കോഴിക്കോട്; ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖമാക്കി വികസിപ്പിക്കുമെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ചരക്കു നീക്കം ത്വരിതപ്പെടുത്തുന്നതിന് വലിയ കപ്പലുകൾക്ക് പ്രവേശിക്കാൻ വാർഫിന്റെ
ആഴം കൂട്ടും. ബേപ്പൂരിൽ ഒരു വാർഫാണ് ഉള്ളത്, മറ്റൊന്ന്കൂടി നിർമ്മിക്കും. ലക്ഷദ്വീപ് ഭരണകൂടത്തിനായി നൽകിയ സ്ഥലത്ത് അവർ വാർഫ് നിർമ്മിക്കുന്നില്ലെങ്കിൽ പുതിയതായി പണികഴിപ്പിക്കും. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെത്തുന്ന ചരക്ക് കോഴിക്കോടും, കണ്ണൂരും, കാസർക്കോടും ലോറി മാർഗ്ഗം കൊണ്ടുവരുമ്പോൾ യഥാക്രമം 25,000, 30,000, 40,000 രൂപ ചിലവ് വരുന്നുണ്ട്. ബേപ്പൂരിൽ നിന്ന് സാധനങ്ങൾ എത്തിക്കാനായാൽ ട്രാൻസ്‌പോർട്ട് ഇനത്തിൽ വലിയ കുറവുണ്ടാകും. ഇത് ഉൽപ്പന്നങ്ങളുടെ വിലക്കുറവിന് സഹായിക്കുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര കപ്പൽ സർവ്വീസിനോടൊപ്പം, ഇന്റർനാഷണൽ ചരക്ക് നീക്കം ആരംഭിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഒമാൻ, ഷാർജ ഫ്രീസോൺ എന്നിവിടങ്ങളിലെ കപ്പൽ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിന് കേന്ദ്ര സർക്കാരിന്റെ എമിഗ്രേഷൻ അനുമതി വേണം. അതിനായി ശ്രമിക്കുന്നുണ്ട്.
കോഴിക്കോട് ബീച്ചിനെ നവീകരിക്കാൻ ബൃഹത്തായ പദ്ധതി തയ്യാറാക്കി വരുന്നുണ്ട്. വിഴിഞ്ഞം തുറമുഖവും വികസനത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ 180 മ്യൂസിയങ്ങൾ മെച്ചപ്പെടുത്തും. കടന്നപ്പള്ളിയിലെ തെയ്യം മ്യൂസിയം, കണ്ണൂരിലെ കൈത്തറി മ്യൂസിയം എന്നിവ ഉടൻ പൂർത്തീകരിക്കും. എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം ആരംഭിക്കും. കുറ്റിച്ചിറ മിശ്കാൽ പള്ളി, തളിക്ഷേത്രം ബന്ധപ്പെടുത്തി ടൂറിസം കോറിഡോർ ആരംഭിക്കും. മിശ്ക്കാൽ പള്ളിയോട് ചേർന്ന് മ്യൂസിയവും, കുറ്റിച്ചിറയിലെ തറവാട് വീടുകളിലൊന്ന് ഏറ്റെടുത്ത് മ്യൂസിയമാക്കാനും പദ്ധതിയുണ്ട്. കോഴിക്കോടിന്റെ വികസനത്തിന് ഒന്നിച്ച് നിൽക്കാമെന്നദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു, ട്രഷറർ മുഹമ്മദ് സ്വാഗതവും പറഞ്ഞു.