കോഴിക്കോട്: പീഢിപ്പിക്കപ്പെട്ട് കൊല്ലപ്പെടുകയും ചെയ്ത തന്റെ മക്കൾക്ക് നീതിക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് വാളയാറിലെ പെൺകുട്ടികളുടെ മാതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി, പാലക്കാട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി ഉൾപ്പെടെ എല്ലാവരെയും കണ്ട് നീതിക്കായി കേണെങ്കിലും യഥാർത്ഥ പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. സിബിഐ അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണ്. തുടരന്വേഷണമല്ല പുനരന്വേഷണമാണ് സിബിഐ നടത്തേണ്ടത്. ഇതിനായാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസന്വേഷണം അട്ടിമറിച്ച പോലീസുദ്യോഗസ്ഥർ ഇന്നും സർവ്വീസിൽ തുടരുകയാണ്. മക്കളുടെ വിയോഗം മരണം വരെ കണ്ണീരോടെ ജീവിക്കേണ്ട അവസ്ഥയാണ്. കേസ് സ്വയം ഏറ്റെടുത്താൽ രക്ഷിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി കുട്ടികളുടെ അച്ഛൻ പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 42 പോക്‌സോ കേസുകളാണ് വാളയാറിലുണ്ടായത്. ഇതിൽ വിധി വന്ന 12 കേസുകളിലും പ്രതികൾ രക്ഷപ്പെടുകയാണുണ്ടായത്. മാർച്ച് 9ന് കാസർക്കോട് നിന്നാരംഭിച്ച നീതിയാത്ര ഏപ്രിൽ 4ന് തിരുവനന്തപുരത്ത് സമാപിക്കും. വാളയാർ സമര സമിതി രക്ഷാധികാരി സി.ആർ നീലകണ്ഠൻ, സെലീന എന്നിവരും പങ്കെടുത്തു.