കടവത്തൂരിലെ വി.എൻ.കെ ഹരിത സംരക്ഷണത്തിന്റെ പടനായകൻ

കടവത്തൂരിലെ വി.എൻ.കെ ഹരിത സംരക്ഷണത്തിന്റെ പടനായകൻ

 

ദശകൂപ സമോ വാപി ദശവാപി സമോ ഹൃദഃ
ദശഹൃദ സമോ പുത്രഃ ദശപുത്ര സമോ ദ്രുമഃ

ആരെങ്കിലും ഒരാൾ ഒരു കുളം നിർമ്മിച്ചാൽ 10 കിണറുകൾ കുഴിപ്പിച്ച പുണ്യം .പത്ത് കുളങ്ങൾ നിർമ്മിച്ചാലോ ഒരു വലിയ തടാകം നിർമ്മിച്ചാൽ കിട്ടുന്നത്ര വലിയ പുണ്യം .ഇത്തരത്തിലുള്ള പത്ത് തടാകങ്ങൾക്ക് സമമാണത്രെ ഒരു പുത്രന്റെ സൃഷ്ടി .എന്നാൽ 10 പുത്രന്മാർക്ക് സമമാണ് ഒരുമരം അഥവാ ഒരു വൃക്ഷം എന്നാണ് നമ്മുടെ പൂർവ്വപിതാക്കന്മാർ , ഋഷീശ്വരന്മാർ തുടങ്ങിയവർ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറി പകർന്നുതന്നത് .ഭൂമിയിലെവിടെയെങ്കിലും ,അടുത്തവന്റെ പറമ്പിലായാലും വേണ്ടില്ല ,പൊതുഇടങ്ങളിലായാലും വേണ്ടില്ല, ഒന്നോ രണ്ടോ അതിൽകൂടുതലോ വൃക്ഷങ്ങൾ നടാനാണ് വേദകാലഘട്ടങ്ങൾമുതൽ പറഞ്ഞുവരുന്നത്. വൻ മരങ്ങളുടെ നെഞ്ചിലേയ്ക്ക് യന്ത്രവാളുകൾ ആഞ്ഞിറക്കിയും കൂറ്റൻ യന്ത്രകലപ്പകൾ പ്രവർത്തിപ്പിച്ചുകൊണ്ട് ഭൂമി നിരപ്പാക്കി കോൺക്രീറ്റ് കാടുകൾ നിർമ്മിച്ചും സുഖതാവളമൊരുക്കുന്ന തിരക്കിലാണ് നമ്മളിൽ പലരും .മണ്ണിനെ കുളിരണിയിച്ചിരുന്ന നീർത്തടങ്ങളും ശുദ്ധജലസ്രോതസ്സുകളും മഴക്കാടുകളും എല്ലാ മെല്ലാം പടി പടിയായി നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നനിലയിൽ. പ്രക്യതിയും മനുഷ്യനും ദൈവീക ചൈതന്യവും ഏകീഭവിക്കുന്നിടത്ത് ജീവിതം ആഹ്‌ളാദപൂർണ്ണമാവുമെന്നതാണ് ഭാരതത്തിന്റെ ദർശനം. വൃക്ഷത്തെ ആരാധിക്കുന്ന നാടാണ് ഭാരതം.അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവർ അവരവരുടെ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് ഹൈന്ദവ വിശ്വാസം. നദികളെ ദേവതകളാക്കി ആരാധിക്കുന്നപോലെതന്നെ അരയാൽ എന്ന വൃക്ഷരാജനെയും ആരാധിച്ചുവരുന്നു .അളവിലധികം പ്രാണവായു തന്നുകൊണ്ടിരിക്കുന്ന പേരാൽ മരമാണ് നമ്മുടെ ദേശീയ വൃക്ഷം എന്നതും ഏറെ ശ്രദ്ധേയം. കാട്ടുവള്ളികൾ പടർന്നുകയറിയ പടുകൂറ്റൻ മരങ്ങൾ ഇടതൂർന്ന കാവുകൾ പലേടങ്ങളിലും ഇന്ന് അപ്രത്യക്ഷമായിത്തുടങ്ങി. തറകെട്ടിനിർത്തിയ അരയാലിനെ പ്രദിക്ഷണം വെയ്ക്കുന്ന വിശ്വാസികളുടെ എണ്ണത്തിലും ഗണ്യമായ കുറവില്ലതന്നെ .
