കോഴിക്കോട്: ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ നടപ്പാക്കുന്നത് കോർപ്പറേറ്റുകളുടെ അജണ്ടയാണെന്നും ലക്ഷദ്വീപിനെക്കുറിച്ചും, ദ്വീപു നിവാസികളെക്കുറിച്ചും തെറ്റിദ്ധാരണ സൃഷ്ടിച്ച കലക്ടർ മാപ്പ് പറയാൻ തയ്യാറാകണമെന്നും ജെ.ഡി.യു ലക്ഷദ്വീപ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാദിഖ് പറഞ്ഞു.. ഇപ്പോൾ ലക്ഷദ്വീപിൽ നടക്കുന്നത് ദ്വീപു നിവാസികളെ കുടിയൊഴിപ്പിക്കുന്ന ഗൂഢതന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ച് നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. കോവിഡിന്റെ മറവിൽ പാവങ്ങളായ ദ്വീപുനിവാസികളുടെ ഉപജീവന മാർഗ്ഗങ്ങൾവരെ തച്ചു തകർക്കുകയായിരുന്നു. ദ്വീപു നിവാസികളായ യുവാക്കൾ നൽകുന്ന പ്രൊജക്ടുകൾക്ക് അംഗീകാരം കൊടുക്കുന്നില്ല. ദ്വീപു നിവാസികൾക്ക് ജോലിയിലുള്ള റിസർവേഷൻ ഇല്ലാതാക്കുകയാണ്. ദ്വീപിൽ നടക്കുന്ന കിരാത നിയമങ്ങൾക്കെതിരെ സർവ്വകക്ഷി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.