കോഴിക്കോട്: പേരാമ്പ്ര അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി മത്സരിക്കണമെന്നും, അല്ലാത്ത പക്ഷം സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ്സ് കൂട്ടായ്മ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് നേതൃത്വം മണ്ഡലത്തിലെ കോൺഗ്രസ്സുകാരുടെ വികാരം അവഗണിക്കുകയാണ്. നിലവിലുള്ള നിയോജക മണ്ഡലം കമ്മിറ്റിയുടെ പിടിപ്പുകേട് കൊണ്ടാണ് പാർട്ടി ഇവിടെ പരാജയപ്പെടുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ പേരാമ്പ്ര മണ്ഡലത്തിൽ 15,000 വോട്ട് ഭൂരുപക്ഷം നേടിയപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിലവിലുണ്ടായിരുന്ന രണ്ട് പഞ്ചായത്ത് ഭരണം കൂടി പാർട്ടിക്ക് നഷ്ടമായി. മണ്ഡലം നേതൃത്വത്തിന്റെ വോട്ട് കച്ചവടമാണ് പാർട്ടിയെ തകർക്കുന്നത്. 40 വർഷം മുമ്പ് കെ.ജി.അടിയോടിക്ക് ശേഷം ശക്തനായ ഒരു കോൺഗ്രസ്സ് നേതാവ് പേരാമ്പ്രയിൽ മത്സരിച്ചിട്ടില്ല. ഇക്കുറി ശക്തനായ കോൺഗ്രസ്സ് നേതാവ് മത്സരിക്കുമെന്നും, 17ന് നടക്കുന്ന മണ്ഡലം കൺവെൻഷനിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും പി.പി.രാമകൃഷ്ണൻ പറഞ്ഞു. വാസു വേങ്ങേരി, പ്രദീഷ് നടുക്കണ്ടി, ബാബു തത്തക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.