ദൈവാലയംപോലെ പരിശുദ്ധമാണ് പ്രകൃതി.അതു കൊണ്ടുതന്നെ ദൈവാലയത്തിൽ എങ്ങിനെയാണോ നമ്മൾ ഇടപെടുന്നത് ആരീതിയിൽത്തന്നെയായിരിക്കണം ഭൂമിയിലും പെരുമാറേണ്ടതെന്ന് ബൈബിൾ. കുന്നിടിച്ചും മണലൂറ്റിയും കല്ലുവെട്ടിയും വയൽനികത്തിയും പാറമടകൾ നിർമ്മിച്ചും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ പുരോഗതിയുടെ പേരിൽ ,വികസനപ്രവർത്തനങ്ങളുടെ പേരിൽ തകിടം മറിച്ചു കൊണ്ട് ഭൂമിയുടെ , പ്രകൃതിയുടെ സ്വാഭാവികത്തനിമ നഷ്ട്ടപ്പെടുത്തിയാൽ പ്രകൃതി സംഹാരരൂപിണി    യാവുമെന്നുതന്നെയാവാം അർത്ഥമാക്കേണ്ടത് .അനുഭവം നമ്മെ പഠിപ്പിച്ചു വരുന്നതും അങ്ങനെത്തന്നെ .
”നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശക്കു ചുറ്റും ഒലീവ് തൈകൾപോലെയും ഇരിക്കും” -എന്ന് സങ്കീർത്തനക്കാരൻ പാടി. ഒലീവ് മരത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ബൈബിളിലുടനീളം കാണാം പ്രക്യതിയുടെ
സൗന്ദര്യം ദൈവസ്‌നേഹത്തിന്റെ അടയാളം.ഭൂമിയെ നാം ആരാധിക്കുകയോ ഭയപ്പെടുകയോ വേണ്ടതില്ല .എന്നിരുന്നലും ആദരവോടെ മാത്രമേ നോക്കിക്കാണാവൂ .പുറപ്പാട് പുസ്തകത്തിലും കാണുന്നതിങ്ങിനെ. കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഗണ്യമായ മാറ്റങ്ങൾ വന്നതോടെ ജൈവവൈവിധ്യങ്ങളുടെ വംശനാശംമുതൽ കൃഷി നാശം,വരൾച്ച ,വെള്ളപ്പൊക്കം ,അതി രൂക്ഷമായ കാലവർഷക്കെടുതിയിൽ വരെ എത്തിനിൽക്കുന്നു സമീപകാല അവസ്ഥ .ദൈവത്തിന്റെ സൃഷ്ടികളിൽ മഹത്വമേറിയ മനുഷ്യന്റെ ജീവിതത്തിന് അത്യന്താപേക്ഷിതവും അനിവാര്യ വുമായ അടിസ്ഥാനമൂലകമാണ് ശുദ്ധമായ ജീവ വായു അല്ലെങ്കിൽ ഓക്സിജൻ .ഓക്സിജൻ സുഗമമായതോതിൽ നമുക്ക് നൽകുന്ന വൃക്ഷലതാതികളെയും മറ്റു സസ്യജാലങ്ങളെക്കുറിച്ചുമുള്ള ഇസ്ലാം മതത്തിന്റെ പാരിസ്ഥിതിക ദർശനങ്ങളിലൂടെയും ഒരു തിരനോട്ടം – നാം ജീവിക്കുന്ന ചുറ്റുപാടിൽനിന്നും വിഷ വാതകം അഥവാ കാർബൺഡൈഓക്സൈഡ് വലിച്ചെടുത്ത് ചുറ്റിലുമുള്ള വൃക്ഷങ്ങൾ അന്തരീക്ഷത്തിലേക്ക് സമൃദ്ധിയായി ഓക്സിജൻ സമ്മാനിക്കുന്നുവെന്ന മഹാത്ഭുതം സഹസ്രാബ്ദ്ധങ്ങൾക്ക് മുമ്പുതന്നെ ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ വ്യക്തമാക്കുന്നതായാണറിവ് .നിലവിലുള്ള ആധുനിക പരിസ്ഥിതി സംരക്ഷണ സംഘടനകൾക്കോ പ്രകൃതിസ്‌നേഹികൾക്കോ നിഷേധിക്കാനാവാത്തതാണ് ഈ തിരുവചനങ്ങളിലെ ഹരിതാസ്വാദന വിഷയങ്ങൾ .
