ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തിയ സംഭവം: പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

കോഴിക്കോട്: കോർപ്പറേഷൻ ഓഫീസിൽ സ്ഥാനാർഥി പത്രിക സമർപ്പിക്കുന്ന പടമെടുത്ത മലയാള മനോരമ ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തി ക്യാമറയിൽ നിന്ന് പടം നീക്കം ചെയ്യിപ്പിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോർപ്പറേഷൻ 35-ാം ഡിവിഷനായ ആഴ്ചവട്ടത്തെ സിറ്റിങ് കൗൺസിലർ പി.പി.ഷഹീദ നാമനിർദേശകപത്രിക സമർപ്പിക്കുന്നതിന്റെ ചിത്രമെടുത്ത മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ സജീഷ് ശങ്കറിനെയാണ് ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. എടുത്ത ഫോട്ടോ നിർബന്ധപൂർവം മാറ്റിയതിന് ശേഷമാണ് സംഘം ഫോട്ടോഗ്രാഫറെ വിട്ടത്. സ്ഥാനാർഥികൾ നാമനിർദേശകപത്രിക സമർപ്പിക്കുന്ന ചിത്രമെടുക്കുന്നത് തടയുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണ്. കോർപ്പറേഷൻ ഓഫീസ് പോലുള്ള ഭരണസിരാകേന്ദ്രത്തിൽ നടന്ന ഇത്തരം ഗുണ്ടായിസം സ്വതന്ത്രമാധ്യമപ്രവർത്തനത്തിനോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാകണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം.ഫിറോസ്ഖാനും, സെക്രട്ടറി പി.എസ്.രാകേഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *