കോഴിക്കോട്: കോവിഡ് ടെസ്റ്റിന്റെ പേരിലും, ക്ഷേമ പദ്ധതികൾ നൽകാതെയും പ്രവാസികളെ ദ്രോഹിക്കുന്ന സർക്കാരിന്റെ നടപടി തിരുത്തണമെന്ന് പ്രവാസി സംഘടനകളുടെ കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 72 മണിക്കൂറിനുള്ളിലുള്ള രണ്ടാമത്തെ പിസിആർ ടെസ്റ്റ് ഒഴിവാക്കുക, കോവിഡ് മൂലം വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുക, പ്രവാസി ക്ഷേമനിധിയിലെ വർദ്ധിപ്പിച്ച അംശാദായം പിൻവലിക്കുക, പെൻഷൻ 500 രൂപയാക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അറേബ്യൻ പ്രവാസി കൗൺസിൽ കൺവീനർ അബ്ബാസ് കൊടുവള്ളി, ലോക മലയാളി സംഗമം ദേശീയ അദ്ധ്യക്ഷൻ ഹാഷിം മുണ്ടോടൻ, ഇൻകാസ് ദുബായ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ കണ്ണോത്ത് എന്നിവർ സംബന്ധിച്ചു.