നമ്മുടെ പൂർവ്വപിതാക്കന്മാർ നമ്മിലർപ്പിച്ചുകൊണ്ട് വിട്ടകന്നുപോയ കൃഷിയിടങ്ങളെ ,ഹരിത കാന്തിയെ ,പാരിസ്ഥിക മനോഹാരിതയെ അശേഷം വ്രണപ്പെടുത്താതെ സുരക്ഷിതമായി വരും തലമുറയുടെ കൈകളിലേൽപ്പിക്കാനാണ് പ്രവാചകന്റെ തിരുമൊഴി .അതുപോലെതന്നെ ജലദാനമെന്നതും ഇസ്‌ളാമിന്റെ കണ്ണിൽ പുണ്യകർമ്മം. പുഴനിർമ്മിക്കുന്നതും കിണർ കുഴിച്ചുനൽകുന്നതും അതിലേറെ വലിയ പുണ്യ കർമ്മം. പ്രകൃതിയെയും ,പരിസ്ഥിതിയെയും അതിന്റെ വരദാനങ്ങളെയും അളവിലേറെ സ്നേഹിക്കുകയും രാജ്യത്തിലെ സർവ്വ പരിസ്ഥിതി പ്രവർത്തകർക്കും മാതൃകയാവുംവിധം ഇസ്‌ളാമാളിന്റെ തത്വാധിഷ്ഠിതമായ ശൈലിയിലൂടെ വ്യതിചലനമില്ലാതെ ജീവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ”പ്രകൃതിയുടെ നാട്ടു കാവലാൾ ” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ,വന്ദ്യവയോധികനെ ആദരവോടെ നമുക്ക് പരിചയപ്പെടാം .
തന്റെ ദീർഘകാല ജീവിതത്തിനിടയിൽ നീണ്ട നാൽപ്പതിലേറെ വർഷങ്ങൾ വിസ്മയകരമായ തോതിൽ പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വം ആരെന്നറിയേണ്ടേ ?
92ന്റെ നിറവിലും കെട്ടടങ്ങാത്ത ആവേശവുമായി പരിസ്ഥിതി പരിപോഷണത്തിന് മുന്നിട്ടിറങ്ങിയ ആദർശധീരനായ നാട്ടുമ്പുറത്തുകാരൻ . കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടത്ത് കടവത്തൂർ എന്ന ഉൾനാടൻഗ്രാമത്തിലെ വടക്കേഞൊലയിൽ കുഞ്ഞി അഹമ്മദ് ഹാജി .അബ്ദുള്ളക്കയുടെ മകൻ . ഇങ്ങനെയൊന്നും പറഞ്ഞാൽ ചിലപ്പോൾ കടവത്തുരിലെ യുവതലമുറക്കാർക്ക് പോലും ഇദ്ദേഹത്തെ ഇന്നറിഞ്ഞെന്നുവരില്ല . വി .എൻ .കെ .എന്ന മൂന്നക്ഷരത്തിൽ ഏറെ പ്രസിദ്ധനും ജനസമ്മതനുമാണ് വി എൻ കെ എന്ന അഹമ്മദ് ഹാജി.
എല്ലാവർഷവും ജൂൺ മാസമായാൽ പുതുമഴത്തുള്ളികൾ വീണ് മണ്ണ് നനഞ്ഞാൽ വി .എൻ .കെ ക്ക് പിന്നെ വിശ്രമമില്ല .ഉച്ചയുറക്കമില്ല.അതിരാവിലെ തന്നെ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറയും . തൊട്ടുപുറകിലെ ലോറിയിൽ വയനാട്ടിലെ സ്വന്തം എസ്റ്റേറ്റിൽനിന്നും ചക്കക്കുരു മുളപ്പിച്ചെടുത്ത പ്ലാവിൻ തൈകൾ ,തേക്ക് ,വീട്ടി ,ഞാവൽ ,ആയിനിപ്ലാവ് ,മാവിൻ തൈകൾ ഒപ്പം രണ്ടുമൂന്നു ജോലിക്കാരും ,കൈക്കോട്ട് ,പടന്ന ,കമ്പി പാര തുടങ്ങിയ ആയുധനങ്ങളും ചെടികൾക്ക് താങ്ങ് കൊടുക്കാനുള്ള കുറെ മരക്കമ്പുകളും ചാണകപ്പൊടിയും ഒക്കെയായിട്ടായിരിക്കും യാത്ര. എങ്ങോട്ടെന്നില്ല ,എവിടേക്കെന്നില്ല .എവിടെ ഇടം കിട്ടായാലും അവിടെയൊക്കെ ഫലവൃക്ഷ തൈകളും മറ്റ് വൃക്ഷതൈകളും നടാൻ ജോലിക്കാരെക്കൊണ്ട് കുഴിയുണ്ടാക്കിക്കും. ബഹുഭൂരിഭാഗം തൈകളും വി.എൻ.കെ അഹമ്മദ് ഹാജി എന്ന പരിസ്ഥിതി സ്നേഹി മുണ്ട് മടക്കിക്കുത്തി സ്വന്തം കൈകൊണ്ടുതന്നെ മണ്ണിലുറപ്പിക്കും .
കഴിഞ്ഞ നാൽപ്പതിലേറെ വർഷങ്ങളായി ഇദ്ദേഹം ഈ പരിപാടി മുടക്കമില്ലാതെ മടുപ്പില്ലാതെ തുടരുന്നു.

”ഒരു തൈനടുമ്പോൾ ഒരു തണൽ നടുന്നു
നടുനിവർക്കാനൊരു കുളിർനിഴൽ നടന്നു .
പകലുറക്കത്തിനൊരു മലർവിരി നടന്നു ”

ഒ. എൻ.വി.യുടെ മണ്ണിന്റെ മണമുള്ള മനോഹരമായ വരികൾ അറിയാതെ മൂളിപ്പോകുന്ന നിമിഷങ്ങൾ ! അശേഷം ആവർത്തനവിരസതയില്ലാതെ….ഏകദേശം പത്തിരുപത് വർഷങ്ങൾക്ക് മുമ്പ് മഹാനായ ഇദ്ദേഹവുമായി അടുത്തിടപെടാനും ഒന്നിച്ചു പലേടങ്ങളിലും യാത്രചെയ്യാനും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനും എനിക്കവസരം ലഭിച്ചത് ജീവിതത്തിൽ ഒരു മഹാഭാഗ്യമായി ഞാൻകരുതുന്നു . ഹോട്ടലുകളിൽ ഒന്നിച്ച് ഒരു ടേബിളിൽ ആഹാരത്തിനിരുന്നാൽ അദ്ദേത്തിന് വിളമ്പിയ ചോറ് അൽപ്പം അധികമാണെന്ന് തോന്നിയാൽ ഒരു കൈപ്പിടി ചോറുവാരി അദ്ദേഹം എന്റെ പ്‌ളേറ്റിലേക്കിടും .കൂടെ ഒരുപദേശവും ”ഒരു മണി ചോറും കളയരുത്, ഒരു വറ്റ് കിട്ടിയാൽ വിശപ്പ് മാറുന്ന ഉറുമ്പ് മുതൽ ഒരു ചാൺ വയറിന്റെ വിശപ്പ് മാറ്റാൻ മനുഷ്യനും വരെ അതുപയോഗിക്കും ” – എങ്ങിനെയെങ്കിലും കുറച്ചു ധനം സമ്പാദിക്കണം അതിനായി എന്തെങ്കിലും ചില ബിസിനസ്സുകൾ ചെയ്യണം അതായിരുന്നില്ല അദ്ദേഹത്തിൻറെ ലക്ഷ്യം . നീതിബോധത്തോടും സത്യസന്ധതയോടും മാത്രം ചെയ്ത പലബിസിനസ്സുകളിലും നഷ്ടം വരുന്നതും അദ്ദേഹം കാര്യമാക്കാറില്ല .വത്സരാജ് എന്ന എന്റെ ഒരു ബന്ധുവും ഒപ്പം കുറ്റ്യാടിക്കാരൻ NBS കുഞ്ഞഹമ്മദ്ക്കയും മുഖാന്തിരമാണ് ഞാൻ വി .എൻ .കെ എന്ന വ്യാപാരപ്രമുഖനുമായി അടുക്കാനിടയായത്. VNK യുടെ വ്യവസായസ്ഥാപനത്തിൽ കുറെ വർഷങ്ങൾ സേവനമനുഷ്ഠിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട് .

സമ്പന്നതയുടെ ഉന്നതിയിലും ഇടപെടലുകളിലും പെരുമാറ്റത്തിലും സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു ഞങ്ങളെല്ലാവരോടും അദ്ദേഹത്തിന്റെ പെരുമാറ്റം 16വർഷങ്ങൾക്ക് മുമ്പ് എന്റെ ഗൃഹപ്രവേശത്തിന്റെ ശുഭാരംഭം കുറിക്കാൻ പാൽ കാച്ചൽ ചടങ്ങ് നടന്നത് പുലർച്ചെ 5 മണിക്ക് . നേരം പുലരുന്നതിനു മുൻപ് അടുത്തബന്ധുക്കളെത്തുന്നതിനും മുമ്പേ പാലുകാച്ചൽ ചടങ്ങിന് എന്റെ അമ്മക്കൊപ്പം അഗ്‌നിസാക്ഷിയായി നിന്ന് നേതൃത്വം നൽകിയ വി എൻ കെ എന്ന വലിയ മനസ്സുള്ള മനുഷ്യനെ കൃതജ്ഞതാനിർഭരമായ മനസ്സോടെ മാത്രമേ എനിക്കും എന്റെ കുടുംബത്തിനും എന്നും ഓർമ്മിക്കാനാകൂ .നല്ലൊരു വായനക്കാരനും ,സംസാരപ്രിയനുമായ വി .എൻ കെ .സരസമായ സംഭാഷണ ശൈലിയിലൂടെ ഗൗരവമായ പലവിഷയങ്ങളുടെയും വികാര തീവ്രത നയപരമായ ഇടപെടലിലൂടെ പഞ്ഞിക്കെട്ടുപോലെ ഊതിപ്പാറ്റിക്കളയുന്നതിലും ഏറെ മിടുക്കനായിരുന്നു .അടിക്കാനോങ്ങിയ വടിയിൽ ചുറ്റിപ്പിണഞ്ഞുകൊണ്ട് ഫണം വിടർത്തി ആഞ്ഞുകൊത്താനടക്കുന്ന പാമ്പിനെ വിദഗ്ദ്ധനായ പാമ്പാട്ടി എങ്ങിനെയാണ് മകുടിയൂതി ശാന്തനാക്കി കൂടയിൽ കയറ്റി തോളിൽ തൂക്കി നടക്കുന്നത് അതേ ലാഘവത്തോടും നയപരവുമായിട്ടായിരിക്കും ഗൗരവപൂർവ്വമായ പല വിഷയങ്ങളും വി.