കോഴിക്കോട്: വന്യ ജീവികളായ കാട്ടാന, കാട്ടുപന്നി, കുരങ്ങൻമാർ, പുലി എന്നിവയിൽ നിന്നും കർഷകർക്കുണ്ടാക്കുന്ന ഭീഷണികളെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവുന്നുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രശ്‌ന പരിഹാരം കാണാൻ ശ്രമിക്കും. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റുമായി ജനങ്ങൾക്ക് കൂടുതൽ ബന്ധപ്പെടുന്നതിന് മലയോര മേഖലകളിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കും. സംസ്ഥാനത്തെ വനവിസ്തൃതി കുറയാതെ സംരക്ഷിക്കും. നിലവിൽ 29% വന വിസ്തൃതിയാണുള്ളത്. ഇത് 32% വരെയാവണമെന്നാണ് മാനദണ്ഡം. വനവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാവനം, നഗരവനം എന്നീ പദ്ധതികൾ ആരംഭിക്കും. കോഴിക്കോട് മേയറുമായി സംസാരിച്ചിട്ടുണ്ട്. ആദ്യ പ്രൊജക്ട് കോഴിക്കോട് നഗരത്തിൽ ഒരുക്കാൻ ശ്രമിക്കും. വന്യ മൃഗങ്ങളുടെ അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും, ചികിത്സയിലുള്ളവർക്കും നഷ്ടപരിഹാരം ഉറപ്പാക്കും. കുരങ്ങുകളുടെ ആക്രമണം മൂലം നാളികേരം നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ധനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഭൂരേഖയില്ലാത്തവരുടെ വിഷയം പരിശോധിച്ച് റവന്യൂ വകുപ്പുമായി ചേർന്ന് ജോയന്റ് വെരിഫിക്കേഷൻ നടത്തും. വനത്തിൽ നടക്കുന്ന അനധികൃത നിർമ്മാണം ശക്തമായി തടയുമെന്നും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.