മലയാള ചലച്ചിത്ര രംഗത്ത് ജയനു തുല്ല്യം ജയൻ മാത്രം

മലയാള ചലച്ചിത്ര രംഗത്ത് ജയനു തുല്ല്യം ജയൻ മാത്രം

 

മലയാള സിനിമയിലെ കരുത്തിന്റെ പ്രതീകം. പൗരുഷം തുളുമ്പുന്ന എത്രയോ കഥാപാത്രങ്ങൾ നമുക്കായി സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ നമ്മുടെ പ്രിയതാരം. ഈ ഭൂമിയിൽ മലയാളം ഉള്ളിടത്തോളംകാലം ജയൻ എന്ന അഭിനയ പ്രതിഭയെ വരും തലമുറപോലും ഓർമ്മിക്കും എന്ന് നമുക്ക് നിസ്തർക്കം പറയാൻ കഴിയും. ജയന് തുല്യം ജയൻ മാത്രം. പകരം വെയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ. കൊല്ലം തേവള്ളി ഓലയിൽ പൊന്നച്ചം വീട്ടിൽ മാധവൻപിള്ള – ഭാരതി അമ്മ ദമ്പതികളുടെ മൂത്തമകനായി 1939ൽ ജനിച്ചു. പേര് കൃഷ്ണൻനായർ എന്നായിരുന്നു. വീട്ടിൽ ബേബി എന്ന് വിളിക്കും. തേവള്ളി ഗവ.ബോയ്‌സ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം 10-ാം ക്ലാസ് കഴിഞ്ഞപ്പോൾ ഏറെ പ്രതീക്ഷകളുമായി മദ്രാസിലെത്തി. ഉറച്ച ശരീരവും, കായിക ബലവും, സാഹസികതയും മർച്ചന്റ് നേവിയിലേക്കുള്ള വാതിൽ തുറന്നു. 16 വർഷം മാത്രമെ നേവിയിൽ സേവനം അനുഷ്ഠിച്ചുള്ളൂ. നാടകത്തിലും, മറ്റു കലാപരിപാടികളിലുമുള്ള താൽപ്പര്യമാണ് മദ്രാസിൽ സിനിമയിൽ ഒരു കൈ നോക്കാൻ ശ്രമിച്ചത്. ജയൻ എന്ന നടൻ ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹം ജനമനസ്സുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നതാണ് അത്ഭുതം. അതായത് ജയൻ ഓർമയായ നവംബർ 16 ന് കൊല്ലത്തെ ജയന്റെ പ്രതിമയിൽ പുഷ്പാർച്ചനയും ആദരവുമർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു. നാലുപതിറ്റാണ്ടിന് ശേഷവും ഇവിടേക്ക് അദ്ദേഹത്തിന്റെ ആരാധകർ ഒഴുകിയെത്തുന്നത് കൊല്ലത്തുകാരെ അത്ഭുതപ്പെടുത്താറുണ്ട്. -അതിശയിപ്പിക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങളിൽ ജയന്റെ ഓർമ്മകൾ ഇപ്പോഴും ഒളിമങ്ങാതെ നിൽക്കുന്നുവെന്നതാണ് ആ ഒരു പ്രത്യേകത. അനേകായിരം ആരാധകരുടെ മനസ്സിൽ ഇന്നും മരണമില്ലാതെ ജീവിക്കുന്ന ജയനെ അടുത്തറിഞ്ഞവർ ആ സാന്നിദ്ധ്യത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. ആത്മാർത്ഥത, കഠിനാധ്വാനം, കൃത്യനിഷ്ഠ, പിന്നെ വടിവൊത്ത ആ ശരീരഘടന, എല്ലാറ്റിലും ഉപരി പൗരുഷം തുളുമ്പുന്ന ഭാവങ്ങൾ. വ്യക്തിജീവിതത്തിലും മരിക്കുംവരെ സംശുദ്ധി സൂക്ഷിച്ചിരുന്നു അദ്ദേഹം. മലയാള സിനിമയിൽ മിന്നിത്തിളങ്ങി നിന്ന് ജയൻ 125 ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു വെള്ളി നക്ഷത്രം പോലെ ഉദിച്ചുയർന്ന് അകാലത്തിൽ പൊലിഞ്ഞുപോയ ജയന് ലഭിക്കുന്ന സ്‌നേഹവും, ആരാധനയും, വർഷങ്ങൾ കഴിഞ്ഞിട്ടും കൂടുതൽ ചലച്ചിത്ര പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു. ജന്മനാടായ കൊല്ലത്ത് അദ്ദേഹത്തിന് ആകെയുള്ള സ്മാരകം തേവള്ളിയിലെ കുടുംബവീടിന് ചേർന്ന് നിർമിച്ച ഒരു പൂർണ്ണമായ പ്രതിമയും പിന്നെ ജയൻ ആർട് & സ്‌പോർട്‌സ് ക്ലബ്ബും മാത്രം. മലയാളികളുടെ മനസ്സിൽ അമരനായി, നിത്യഹരിതമായ ഓർമ്മകളിൽ ജയൻ ഇന്നും ജീവിക്കുന്നു. മുപ്പത്തിയഞ്ചാം വയസിൽ 1974 ലായിരുന്നു ക്യഷ്ണൻനായരെന്ന ജയന്റെ സിനിമാ അരങ്ങേറ്റം. നേവിയിൽ നിന്ന് വിരമിച്ച ശേഷം മലയാളസിനിമയിൽ സ്റ്റണ്ട് മാസ്റ്ററായും, ചെറിയവേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. 1976 ൽ സംവിധായകൻ ജേസി തന്റെ ‘ ശാപമോക്ഷം ‘ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം നൽകി. പിന്നീട് അഗ്നിപുഷ്പം എന്ന ചിത്രത്തിലും അഭിനയിച്ചു. അദ്ദേഹത്തിന് സിനിമയിൽ ബ്രേക്കായി മാറിയത് ഹരിഹരന്റെ പഞ്ചമിയിലെ ഫോറസ്റ്റ്‌റേഞ്ചറുടെ വേഷമായിരുന്നു. ശരപഞ്ജരം ഹിറ്റായതോടെ മലയാള സിനിമയിലെ ആക്ഷൻ ഹിറോയായി മാറി. കൃഷ്ണൻനായർക്ക് ജയൻ എന്ന് പേര് നൽകിയത് ജോസ്പ്രകാശ് ആയിരുന്നു. പ്രേംനസീർ നിത്യഹരിതനായകനായി നിന്ന കാലത്താണ് ജയന്റെ കടന്നുവരവ്. പ്രേംനസീറുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം ഉണ്ടായിരുന്ന ജയനു വേണ്ടി അനേകം സിനിമകളിലേക്ക് നസീർ സാർ ശുപാർശ ചെയ്തു. ജയൻ അക്കാലത്ത് ലക്ഷക്കണക്കിന് ആരാധകരുടെ സുപ്പർസ്റ്റാറായി മാറി. ഐ.വി.ശശി, ശ്രീകുമാരൻ തമ്പി, പി.ചന്ദ്രകുമാർ, ബേബി, ഹരിഹരൻ, എ.ബി രാജ്, വിജയാനന്ദ്, തുടങ്ങി പ്രശസ്ത സംവിധായകരുടെ സിനിമകളിൽ ജയനായിരുന്നു നായകൻ. അങ്ങാടി, മീൻ, കരിമ്പന, കാന്തവലയം, തടവറ, പുതിയ വെളിച്ചം, നായാട്ട്, ഇടിമുഴക്കം, ഇരുമ്പഴികൾ, ചന്ദ്രഹാസം, ലവ് ഇൻ സിങ്കപ്പൂർ, കഴുകൻ, ലിസ, ശക്തി, ആവേശം, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വമ്പൻ ഹിറ്റ് സിനിമകളിലും ജയൻ നായകവേഷം അഭിനയിച്ചിരുന്നു.

