ലോക പരിസ്ഥിതി ദിനാചരണം നടത്തും

ലോക പരിസ്ഥിതി ദിനാചരണം നടത്തും

കോഴിക്കോട്: കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയത്തിന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലോക പരിസ്ഥിതി വാരാഘോഷം ജൂൺ 4 മുതൽ 10 വരെ നടക്കും. ചെലവൂർ ഊരാളങ്ങര പെരളാങ്കാവ് ക്ഷേത്ര പരിപാലന സമിതിയും സംസ്ഥാന വനം വന്യ ജീവി വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, എൻ.ജി.സി.വിദ്യാലയ എക്കോ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് ഒരാഴ്ച നീളുന്ന കർമ്മ പദ്ധതികൾ നടപ്പാക്കുന്നത്.
4ന് രാവിലെ 8 മണിക്ക് ഗവ.മെഡിക്കൽ കോളേജ് ഫാർമക്കോളജി അസിസ്റ്റന്റ് പ്രൊ.ഡോ.ഗോപകുമാർ തെഞ്ചേരി ഇല്ലം സൂക്ഷ്മ വനത്തിൽ ഇലഞ്ഞി മരതൈ നട്ട് ഉദ്ഘാടനം ചെയ്യും. കാവുകൾക്ക് അനുയോജ്യമായ ഇലഞ്ഞി, അത്തി, ഞാവൽ, മന്ദാരം, അമ്പഴം, മാതളം, പൂരശ്, പ്ലാവ്, സീതപ്പഴം, നെല്ലി, താന്നി, ഉങ്ങ്, ചെറുനാരകം, ചിറ്റമൃത് എന്നിവയാണ് നടുക.
5ന് രാവിലെ പൊതുസ്ഥലത്ത് സുന്ദർലാൽ ബഹുഗുണ, സുഗതകുമാരി ടീച്ചർ, അകാലത്തിൽ പൊലിഞ്ഞ ദർശനം സാഹിത്യവേദി കൺവീനറും മാതൃഭൂമി ഗൃഹലക്ഷ്മി വേദി സംസ്ഥാന സമിതി അംഗവുമായിരുന്ന ശ്രീജ പത്മജൻ, വ്യാപാര പ്രമുഖനായിരുന്ന സി.പി.അബൂബക്കർ ഹാജി, ഗവ.ആർട് ആൻഡ് സയൻസ് കോളേജ് ഫിസിക്‌സ് വിഭാഗം തലവനും ദർശനം ശാസ്ത്ര വേദി കൺവീനറുമായിരുന്ന ഡോ.പി.ടി.തോമസ് എന്നിവരുടെ ഓർമ്മക്ക് 5 സ്മൃതി വൃക്ഷങ്ങൾ നടും. ഗ്രന്ഥശാല പ്രവർത്തകരുടെ വീടുകളിൽ വൃക്ഷങ്ങൾ വെച്ച് സംരക്ഷിക്കണമെന്ന സംസ്ഥാന ലൈബ്രൈറി കൗൺസിലിന്റെ തീരുമാനം നടപ്പാക്കുന്നതിനുള്ള വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ദർശനം മുറ്റത്ത് മുള തൈ നട്ട് കൗൺസിലർ എം.പി.ഹമീദ് നിർവ്വഹിക്കും. ദർശനം ജോയിന്റ് സെക്രട്ടറി കെ.സതീശൻ, പി.ടി.സന്തോഷ് കുമാർ, പി.ബാബുദാസ്, സി.എച്ച്.സജീവ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *