മഴക്കാലപൂർവ്വ ശുചീകരണത്തിന് ഇന്നാരംഭം

 

കോഴിക്കോട്: മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മുൻവർഷങ്ങളിൽ കോർപ്പറേഷനിൽ നടപ്പാക്കിയ സമ്പൂർണ്ണ ആരോഗ്യ ജാഗ്രത കാമ്പയിന്റെ തുടർച്ചയായി പകർച്ചവ്യാധി വ്യാപനവും, പനിമരണങ്ങളും ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചിരുന്നു. കേരള സർക്കാർ നിർദ്ദേശപ്രകാരം കോഴിക്കോട് ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം ക്യാമ്പയിനായി ജൂൺ 4,5,6 എന്നീ തിയതികളിൽ കരുതൽ-ജനകീയ ശുചീകരണ പരിപാടി എന്ന പേരിൽ പ്രത്യേക ശുചീകരണ ക്യാമ്പയിനും നടത്തും. ഇതിന്റെ ഭാഗമായി മാലിന്യ സംസ്‌ക്കരണം, ശുചീകരണ പ്രവർത്തനങ്ങൾ, കൊതുകു നിവാരണ പ്രവർത്തനങ്ങൾ എന്നിവ ഗാർഹിക തലം, സ്ഥാപനതലം, പൊതുതലം എന്നിങ്ങനെയുള്ള മൂന്ന് പ്രവർത്തന മേഖലയായി തരംതിരിച്ചുകൊണ്ട് വാർഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണവും മതിയായ ഏകോപനവും ഉറപ്പാക്കിയാണ് നടപ്പിലാക്കുന്നതെന്ന് മേയർ ഡോ.ബീന ഫിലിപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് നഗരസഭാ ഓഫീസും, പരിസരവും 11 ക്ലസ്റ്ററുകളായി തിരിച്ച് ജീവനക്കാരും കൗൺസിലർമാരും ശുചീകരണതൊഴിലാളികളും ചേർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ശുചീകരിക്കും. മുഴുവൻ വാർഡുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ 50-100 വീടുകൾക്ക് ഒരു ക്ലസ്റ്റർ എന്ന തരത്തിൽ തിരിച്ച് കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകർ, റസിഡൻസ് അസ്സോസിയേഷനുകൾ, വിവധ സന്നദ്ധ സംഘടനകൾ, ആർ.ആർ.ടി മെമ്പർമാർ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ അണിനിരക്കും.
ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മെയ് 5ന് കോർപ്പറേഷൻതല ഉദ്ഘാടനം മേയർ മാനാഞ്ചിറ സ്‌ക്വയറിൽ വൃക്ഷത്തൈ നട്ടു നിർവ്വഹിക്കും. 6-ാം തിയതി മുഴുവൻ വീടുകളിലും കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കി ശുചീകരണം നടത്തി ഡ്രൈഡേ ആചരിക്കും. എലിപ്പനി തടയുന്നതിന് വേശി ഡോക്‌സി സൈക്ലിൻ ഗുളികകൾ കോർപ്പറേഷൻ ക്ലിനിക്കുകളിലും ഹെൽത്ത് സർക്കിളുകളിലും ലഭ്യമാക്കിയിട്ടുണ്ട്. പത്ര സമ്മേളനത്തിൽ കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനിയും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *