കോഴിക്കോട്: സംസ്ഥാന ബജറ്റിൽ ബസ് വ്യവസായത്തെ പരിഗണിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി ബസ് ഓപ്പറേറ്റേഴ്‌സ് അസോസ്സിയേഷൻ. കോവിഡിന്റെ ആരംഭം മുതൽ ബസ് വ്യവസായത്തെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരും ഉടമകളും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ മേഖല നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ്. സർക്കാർ അടിയന്തിരമായി പ്രത്യേക പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.ടി.വാസുദേവൻ ആവശ്യപ്പെട്ടു. ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ പലിശ രഹിത വായ്പ, കോവിഡ് കാലത്ത് ടാക്‌സിളവ് എന്നിവയും അടിയന്തിരമായി അനുവദിക്കണം. 1990കളിൽ സംസ്ഥാനത്ത് 30,000ത്തോളം ബസ്സുകളുണ്ടായിരുന്നത് ഇന്ന് 13,000ൽ താഴെയായിട്ടുണ്ട്. ഈ മേഖലയിൽ പിടിച്ചു നിൽക്കാനാവാത്തതിനാലാണ് പലരും രംഗം വിടുന്നത്. സാധാരണക്കാരും വിദ്യാർത്ഥികളും ജീവനക്കാരും ആശ്രയിക്കുന്ന ഈ ഗതാഗത സംവിധാനത്തിന്റെ നിലനിൽപ് സർക്കാർ ഉറപ്പു വരുത്തേണ്ടതുണ്ട്. കഴിഞ്ഞ 5 വർഷം കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് 5,000 കോടിയുടെ സഹായമാണ് സർക്കാർ നൽകിയത്. സമാന സേവനം നടത്തുന്ന പ്രൈവറ്റ് ബസ് വ്യവസായത്തെയും സർക്കാർ അർഹമായ രീതിയിൽ പരിഗണിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. പ്രതിദിനം 80 ലിറ്റർ ഡീസലടിക്കുന്ന ഒരു ബസിൽ നിന്നും ലഭിക്കുന്ന ടാക്‌സ്, സ്‌പെയർ പാർട്‌സ്, ടയർ, ടയർ റീസോളിങ് എന്നിവയിലൂടെയെല്ലാം സർക്കാരിന് വലിയ വരുമാനം ഉണ്ടാകുന്ന ഒന്നാണ് പ്രൈവറ്റ് ബസ് വ്യവസായം. പ്രശ്‌ന പരിഹാരത്തിനായി വകുപ്പു മന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.