കോഴിക്കോട്: മഴക്കാലത്ത് മാവൂർ റോഡിലടക്കമുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് സമഗ്ര നടപടികൾ കൈക്കൊള്ളുമെന്ന് മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ ചെയ്ത നടപടികൾ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി.രമേശ് വിശദീകരിച്ചു. പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കുന്നതിന് വാർഡ് കൗൺസിലറും വില്ലേജ് ഓഫീസറും കോർപ്പറേഷൻ ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ കലക്ടർ വി.സാംബശിവറാവു നിർദ്ദേശിച്ചു. വിവിധ ഡിപ്പാർട്ട്‌മെന്റുകൾ സംയുക്തമായി ഇടപെടാനും തീരുമാനിച്ചു. നിയുക്ത എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻമാർ, കോർപ്പറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയർ, ഹെൽത്ത് ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, നാഷണൽ ഹൈവേ, വാട്ടർ അതോറിറ്റി, ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.