കോഴിക്കോട്: പ്രതിസന്ധികളെ കൂട്ടായ്മയിലൂടെ അതിജീവിക്കണമെന്ന് എം.കെ.രാഘവൻ.എം.പി പറഞ്ഞു. കോവിഡ്, സമൂഹത്തിന്റെ സമസ്ത മേഖലയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഉൽപാദന-തൊഴിൽ-വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ലോട്ടറി വിറ്റ് ഉപജീവനം കഴിക്കുന്നവരും കടുത്ത പ്രതിസന്ധിയിലാണ്. അവരെ സഹായിക്കാൻ ലോട്ടറി ഏജൻസി ഉടമകളും, മനുഷ്യ സ്‌നേഹികളും കാണിച്ച സൻമനോഭാവം മാതൃകാപരമാണ്. കേരള സംസ്ഥാന ലോട്ടറി വിൽപ്പനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഭക്ഷ്യകിറ്റ് വിതരണം ഹോട്ടൽ വൺഡേ പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലരും തങ്ങളുടെ ജീവിത പ്രയാസങ്ങൾ പുറത്ത് പറയുന്നില്ല. അത്തരക്കാരെ കണ്ടെത്തി സഹായമെത്തിക്കണമെന്നദ്ദേഹം പറഞ്ഞു. ജോയ്പ്രസാദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ പി.കെ.നാസർ, ഡോ.അൽഫോൺസ മാത്യു, അയ്യപ്പ ലോട്ടറി ഏജൻസി ഉടമ കെ.വി.രജീഷ്, പ്രതീക്ഷ നൗഷാദ്, സോനു.സി, സുജാത ഗംഗാധരൻ എന്നിവർ സംസാരിച്ചു ടി.ആർ.വിനയ ചന്ദ്രൻ സ്വാഗതവും, വിപിൻ.ഇ.എം നന്ദിയും പറഞ്ഞു.