കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യമെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഫീസിന്റെ പേരിൽ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണെന്ന് പാരെന്റ്‌സ് കോർഡിനേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡൻസ് (PCOMS). കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ രക്ഷിതാക്കളുടെ ഐക്യവേദിയാണ് സംഘടന. കോൺസിറ്റിയൂഷണൽ അതോറിറ്റി ആയ A&FRC യുടെ ഫീസ് നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന കോളേജുകൾക്ക് മാത്രം അഫിലിയേഷനും അംഗീകാരവും നൽകാനും മറ്റു കോളേജുകളുടെ അംഗീകാരം റദ്ദ് ചെയ്യാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം. സാധാരണക്കാരായ വിദ്യാർത്ഥികളെ ബാധിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജ് ട്യൂഷൻ ഫീ, ബാങ്ക് ഗ്യാരന്റി പോലുള്ള വിഷയങ്ങളിൽ സർക്കാർ ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും സർക്കാർ അഭിഭാഷകർക്ക് പുറമേ പ്രഗൽഭൻമാരായ സീനിയർ അഭിഭാഷകരെ കൂടി നിയമിക്കണം. സുപ്രീം കോടതിയിൽ നടന്നു കൊണ്ടിരിക്കുന്ന ബാങ്ക് ഗ്യാരന്റി കേസിൽ വിധി എന്ത് തന്നെ വന്നാലും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കണം. ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് അഡ്മിഷൻ എടുക്കാൻ കൂടുതൽ സമയം നൽകണമെന്നും, സ്‌പെഷ്യൽ ഫീ, ഹോസ്റ്റൽ ഫീ, മെസ്സ ഫീ, ഇനത്തിൽ 2 ലക്ഷം മുതൽ 2.5 ലക്ഷം വരെ കോളേജുകൾ വാങ്ങുന്നത് നിർത്തിവെക്കാൻ ആരോഗ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സന്തോഷ്.കെ, അബ്ദുൾ ജലീൽ, ഉസ്മാൻ.വി, ഹബീബ് സംസാരിച്ചു.