ.സുരേഷ് കുമാർ.ഇ.കെ, ഡോ.സതീഷ് പത്മനാഭൻ, ഡോ.കേശവൻ.എം.ആർ, ഡോ.സജിത് ബാബു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.