 

 

ഡ്യൂപ്പില്ലാത്ത സാഹസികത :

സിനിമാ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ജനലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി കൊണ്ട് ആ മഹാനടൻ നമ്മെ വിട്ടു പിരിഞ്ഞത്. സാഹസികത എന്നും അദ്ദേഹത്തെ സംബന്ധിച്ച് ഒരു ഹരമായിരുന്നു. ആരാധക ലോകത്തെ ഞെട്ടിച്ച വാർത്ത നിമിഷങ്ങൾക്കുള്ളിൽ പരന്നു കഴിഞ്ഞിരുന്നു. സത്യം പറഞ്ഞാൽ തേങ്ങുന്ന മനസ്സുമായി കൊല്ലത്തേക്കൊഴുകിയെത്തിയ ജന മഹാസമുദ്രം തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്കുകാണുവാൻ വമ്പിച്ച ജനാവലി തന്നെ കൊല്ലം നഗരത്തിൽ എത്തിക്കഴിഞ്ഞിരുന്നു. കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ആരാധകർ നിരനിരയായി എത്തുന്ന കാഴ്ച അങ്ങേയറ്റം കരളലിയിപ്പിക്കുന്നതായിരുന്നു. ജയന്റെ അകാല വേർപാട് വിശ്വസിക്കാനാവാതെ തേങ്ങികരയുകയായിരുന്നു ആരാധക ലക്ഷങ്ങൾ. ജയന് തുല്യം ജയൻ മാത്രം. ഇന്നും ജയൻ ചിത്രങ്ങൾ വളരെ വിസ്മയത്തോടുകൂടിയാണ് പ്രേക്ഷകർ വീണ്ടും വീണ്ടും കാണുന്നത്. സാഹസികതയെ നെഞ്ചൂക്കോടെ നേരിട്ട ആ നടനെ രംഗബോധമില്ലാതെ വന്ന് മരണം തട്ടിയെടുത്തതും അതി സാഹസിക പ്രകടനത്തിനിടെയായിരുന്നു. എന്നാൽ നാലുപതിറ്റാണ്ട് പിന്നിടുമ്പോഴും മറ്റൊരു നടനും ലഭിക്കാത്ത വിധം ജനമനസ്സുകളിൽ ജീവിക്കുന്ന ആ വലിയ മഹാനടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *