കോവിഡ്കാല പ്രതിസന്ധി ജനങ്ങളെ ചേർത്തുനിർത്തി കൺസ്യൂമർഫെഡ്

കോഴിക്കോട്: കോവിഡ് കാല പ്രതിസന്ധിയിൽ സമൂഹത്തിനാകെ സേവനം പകർന്ന് കൺസ്യൂമർഫെഡ്. കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിച്ചതായി ചെയർമാൻ എം. മെഹബൂബ് പറഞ്ഞു. അതിർത്തി അടച്ച കാസർഗോഡടക്കമുള്ള ജില്ലകളിൽ, കാശ് കൈയ്യിലുണ്ടായിട്ടും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കഴിയാതിരുന്നവർക്ക് പ്രാഥമിക സഹകരണ ബാങ്കുകൾ മുഖേന എത്തിക്കാൻ സാധിച്ചു. 14 ചന്തകൾ ഇതിന്റെ ഭാഗമായി തുടങ്ങി. തിരുവനന്തപുരത്ത് നടപ്പിലാക്കിയ ഹോം ഡെലിവറി സിസ്റ്റത്തിലൂടെ 70 വയസ്സ് കഴിഞ്ഞവർ താമസിക്കുന്ന, മക്കളും മറ്റ് ബന്ധുക്കളും സ്ഥലത്തില്ലാത്ത വീടുകളിൽ അവർക്കാവശ്യമായ മരുന്നുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നൽകി. ഈ പ്രവർത്തനം വലിയ അംഗീകാരം നേടുകയും സംസ്ഥാന സർക്കാർ പ്രത്യേക അവാർഡ് നൽകുകയും ചെയ്തു. കോവിഡ് രണ്ടാം ഘട്ടത്തിൽ രോഗികൾക്കാവശ്യമായ മരുന്നുകൾ വീടുകളിലെത്തിക്കുക എന്നതാണ് മുഖ്യ കർത്തവ്യമായി കാണുന്നത്. വീടുകളിൽ മരുന്നുകൾ എത്തിക്കുന്നതിന് സർവ്വീസ് ചാർജ്ജ് ഈടാക്കുന്നില്ല. പൾസ് ഓക്‌സി മീറ്ററിന് മാർക്കറ്റിൽ 1500, 2000 രൂപയും ഈടാക്കുന്ന ഘട്ടത്തിൽ കൺസ്യൂമർഫെഡ് 550 രൂപയ്ക്ക് നൽകി മാർക്കറ്റിലിടപെട്ടതിനാലാണ് പൾസ് ഓക്‌സീമീറ്ററിന്റെ വില കുറയാൻ ഇടയായതെന്നദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകൾക്കാവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികൾ കൺസ്യൂമർഫെഡാണ് നൽകുന്നത്. അതിൽ കക്ഷിരാഷ്ട്രീയമില്ല. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷംരൂപയുടെ പർച്ചേസാണ് നടത്തിയത്. പലവ്യജ്ഞനം, മരുന്ന്, പഠനോപകരണങ്ങൾ എന്നിവയെല്ലാം പ്രാഥമിക സഹകരണ സംഘങ്ങളും കുടുംബശ്രീയും മുഖേനയാണ് പൊതുജനങ്ങൾക്ക് എത്തിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കും സഹകരണ സംഘങ്ങൾക്കും ന്യായമായ വരുമാനം ഇതിലൂടെ ലഭ്യമാവും.
പൊതുമാർക്കറ്റിലുള്ള മികച്ച സ്‌കൂൾ നോട്ട് ബുക്കുകളോട് കിടപിടിക്കുന്നതാണ് കൺസ്യൂമർഫെഡിന്റെ ത്രിവേണി നോട്ട് ബുക്കുകൾ. സ്‌കൂൾ പഠന സാമഗ്രികൾ അടങ്ങിയ കിറ്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്ന പദ്ധതി മലപ്പുറത്ത് ഉദ്ഘാടനം ചെയ്യും. പ്രൈമറി സംഘങ്ങൾ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ‘മുറ്റത്തെ മുല്ല’ എന്ന പ്രോഗ്രാമിലൂടെയും കൺസ്യൂമർഫെഡ് ഉൽപ്പന്നങ്ങൾ ജനങ്ങൾക്കെത്തിക്കുന്നുണ്ട്. ഈ വർഷം സ്‌കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ കോട്ടയത്ത് നിർവ്വഹിച്ചു.വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വീടുകളിലെത്തിക്കുന്ന പദ്ധതിയാണിത്. 60 ലക്ഷം പേർക്ക് പെൻഷൻ തുക കൃത്യമായി വീടുകളിലെത്തിക്കുന്നത് സഹകരണ മേഖലയാണെന്നത് അഭിമാനകരമായ നേട്ടമാണ്. ജനങ്ങൾക്ക് കൈതാങ്ങായി സഹകരണ മേഖല തുടരുകയാണ്. കുടുംബശ്രീകൂടി കൈകോർക്കുമ്പോൾ ഈ പദ്ധതിയിലൂടെ മിതമായ വിലയിലൂടെ മികച്ച ഉൽപ്പന്നങ്ങളും സേവനവും ലഭിക്കുമെന്നും പദ്ധതി വൻ വിജയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *