മലയാള സിനിമയിലെ മുടിചൂടാമന്നൻ അനശ്വരനടൻ സത്യൻ

മലയാള സിനിമയിലെ മുടിചൂടാമന്നൻ അനശ്വരനടൻ സത്യൻ

 

തോരാതെ പെയ്യുന്ന കണ്ണീർമഴ ഭുമിയെ നനയിച്ചുകൊണ്ടിരുന്ന ദിവസം. അന്നാണ് കേരള ജനതയെ മുഴുവൻ ഞെട്ടിച്ച ആ വാർത്ത പരന്നത്. മലയാള സിനിമയിലെ കരുത്തുറ്റ നടൻ സത്യനേശൻ നാടാർ എന്ന സത്യൻ അരങ്ങൊഞ്ഞിരിക്കുന്നു.
അകാലത്തിലെ അപ്രതീക്ഷിതമായ ആ വേർപാടിൽ മലയാളത്തിലെ സിനിമാരംഗം തേങ്ങിപ്പോയി. സിനിമാപ്രേക്ഷകരുടെ മനസ്സിൽ വേദനയുടെ കരിനിഴൽ പരത്തി അനുഗൃഹീതനടൻ വിടവാങ്ങിയിട്ട് 49 വർഷം തികയുകയാണ്. അദ്ദേഹം ഇന്ന് നമ്മോടോപ്പം ഇല്ലെങ്കിലും അനേകം കഥാപാത്രങ്ങളിലൂടെ ഒത്തിരി ഓർമ്മകളിലൂടെ ആമുഖം നടന്നടുക്കുകയാണ്‌. അനുഗ്രഹീത നടൻ സത്യന് ആദ്യമായി ആദരാജ്ഞലി അർപ്പിക്കുകയാണ്. ഈ മനോഹര ഗാനം. മരിക്കാത്ത ഓർമ്മകളുമായി മനസ്സിൽ തെളിയുന്ന ഏതാനും രംഗങ്ങളിൽ 1969ൽ പുറത്തിറങ്ങിയ ‘ അടിമകൾ ‘ എന്ന ചിത്രത്തിന് വേണ്ടി എ.എം രാജ ആലപിച്ച ഗാനം

‘ താഴം പൂമണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി
പൂമുഖപ്പടിവാതിൽ അടയ്ക്കുകില്ല
കാമിനി നിന്നെ ഞാൻ ഉറക്കുകില്ല….’

ജീവിതഗന്ധിയായ അനേകം കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിലെ കരുത്തിന്റെ പ്രതീകമായി മാറിയ നടനായിരുന്നു സത്യൻ. ആരുടെ മുന്നിലും തോൽക്കാൻ മനസ്സിലാതെ തന്റേടിയായ നായകനായി നിറഞ്ഞു നിന്ന അദ്ദേഹം കിട്ടിയ ഓരോ വേഷവും എത്ര തന്മയത്വത്തോടു കൂടിയാണ് അവതരിപ്പിച്ച് ആ അഭിനയ ചക്രവർത്തി അനശ്വരമാക്കിതീർത്തത്. ഒരു തരത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയായിരുന്നു സത്യനെ മികച്ച ഒരു നടനാക്കി മാറ്റിയത്. അദ്ദേഹത്തിന് അഭിനയം ഒരു ആവേശമായിരുന്നു. അമിതമായ ശരീരഭാഷകളില്ലാതെ ഓരോ കഥാപാത്രത്തെയും സ്വന്തം ശ്വാസം നൽകി അവതരിപ്പിച്ചപ്പോൾ അത് അഭിനയമാണെന്ന് മനസ്സിലാക്കാൻ പോലും നമുക്ക് ഏറെ സമയം വേണ്ടി വന്നു. തന്റെ റോൾ തിരിച്ചറിഞ്ഞ് ഇരിപ്പിലും നടപ്പിലും ആ കഥാപാത്രവുമായി ജീവിക്കുകയായിരുന്നു സത്യൻ. 1971 ൽ പുറത്തിറങ്ങിയ തെറ്റ് എന്ന ചിത്രത്തിന് വേണ്ടി ദേവരാജൻമാഷ് ഈണം പകർന്ന വരികൾ…

‘ ഇണക്കം പിണക്കം ഇത് മനുഷ്യ കഥയുടെ ചുരുക്കം’
പൊരുത്തം മുടക്കം ഇത് പ്രണയകഥയുടെ തുടക്കം ‘

കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സത്യൻ ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുകയാണ്. വെളുത്ത കത്രീനയിലെ പുലയൻ, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, ആദികിരണങ്ങളിലെ കുഞ്ഞൂട്ടി, കരിനിഴലിലെ കേണൽ, ലക്ഷ്മിയിലെ ശ്രീനി, കടൽപ്പാലത്തിലെ കൈമൾ, കരകണാകടലിലെ തോമ, കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുണ്ണി, ഓടയിൽ നിന്നിലെ പപ്പു, വാഴ്‌വേ മായത്തിലെ സുധി, എന്നീ കഥാപാത്രങ്ങളൊക്കെ ഏത് പ്രേക്ഷകനാണ് മറക്കാൻ സാധിക്കുക. ഏത് ഭാവവും ഭംഗിയായി ആ മുഖത്ത് പ്രതിഫലിപ്പിക്കുവാൻ സത്യന് അനായാസമായി സാധിച്ചിരുന്നു. പാട്ടുരംഗങ്ങളിൽ ഏറെ ശോഭിച്ചിരുന്ന നടനായിരുന്നു അദ്ദേഹം. നീണ്ട 48 വർഷങ്ങൾ കടന്നു പോയിട്ടും സത്യനെന്ന നടൻ മലയാള സിനിമയിൽ കാഴ്ചവെച്ച അതുല്യ അഭിനയത്തെ മലയാളം ഇന്നും പുകഴ്ത്തുകയാണ്. അദ്ദേഹം ഒഴിച്ചിട്ട ആ സിംഹാസനം ഇന്നും അങ്ങനെ തന്നെ കിടക്കുന്നു. ജീവിതത്തോടു പടവെട്ടി മരണം ഏറ്റുവാങ്ങിയ നടനായിരുന്നു സത്യൻ. 1971ൽ പുറത്തിറങ്ങിയ ‘ വാഴ്‌വേമായം ‘ എന്ന ചിത്രത്തിൽ പി.സുശീലയും ഭാവഗായകൻ ജയചന്ദ്രനും ചേർന്നാലപിച്ച ഒരു മനോഹരമായ യുഗ്മഗാനം ഉണ്ട്.

‘സീതാദേവി സ്വയംവരം ചെയ്‌തൊരു
ത്രേതായുഗത്തിലെ ശ്രീരാമൻ
കാൽവിരൽ കൊണ്ടാന്നു തൊട്ടപ്പോൾ പണ്ട് കാട്ടിലെ
കല്ലൊരു മോഹിനിയായി’

എത്ര മതിവരാത്ത ഒരു ഗാനരംഗമാണിത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിൽ 16-ാം വയസ്സിൽ മലയാളം അദ്ധ്യാപകനായ സത്യൻ 1941ൽ ബ്രീട്ടീഷ് സൈന്യത്തിൽ കമ്മീഷന്റ് ഓഫീസറായി ബർമ്മായുദ്ധത്തിലും ജപ്പാനെതിരെ ഇന്തോ-ചൈനാ യുദ്ധത്തിലും പങ്കെടുത്തു. സൈനിക സേവനത്തിന് ശേഷം സെക്രട്ടറിയേറ്റിൽ ക്ലർക്കായി. പിന്നീട് തിരുവിതാംകൂർ പോലീസ് സബ് ഇൻസ്‌പെക്ടറായി. അക്കാലത്തെ അഭിനയമോഹം അദ്ദേഹത്തെ വേട്ടയാടി. പ്രശസ്ത നടൻ തിക്കുറിശ്ശിയോടൊപ്പം അമച്ച്വർ നാടകങ്ങളിലഭിനയിച്ച സത്യന്. അഭിനയം പിന്നെ ഒരാവേശമായി മാറി. 1951ൽ നിർമ്മിച്ച ‘ത്യാഗസീമയിലൂടെ’ സത്യൻ ചലച്ചിത്ര രംഗത്തെത്തിയെങ്കിലും ചിത്രം പൂർത്തിയായില്ല. പിന്നീട് മെരിലാന്റെ സ്റ്റുഡിയോ ഉടമ പി.സുബ്രഹ്മണ്യം സത്യനെ നായകനാക്കി ‘ ആത്മസഖി’ എന്ന ചിത്രം എടുത്തു. 1952 ആഗസ്റ്റ് 7 ന് റിലീസായ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ സത്യൻ സിനിമാരംഗത്ത് കുതിച്ചു കയറി. 1979ൽ പുറത്തിറങ്ങിയ ‘മൂലധനം’ എന്ന ചിത്രത്തിലെ അതി മനോഹരമായ ഗാനം.

‘എന്റെ വീണ കമ്പിയെല്ലാം വിലക്കൊടുത്തു…
അവർ എന്റെ കൈയ്യിൽ പൂട്ടുവാനായ് വിലങ്ങു തീർത്തു’

മലയാള സിനിമയിലെ മികച്ച ഒരഭിനേതാവായിരുന്ന സത്യൻ. നമ്മുടെ എല്ലാ പേരുടെയും പ്രിയ നടനായിരുന്നു. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സത്യൻ തന്റേതായ അഭിനയശൈലികൊണ്ടും സ്വാഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ വളരെ പ്രശ്‌സ്തനായിരുന്നു. 1971 ജൂൺ 15ന് തന്റെ 59-ാമത്തെ വയസ്സിൽ അദ്ദേഹം നമ്മോടു വിടപറഞ്ഞു.
ഉദയാ ചിത്രത്തിലൂടെയാണ് സത്യനെ പ്രേക്ഷകരുടെ ഇഷ്ടനായകനാക്കി മാറ്റിയത്. മലയാളത്തിലെ ആദ്യ വടക്കൻ പാട്ടു ചിത്രമായ ഉണ്ണിയാർച്ചയിൽ ആരോമൽചേകവരായി സത്യൻ മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് അമ്മയെ കാണാൻ, പാലാട്ടുകോമൻ, നിത്യകന്യക, ഡോക്ടർ, മൂടുപടം, ഭാഗ്യജാതകം, കടലമ്മ, തച്ചോളി ഒതേനൻ, മണവാട്ടി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു. പ്രസിഡന്റിൽ നിന്ന് വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമയിലെ അതായത് നീലകുയിലിലെ നായകൻ സത്യനായിരുന്നു. ആദ്യ സ്വർണ്ണ മെഡൽ സമ്മാനിച്ച ‘ചെമ്മീൻ ‘ എന്ന ചിത്രത്തിൽ സത്യൻ അവതരിപ്പിച്ച പളനി എക്കാലത്തെയും മികച്ച കഥാപാത്രമായിരുന്നു. അമിതാഭിനയത്തിന്റെ യാതൊരു ഭാവവുമില്ലാത്ത ഇരുത്തം വന്ന അഭിനേതാവായിരുന്നു സത്യൻ.

‘ കാട്ടുചെമ്പകം പൂത്തുലഞ്ഞപ്പോൾ
കടമ്പു മരം തളിരണിയുമ്പോൾ
കണ്ണാടിപ്പുഴ തെളിയുമ്പോൾ
കാണാപ്പൈങ്കിളി പാടുമ്പോൾ
കരളിൽ മാത്രം കണ്ണീരരുളുമീ’

 

 

1968ൽ പുറത്തിറങ്ങിയ ‘വെളുത്ത കത്രീന ‘ എന്ന ചിത്രത്തിലെ ഗാനമാണിത്. സത്യൻ ഗാനരംഗത്തെത്തിയ ഗാനം. മുൻനിര സാഹിത്യകാരന്മാരുടെ കരുത്തുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിലവതരിപ്പിക്കാൻ സത്യന് ഭാഗ്യമുണ്ടായി. മഞ്ഞിലാസ് എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ പങ്കാളിയായിരുന്ന അദ്ദേഹം. നാടകങ്ങൾക്ക് ചലച്ചിത്രാവിഷ്‌കാരം നൽകിയപ്പോഴും സത്യന് തന്നെയായിരുന്നു പ്രാധാന്യം. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം, മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിനായ പുത്രൻ, ശരശയ്യ, അശ്വമേധം, എന്നീ നാടകങ്ങളും വൈക്കം ചന്ദ്രശേഖരൻനായരുടെ ഡോക്ടറും, ഡോ.കെ.ടി മുഹമ്മദിന്റെ കടൽപ്പാലവും സത്യന്റെ അഭിനയത്തിലൂടെ കരുത്തുറ്റതായി തീർന്നു.
1971ൽ പുറത്തിറങ്ങിയ ഒരു പെണ്ണിന്റെ കഥ 1911 നവംബർ 9 ന് തെക്ക് തിരുവിതാംകൂറിലെ തിരുമലയ്ക്കടുത്തുള്ള ആറമട എന്ന ഗ്രാമത്തിൽ മാനുവലിന്റെയും ലില്ലിയമ്മയുടെയും ആദ്യപുത്രനായാണ് സത്യൻ ജനിച്ചത്. ചലച്ചിത്ര രംഗത്ത് ജ്വലിച്ചു നിന്ന സമയത്താണ് സത്യനെ വിധി കീഴടക്കിയത്. നിരവധി സംസ്ഥാന ബഹുമതികളും ദേശീയ ബഹുമതികളും സത്യന്റെ അഭിനയ മികവിന് ലഭിച്ചിട്ടുണ്ട്. കടൽപ്പാലത്തിലെ അച്ഛനും മകനുമായുള്ള ഇരട്ട വേഷത്തിന് സംസ്ഥാന അവാർഡ് നേടിയ സത്യന് ശരശയ്യയിലെ അഭിനയത്തിന് മരണാനന്തര അവാർഡും ലഭിച്ചു. അഭിനയ മോഹം പിന്നെയും ബാക്കിവെച്ച് അനുഗ്രഹീത നടൻ സത്യൻ വിടപറഞ്ഞകന്നപ്പോൾ പച്ചയായ ഒരു ജീവിതാഭിനയത്തിന്റെ സുവർണ്ണ കിരീടമാണ് എന്നെന്നേക്കുമായി തകർന്നു വീണത്. സത്യൻ എന്ന നടൻ അഭിനയിക്കുകയല്ല മറിച്ച് അദ്ദേഹം ഓരോ കഥാപാത്രങ്ങളിലൂടെയും ജീവിക്കുകയായിരുന്നു. 49 വർഷം മുൻപ് സിനിമയിൽ നിന്നും അപ്രത്യക്ഷമായെങ്കിലും സത്യൻ എന്ന നടന്റെ പ്രസക്തി ഇന്നും നാം അറിയുന്നു. അതിഭാവുകത്വം നിറഞ്ഞ ഒരു കാലഘട്ടത്തിൽ പോലും നടനവൈഭവത്തിന്റെ ലാളിത്യം വെള്ളിത്തിരയിലൂടെ നമുക്ക് കാട്ടിത്തന്ന കരുത്തനായ അഭിനേതാവായിരുന്നു സത്യൻ. ശാരദ-24 ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ഷീല 21, അംബിക 21 ചിത്രങ്ങൾ.
സത്യന്റെ മരണ വിവരം അറിഞ്ഞ് സിനിമാ സാങ്കേതിക പ്രവർത്തകർ, സുഹ്യത്തുക്കൾ, സാധാരണക്കാർ എന്നിവർക്ക് പുറമേ ഭാഷാസ്്റ്റേറ്റ് വ്യത്യാസമില്ലാതെ അവിടെ തടിച്ചു കൂടിയ ആരാധകരെ നിയന്ത്രിക്കാൻ നന്നേ പാടുപെടേണ്ടി വന്നു. സിനിമാതാരങ്ങളായ എം.ജി.ആർ, ജെമിനി ഗണേശൻ, എ.വി.എം രാജൻ, പ്രേംനസീർ, എന്നിവരാണ് സത്യന്റെ മൃതദേഹം ചുമലിൽ വഹിച്ചത്. മലയാള ചലച്ചിത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകമായി ഏർപ്പാടു ചെയ്ത വിമാനത്തിൽ സത്യന്റെ ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ചു. അന്ന് ചിത്രഭൂമി, വളരെ പ്രാധാന്യത്തോടുകൂടി മുഖച്ചിത്രത്തോടെയാണ് പ്രസിദ്ധീകരിച്ചത് സത്യന്റെ മരണ വിവരം. സത്യന്റെ പത്‌നി, മക്കൾ, അനുജൻ എന്നിവർക്ക് പുറമേ എം.എൻ നമ്പ്യാർ, പ്രേംനസീർ, ശോഭനാ പരമേശ്വരൻനായർ, അടൂർഭാസി, എന്നിവരും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. അന്ന് പ്രേംനസീർ പൊട്ടിക്കരഞ്ഞ രംഗംവരെയുണ്ട്.
‘ ദൈവത്തിൻ കരങ്ങളിൽ ഭദ്രമായിരിക്കും ഞാൻ ‘ എന്ന ശുശ്രൂഷാഗാനം കേട്ട് പ്രേനസീർ നിയന്ത്രണം വിട്ടുപൊട്ടിക്കരഞ്ഞുപോയി. സത്യനെന്ന നടനെ അത്രയധികം വിലമതിക്കുന്ന ആരാധിക്കുന്ന ആൾക്കാർ ആയിരുന്നു പ്രേക്ഷകർക്കിടയിലുണ്ടായിരുന്നത്. മലയാളി പ്രേക്ഷകർ സത്യനെ ഓർക്കുന്നത് ആ രീതിയിൽ ‌തന്നെയാണ്.

‘ നിറം പിടിച്ച ഓർമ്മകൾ…’

ശ്രീകുമാരൻ തമ്പിയുടെ രചനയിൽ എം.എസ് ബാബുരാജ് ഈണം പകർന്ന് 1968ൽ പുറത്തിറങ്ങിയ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലെ ഏറ്റവും മികച്ച പ്രണയഗാനം സത്യൻ വെള്ളിത്തിരയിൽ പാടി അഭിനയിച്ച രംഗം.

അകലെയകലെ നീലാകാശം
അലതല്ലും മേഘതീർത്ഥം
അരികിലെന്റെ ഹ്യദയാകാശം
അലതല്ലും രാഗതീർത്ഥം

ഭാര്യ എന്ന ചിത്രത്തിലെ

‘ പെരിയാറെ പെരിയാറെ പർവ്വതനിരയുടെ പനിനീരെ
കുളിരും കൊണ്ടു കുണുങ്ങി നടക്കും
മലയാളി പെണ്ണാണു നീ
വയലാർ- ദേവരാജൻ ടീം ഒരുക്കിയ ഈ ഗാനം എ.എം രാജയും, പി സുശീലയും ചേർന്നാലപിച്ചു. സത്യനെ വെള്ളിത്തിരയിൽ ഈ ഗാനം മികവുറ്റതാക്കി. കാലങ്ങളും യുഗങ്ങളും കടന്ന് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും ജനമനസ്സുകളിൽ തങ്ങിനിൽക്കും എന്നതിന് യാതൊരു സംശയവുമില്ല.

‘ മുത്തുവാരാൻ പോയവരെ…..
മുത്തെന്തെ കണ്ടില്ല…
കുഴികൾ കണ്ടു…ചിപ്പികൾ കണ്ടു..തുഴഞ്ഞു പോന്നു….
തിരികെ തുഴഞ്ഞു പോന്നു……’

ഒരുപാട് നല്ല നല്ല ചിത്രങ്ങളിലെ നല്ല നല്ല കഥാപാത്രങ്ങളിലൂടെ ജന ഹൃദയങ്ങളിൽ ജീവിക്കുന്ന സത്യൻ ഇന്നും നമ്മിൽ ജീവിക്കുകയാണ്. യുവതലമുറക്ക്‌പോലും സത്യനോടു വലിയ ആരാധനയാണ്. വലിയൊരു നടനായിതന്നെ സത്യനെ അവരും കാണുന്നു. മദ്രാസിൽ നിന്നും അദ്ദേഹം തന്റെ ഫിയറ്റ് കാർ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് തിരുവന്തപുരത്തെ വീട്ടിൽ വരുമായിരുന്നു. സത്യന് ഡ്രൈവിംഗ് ഒരു ഹരമായിരുന്നു. മരണം തന്നെ പുൽകുന്നുവെന്നറിഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെ ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന അനശ്വര നടൻ. താൻ മരണത്തോടടുത്തുക്കൊണ്ടിരിക്കയാണ് എന്നറിഞ്ഞിട്ടുംകൂടി യാതൊരു ഭാവഭേദവുമില്ലാതെ തന്റെ സ്വതസിദ്ധമായ അഭിനയം തുടർന്നു കൊണ്ടേയിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുമ്പോൾ കർച്ചീഫ് കൊണ്ട് സ്വയം തുടച്ചശേഷം അദ്ദേഹം വീണ്ടും അഭിനയിക്കുകയായിരുന്നു. ഒരിക്കൽ ആശുപത്രിക്കിടക്കയിൽ അരികിലിരുന്ന മകനോടു പറഞ്ഞു പപ്പായക്ക് ഒന്നുമില്ലാ മോനെ എന്ന്. അത്രയ്ക്ക് മനകരുത്തായിരുന്നു അദ്ദേഹത്തിന്. താൻ മരണത്തോടടുത്തു കൊണ്ടിരിക്കയാണെന്നറിഞ്ഞിട്ടും. ധൈര്യം കൈവിടാതെ നിമിഷങ്ങൾ തള്ളിനീക്കിയ ഈ അനശ്വര ചക്രവർത്തിയെ ലോകം ഉള്ളിടത്തോളം കാലം മറക്കുകയില്ല.

‘ സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ…
മാനസേശ്വരി മാപ്പുതരൂ… മറക്കാൻ നിനക്ക് മടിയാണെങ്കിൽ മാപ്പ് തരൂ…മാപ്പ് തരൂ…
മധുര പതിനെഴുകാരി ചിത്രം അമ്മയെ കാണാൻ
എത്രയെത്ര ഗാനരംഗങ്ങൾ ധന്യമാക്കിയ മുഹുർത്തം
സത്യന് തുല്യം സത്യൻ മാത്രം..കാലം മായ്ക്കാത്ത അഭിനയ ചക്രവർത്തി.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *