കോഴിക്കോട്: ഇന്ധന വിലയിൽ 150% നികുതി ചുമത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടി പിൻവലിക്കണമെന്നും, ഇന്ധനവിലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നും, ടിപ്പർ ലോറി എർത്ത് മൂവിങ് എക്യുപ്‌മെന്റ് ഓണേഴ്‌സ് ആന്റ് ഓപ്പറേറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊറോണ പ്രതിസന്ധിയിൽ ലോണെടുത്ത വാഹനങ്ങൾക്ക് മൊറോട്ടോറിയം ഏർപ്പെടുത്തുക, ജിയോളജി ബില്ലുകൾ നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക, പിടിച്ചെടുത്ത വാഹനങ്ങൾ നശിപ്പിക്കാതെ നടപടികൾ പൂർത്തിയാക്കി ഉടമകൾക്ക് നൽകുക, തണ്ണീർതട സംരക്ഷണ നിയമപ്രകാരം സ്ഥല ഉടമകളുടെ പേരിലും നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് 28ന് കാലത്ത് 11 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തും. പ്രസിഡന്റ് കേളോത്ത് മമ്മു, സെക്രട്ടറി ബിജു മാത്തറ എന്നിവർ പങ്കെടുത്തു.