കോഴിക്കോട്: യു.എൻ.ഒ.യും യുനസ്‌കോയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മഹാത്മാഗാന്ധിയും, അദ്ദേഹത്തിന്റെ അനുയായിയായ കേളപ്പജിയും ഈ ദിശയിൽ സമൂഹത്തിലിടപെട്ടിരുന്നു എന്നതിന് തെളിവാണ് അവരുടെ എഴുത്തുംപ്രവർത്തനങ്ങളുമെന്ന് പ്രമുഖ ചരിത്രകാരനായ ഡോ.കെ.ഗോപാലൻകുട്ടി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെസ്റ്റ് നടക്കാവിലെ കേളപ്പജി പാർക്കിലെ വൃക്ഷതൈ നടലും ശുചീകരണ പ്രവർത്തനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി എന്നത് ആഗോള പ്രശ്‌നമാണ്. പരിസ്ഥിതി പരിപാലിക്കുക എന്നത് എല്ലാ മനുഷ്യരുടേയും കടമയാണ്. വൃക്ഷങ്ങളാണ് മൺസൂണിന് സഹായകരമാകുന്നത്. മരംനടുക, പരിപാലിച്ച് വളർത്തുക എന്നത് സമൂഹം ഏറ്റെടുക്കണം. പ്രകൃതി മനുഷ്യന് ആവശ്യമുള്ളതെല്ലാം നൽകുന്നുണ്ട്. എന്നാൽ മനുഷ്യന്റെ അത്യാർത്തി പ്രോത്സാഹിപ്പിക്കുന്നില്ല. പ്രകൃതിക്കിണങ്ങിയ ചെറുകിട വ്യവസായങ്ങൾ നമുക്കാവശ്യമാണ്. എന്നാൽ പ്രകൃതി വിരുദ്ധമായ വ്യവസായം പ്രോത്സാഹിപ്പിക്കപ്പെടരുതെന്നദ്ദേഹം പറഞ്ഞു. കേളപ്പജിയുടെ നാമധേയത്തിലുള്ള പാർക്കിൽ ലോക പരിസ്ഥിതി ദിനത്തിൽ മഹത്തായ ഇത്തരം പ്രവർത്തി സംഘടിപ്പിച്ച സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു. കോർപ്പറേഷൻ കൗൺസിലർ ഡോ.അൽഫോൺസ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷ്വോ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രശാന്ത്, ജോയ്പ്രസാദ് പുളിക്കൽ, മുഹമ്മദ് റഫീഖ്, യു.അബ്ദുറഹിമാൻ, ടി.രമണി, വിപിൻ.ഇ.പി, സോനു.സി, നിയാസ് ഉമ്മർ, സരിത ജയപ്രകാശ്, ബിന്ദു ചോമോത്ത് എന്നിവർ നേതൃത്വം നൽകി.