കോഴിക്കോട്: താമരശ്ശേരി കൂടത്തായിലെ ഹിൽവ്യൂ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ലോകത്തിലെ ഏറ്റവും വലിയ മാർക്കർ പേന നിർമ്മിച്ച് ഗിന്നസ്ബുക്കിൽ ഇടം നേടി.
കഴിഞ്ഞ ഒരു വർഷമായി കോവിഡ് 19 കാരണം താൽക്കാലികമായി സംതംഭിച്ചുപോയ സ്‌കൂൾ വിദ്യാഭ്യാസം പുനസ്ഥാപിക്കണമെന്ന സന്ദേശവുമുയർത്തിയാണ് കുട്ടികൾ പേന നിർമ്മിച്ചത്.
3 മീറ്റർ നീളവും 75 കിലോ തൂക്കവുമുള്ള പേന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം നോടാനൊരുങ്ങുകയാണ്. പി.വി.സി, ജി.ഐ പൈപ്പ്, മരം, സ്‌പോഞ്ച് തുടങ്ങിയവ ഉപയോഗിച്ചാണ് പേന നിർമ്മിച്ചത്.
റിംന, ആയിഷ റൗഷിൻ, ഫാത്തിമ മെഹ്ന തുടങ്ങിയ പതിമൂന്നോളം വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുകയാണ് വലിയ പേന നിർമ്മിച്ചതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും കുട്ടികൾ പറഞ്ഞു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയുടെ കവാടമായ താമരശ്ശേരി കൂടത്തായിയിൽ 2013ലാണ് എഡ്യൂ പാർക്കിന് തുടക്കം കുറിച്ചത്. സി.ബി.എസ്.ഇ സ്‌കൂൾ, എൻട്രൻസ് കോച്ചിംഗ് സെന്റർ, ഹയർ സെക്കന്ററി സ്‌കൂൾ, ഫുട്‌ബോൾ അക്കാദമി തുടങ്ങിയവ ഉൾക്കൊള്ളുന്നു. ലണ്ടൻ ആസ്ഥാനമായുള്ള എം.എം.ഐ മോണ്ടിസോറി കോഴ്‌സിന്റെ അംഗീകാരമുള്ള കേരളത്തിലെ രണ്ട് സ്ഥാപനങ്ങളിലൊന്നാണ് എഡ്യൂപാർക്ക്. ഭാവിയിൽ കുട്ടികൾ ഹെലികോപ്റ്റർ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി പ്രിൻസിപ്പൽ സൂസൻ മാത്യു, അഡ്മിനിസ്‌ട്രേറ്റർ എൽസി മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.