കോവിഡ് പ്രതിരോധം സമഗ്ര പദ്ധതിയുമായി ഭാരതീയ ചികിത്സാ വകുപ്പ്

കോവിഡ് പ്രതിരോധം സമഗ്ര പദ്ധതിയുമായി ഭാരതീയ ചികിത്സാ വകുപ്പ്

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും, ജില്ലാ ആയൂർവേദ കോവിഡ് റസ്‌പോൺസ് സെല്ലിന്റെയും നേതൃത്വത്തിൽ വിപുലമായ കർമ്മ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എം. മൻസൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ-സ്വകാര്യ മേഖലയിലെ ഡോക്ടർമാരും ഇതിൽ പങ്കാളികളാണ്. ജില്ലയിൽ 92 ആയൂർ രക്ഷാ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമല്ലാത്ത രോഗാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കുള്ള ചികിത്സാ പദ്ധതിയായ ‘ഭേഷജം’, കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ‘പുനർജ്ജനി’ പദ്ധതികൾ ജനങ്ങളിലെത്തിക്കും. ജില്ലാ ആയൂർവേദ ആശുപത്രി ഉൾപ്പെടുന്ന 8 ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ആയുർ രക്ഷാ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. വയോജനങ്ങൾക്ക് പ്രയോജനം നൽകുന്ന ‘സുഖായുഷ്യം’ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പുനർജ്ജനിയിലൂടെ ജില്ലയിൽ 30,000 പോർക്ക് ഔഷധ വിതരണം നടത്തിയിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് പദ്ധതികളുടെ നടത്തിപ്പിനായി ഒരു കോടിയോളം രൂപയുടെ ഔഷധങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഔഷധ ലഭ്യതയ്ക്കായി ഈ വർഷം പത്ത് ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ‘അമൃതം’ പദ്ധതിയിലൂടെ സന്നദ്ധ പ്രവർത്തകർ മുഖേന പ്രതിരോധ ഔഷധങ്ങൾ എത്തിക്കുന്നുണ്ട്. ഗുരുതര രോഗലക്ഷണങ്ങളില്ലാത്തവർക്ക് ഭേഷജത്തിലൂടെ 15000 പേർക്കും ഔഷധ വിതരണം നടത്തി.
മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ടെലി കൗൺസിലിംഗ് പദ്ധതിയായ ‘കൂടെ’ എന്ന പ്രോഗ്രാമും നടക്കുന്നു. ജില്ലയിലെ ഏക ആയൂർവേദ കോളേജായ കെ.എം.സി.ടിയിലും ആയൂർ രക്ഷാക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ആയൂർവ്വേദ ആശുപത്രിയിൽ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പ്രത്യേക വാർഡ് സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തിൽ ഡോ.പ്രവീൺ, ഡോ.വിമൽ കുമാർ,ഡോ.മനോജ് കാളൂർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *