ലക്ഷദ്വീപിൽ നിന്ന് വരുന്ന വാർത്തകൾ വേദനാജനകം പത്മശ്രീ അലിമണിക്ഫാൻ

ലക്ഷദ്വീപിൽ നിന്ന് വരുന്ന വാർത്തകൾ വേദനാജനകം പത്മശ്രീ അലിമണിക്ഫാൻ

കോഴിക്കോട്: ലക്ഷദ്വീപിലെ ഭരണകൂടം നടപ്പാക്കുന്ന നിയമങ്ങൾ മൂലം ദ്വീപ് നിവാസികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ വേദനാജനകമാണെന്ന് പത്മശ്രീ അലിമണിക്ഫാൻ പറഞ്ഞു. ദ്വീപിനുണ്ടായിരുന്ന റഗുലേഷൻ നിയമങ്ങൾ അഡ്മിനിസ്‌ട്രേറ്റർ ഏകപക്ഷീയമായി മാറ്റുക വഴി ജനങ്ങൾ പ്രതിഷേധത്തിന്റെ പാതയിലാണ്. സമാധാനപ്രിയരും യാതൊരു കുഴപ്പങ്ങളുമില്ലാതെ നിഷ്‌കളങ്കരായി ജീവിതം നയിക്കുന്നവരാണ് ദ്വീപുനിവാസികൾ. ഇന്ത്യ, പല സംസ്‌കാരങ്ങളും, ഭാഷകളും നിറഞ്ഞ രാജ്യമാണ്. വൈവിധ്യമാണ് നമ്മുടെ മുഖമുദ്ര. എന്ത് ഭക്ഷണം കഴിക്കണം എന്നതടക്കമുള്ള ജനങ്ങളുടെ ജീവിതത്തിൽ പോലും ഇടപെടുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ശരിയല്ല. സത്യം,സമത്വം, സ്വാതന്ത്ര്യം എന്ന ഭാരതത്തിന്റെ അടിത്തറ തകർക്കുന്ന ദ്വീപ് ഭരണകൂടത്തിന്റെ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ട്രഷറി ഓഫീസറായിരുന്ന എം.കൃഷ്ണൻ നായർ രചിച്ച ‘ലക്ഷദ്വീപിലെയും, ചേളന്നൂരിലെയും മധുരസ്മരണകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഫിറോസ്ഖാൻ പുസ്തകം ഏറ്റുവാങ്ങി. 1957ലാണ് എം.കൃഷ്ണൻ നായരുമായി പരിചയപ്പെടുന്നത്. നീണ്ട 64 വർഷത്തെ ബന്ധമാണ് അദ്ദേഹവുമായുള്ളത്. കൃഷ്ണൻ നായർ താലൂക്കാഫീസിൽ ജോലിക്കായി വന്നപ്പോൾ മിനിക്കോയിൽ മലയാളമറിയുന്നത് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 60 വർഷം മുൻപത്തെ ദ്വീപിന്റെ ചരിത്രം സ്പഷ്ടമായി രേഖപ്പെടുത്തിയ കൃഷ്ണൻ നായരെ അദ്ദേഹം അഭിനന്ദിച്ചു. ലക്ഷദ്വീപ് റിട്ട.സെക്രട്ടറി ടു ദി അഡ്മിനിസ്‌ട്രേഷൻ അഡ്വ.എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി ആർ ഡി റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി എം.കൃഷ്ണൻ നായരെ ആദരിച്ചു. മുൻ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി വാസൻ ഗ്രന്ഥാവലോകനം നടത്തി. പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ പി.ടി.നിസാർ സ്വാഗതം പറഞ്ഞു. കോയട്ടി മാളിയേക്കൽ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ലക്ഷദ്വീപ് റിട്ട.സെക്രട്ടറി അഡ്മിനിസ്‌ട്രേഷൻ എ.ബാലകൃഷ്ണൻ, ഉസ്മാൻ ഒഞ്ചിയം ആശംകൾ നേർന്നു. പി.കെ.ജയചന്ദ്രൻ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *