കോഴിക്കോട്: വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനനുമായ എൻ.കെ.എം ഷെരീഫ്(കൊച്ചി) രചിച്ച ലേഖനസമാഹാര ഗ്രന്ഥം ‘ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകൾ’ പ്രൊ.ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തിലുള്ള പ്രഥമ പുരസ്‌കാരത്തിനർഹമായി. 10001 രൂപയും കീർത്തി പത്രവും പൊന്നാടയും ആദര ഫലകവുമടങ്ങുന്നതാണ് ഐ.സി.ആന്റ് ലിറ്ററസി ഫൗണ്ടേഷന്റെ വാർഷിക പുരസ്‌കാരം. രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലഭിച്ച മുവായിരത്തോളം എൻട്രികളിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മുതിർന്ന പത്ര പ്രവർത്തകൻ സീതി കെ വയലാർ, കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ ജയരാജ് പയസ്, ആകാശവാണി കോഴിക്കോട് വാർത്താ വിഭാഗം സീനിയർ ഹഖീം കൂട്ടായി എന്നിവരടങ്ങിയതായിരുന്നു ജൂറി പാനൽ. കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. കെ.ജി.ഉണ്ണികൃഷ്ണൻ, ജന.സെക്രട്ടറി സി.എ.ഹബീബ്, സി.നിർമ്മല എന്നിവരാണ് അവാർഡ് പ്രഖ്യാപനം നിർവ്വഹിച്ചത്.
മൗലാനാ ആസാദ് പ്രവാസി വിദ്യാഭ്യാസ വിചക്ഷണ അവാർഡ് ഡോ.ഷാമില അഹമ്മദ്(ഖത്തർ), പത്രപ്രവർത്തന സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഹെർമ്മൻ ഗുണ്ടർട്ട് പുരസ്‌കാരം ഷംസുദ്ദീൻ വാത്യാടത്ത്, ജു.പി.എസ്. നായരുടെ സ്മര്യ നാമത്തിലുള്ള ശ്രവ്യ മാധ്യമ പുരസ്‌കാരം ആകാശവാണി മഞ്ചേരി നിലയം മുൻ പ്രോഗ്രാം മേധാവിയും എഴുത്തുകാരനുമായ ഡി.പ്രദീപ് കുമാർ എന്നിവർക്കും സമ്മനിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ മേയിൽ മലപ്പുറത്ത് പുരസ്‌കാര സമർപ്പണം നടത്തും.