ചെന്നൈ: കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായരുടെ വിയോഗം മലയാള ചലച്ചിത്ര-സാഹിത്യ-ഗാന ശാഖയ്ക്ക് കനത്ത നഷ്ടമാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. സംവേദന ക്ഷമതയുള്ള ഗാനങ്ങളും കവിതകളുമാണ് അദ്ദേഹം രചിച്ചത്. 1990കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ചലച്ചിത്ര ഗാനരംഗത്ത് തിളക്കമാർന്ന വ്യക്തിത്വമായിരുന്ന ഘട്ടത്തിൽ ഏതാണ്ട് 150 സിനിമകൾക്കാണ് അദ്ദേഹം ഗാനങ്ങൾ രചിച്ചത്. അറുനൂറിലധികം സിനിമാ ഗാനങ്ങളും, ആയിരത്തിലധികം ഭക്തി ഗാനങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. ഹൃദയവീണ, പാമ്പാട്ടി, ഉർവ്വശി പൂജ, കസ്തൂരി ഗാന്ധി, ജന്മ പുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന് പറയാനുള്ളത് എന്നിവയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. തികഞ്ഞൊരു ശ്രീനാരായണ ഗുരുവിശ്വാസിയായ അദ്ദേഹം ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യരെ എല്ലാവരെയും തുല്യരായാണ് കണ്ടത്. ഗുരുദേവന്റെ ജീവിതം മുൻനിർത്തി രചിച്ച ഗുരുപൗർണമി എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി. അളകനന്ദ, ശതാഭിഷേകം, വികടവൃത്തം എന്നിവയായിരുന്നു പ്രധാന നാടകങ്ങൾ. 1985ൽ പുറത്തിറങ്ങിയ രംഗം എന്ന സിനിമയ്ക്കാണ് അദ്ദേഹം ആദ്യ ഗാനരചന നിർവ്വഹിച്ചത്. അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌ക്കാരങ്ങൾ നിരവധിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത് അക്ഷര സൂര്യനെയാണ്. ദീർഘകാലമായുള്ള ആത്മ ബന്ധമാണ് അദ്ദേഹവുമായുള്ളത്. ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.