കോഴിക്കോട്: കോവിഡും ലോക്ഡൗണും കാരണം ജോലിയും കൂലിയും നഷ്ടപ്പെട്ട അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കരുതെന്ന് കെ.മുരളീധരൻ എം.പി. കേരള അസംഘടിത തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യക്കിറ്റിന്റെയും പഠനോപകരണങ്ങളുടെയും ജില്ലാതല ഒന്നാംഘട്ട വിതരണോദ്ഘാടനംനിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും വലിയ പ്രയാസം നേരിട്ട വീട്ടുജോലിക്കാരടക്കമുള്ള തൊഴിലാളികളെ സംരക്ഷിക്കാനും അവർക്കായി പ്രഖ്യാപിച്ച നാമമാത്ര ആനുകൂല്യം പോലും നൽകാത്ത സംസ്ഥാന സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണ്. ലോക്ഡൗൺ എന്നു പറയുമ്പോൾ എല്ലാം അടച്ചിടുക എന്നാണർത്ഥം. അടച്ചിടുമ്പോൾ നമ്മുടെ വരുമാനം നിലയ്ക്കുകയാണ്. സമ്പന്നനാര് ദരിദ്രനാര് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികളെ സഹായിക്കാൻ സമൂഹം മുന്നോട്ടു വരണമെന്നദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് ജോയ്പ്രസാദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വാർഡ് കൗൺസിലർ ഡോ.അൽഫോൺസ മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ദേശീയ നിർവ്വാഹക സമിതിയംഗം അഡ്വ.ആർ.സച്ചിത്ത്, ഡി.സി.സി. ജന.സെക്രട്ടറിമാരായ പി.മമ്മത്‌കോയ, ഷാജിർ അറഫാത്ത്, യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽ തലക്കളത്തൂർ, യു.അബ്ദുറഹിമാൻ, വിപിൻ.ഇ.എം, സോനു.സി, പി.സുരേഷ് ബാബു, നിയാസ് ഉമ്മർ എന്നിവർ പ്രസംഗിച്ചു.