പാലോളി ശുപാർശകൾ നടപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്തണം – എസ്ഡിപിഐ

കോഴിക്കോട്: പാലോളി കമ്മീഷൻ ശുപാർശകൾ പൂർണമായി നടപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിച്ച് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് പത്ത് വർഷമായി സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്ന സ്‌കോളർഷിപ്പ് പദ്ധതികൾ പോലും കേരള ഹൈക്കോടതിയുടെ വിധി മൂലം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മുസ്ലിംകളെ മാത്രമല്ല, ദലിത് ക്രൈസ്തവരെയും പരിവർത്തിത ക്രൈസ്തവരെയും ഈ വിധി പ്രതികൂലമായി ബാധിക്കും. സാമൂഹിക നീതി സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ പാലോളി കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ ചിലത് മാത്രം നടപ്പാക്കിയ ആദ്യഘട്ടത്തിൽ തന്നെ അതിന്റെ താൽപര്യങ്ങളിൽ വെള്ളം ചേർത്തു.
ന്യൂനപക്ഷാനുകൂല്യങ്ങൾ മുഴുവനും മുസ്ലിംകൾ തട്ടിയെടുക്കുന്നു എന്ന കള്ള പ്രചാരണത്തിന് എൽഡിഎഫും യുഡിഎഫും വളംവെച്ചുകൊടുത്തു.
ദളിത് ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയെ കുറിച്ചും ഓരോ വിഭാഗത്തിനും കഴിഞ്ഞ 25 വർഷം സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും സർക്കാർ ധവളപത്രം ഇറക്കണം. ഒരേതരം സ്‌കോളർഷിപ്പുകളിൽതന്നെ പിന്നാക്ക വിഭാഗങ്ങൾക്കുള്ളതിനേക്കാൾ വലിയ തുകയാണ് മുന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നൽകി വരുന്നത്. ഇത്തരം വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *