കോഴിക്കോട്: കെപിസിസിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആയിരം വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും അതിൽ 367 വീടുകൾ മാത്രം പൂർത്തിയാക്കുകയും ചെയ്തതിനെ സംബന്ധിച്ച് എം.എം.ഹസ്സൻ മറുപടി പറയണമെന്ന് പി.സി.ചാക്കോ ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന്റെ അമ്പത് ശതമാനം പോലും പൂർത്തീകരിച്ചിട്ടില്ല. ഇതിന്റെ സാമ്പത്തിക സ്രോതസ്സുകളും കെ.പി.സി.സി നേതൃത്വം വ്യക്തമാക്കണം. സംസ്ഥാനത്ത് ഇടതു തുടർ ഭരണം ഉണ്ടാകും. രാജ്യത്ത് ബി.ജെ.പിയെ ചെറുക്കുന്നതിൽ രാ3ഹുൽ ഗാന്ധിയും, കോൺഗ്രസ്സും പരാജയപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറാവുന്നില്ല. 67 പേർ മരണപ്പെട്ട കർഷക പ്രക്ഷോഭം ഏറ്റെടുക്കുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെട്ടു.
സംസ്ഥാന കോൺഗ്രസ്സിൽ ഗ്രൂപ്പിസം ശക്തമാണ്. മുൻകാലങ്ങളിൽ കരുണാകരൻ, ആന്റണി ഗ്രൂപ്പുകളുണ്ടായിരുന്നെങ്കിലും ചർച്ച ചെയ്ത് തീരുമാനമുണ്ടാകുന്ന രീതിയാണുണ്ടായിരുന്നത്. ഇന്ന് 90 സീറ്റിലാണ് മത്സരിക്കുന്നതെങ്കിൽ 50,40 കണക്കിൽ ഗ്രൂപ്പുകൾ സീറ്റ് വീതം വെയ്ക്കുകയാണ്. എൻസിപിയുടെ ദേശീയദ്ധ്യക്ഷൻ ശരത് പവാർ 29ന് കേരളത്തിലെത്തും. എലത്തൂർ, കോട്ടക്കൽ, കുട്ടനാട്, എറണാകുളം എന്നിവിടങ്ങളിൽ പര്യടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.