എൻ.കെ എന്ന ബിസിനസ്സ് വിദഗ്ദ്ധൻ ലഘൂകരിക്കാറുള്ളത്. വലിയ സഞ്ചാരപ്രിയൻ കൂടിയായിരുന്ന ഇദ്ദേഹം.ഇന്ത്യക്കു പുറമെ ഇംഗ്ലണ്ട് ,ഫ്രാൻസ് ,റഷ്യ ,ചൈന ,ദക്ഷിണാഫ്രിക്ക ,മലേഷ്യ ,സിങ്കപ്പൂർ തുടങ്ങി 35 ലേറെ വിദേശരാജ്യങ്ങളിൽ നിരവധി തവണ സഞ്ചരിച്ചിട്ടുണ്ട് . അർഹിക്കുന്ന തോതിലുള്ള ഏത് ആഗ്രഹങ്ങളും സ്വന്തമാക്കുന്നതിൽ വിട്ടുവീഴ്ച്ചയില്ലാത്ത മനസ്സുള്ള VNK വാഹനകമ്പത്തിലും ഒട്ടും പിന്നിലായിരുന്നില്ല. ഇഷ്ടപ്പെട്ട ഏറ്റവും പുതിയ മോഡലുകളിലുള്ള കാറുകൾ ആദ്യം ഉപയോഗിക്കാനുള്ള അവകാശവും അദ്ദേഹം പലപ്പോഴും വിട്ടു കൊടുക്കാറില്ല .സുമോ എന്ന വണ്ടി ഇറങ്ങിയ ഉടനെ മലബാർ മേഖലയിൽ ആദ്യമായി ഉപയോഗിച്ചതും വി .എൻ .കെ യുടെ തലശ്ശേരിയിലെ ഒരു കമ്പനിയിൽ.പ്രസ്തുത കമ്പനിയുടെ മാനേജർ കുഞ്ഞഹമ്മദ്ക്കയും പലനേരങ്ങളിൽ ഒപ്പം ഞാനും ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതും അതെ സുമോ വണ്ടി .യാത്രയിൽ പലവിഷയങ്ങളിലൂടെയുമാവും വി എൻ കെ യുടെ സംസാരം പലപ്പോഴും കത്തിക്കയറുക . വിസ്താരഭയത്താൽ പലതും ഞാൻ വിട്ടു കളയുന്നു . അശേഷം മായം കലരാതെ ശുദ്ധമായ മസാലപ്പൊടികളും മറ്റും വിതരണം ചെയ്യുക എന്ന ലക്ഷ്യവുമായാണ് വയനാട്ടിൽ പാണ്ടാ ഫുഡ്സ് (PANDA FOODS ) എന്നപേരിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനായി നിർമ്മാണ സ്ഥാപനം തുടങ്ങിയത് . വിഎൻ കെ മുന്തിയ ഇനം വറ്റൽ മുളകിനായി ആന്ധ്രയിലെ ഒരു വലിയ കമ്പനിയിൽ മുളക് പർച്ചേസിനായി പോയ കഥ അതിലേറെ രസമുള്ളത് .സാമാന്യം വലിയൊരു ഓർഡർ നൽകാനുള്ള മുന്നൊരുക്കത്തിൽ മുളക് കേന്ദ്രത്തിലെത്തി .നേരത്തെ തന്നെ ഉടഞ്ഞു തൊലി പൊട്ടിയ കൊളുന്ത് നഷ്ടപ്പെട്ട മുളകിൽനിന്നും കുരുക്കൾ മുക്കാൽ ഭാഗവും നഷ്ടപ്പെട്ട വെറും ചണ്ടിയായ മുളക് ആദായത്തിൽ തരാമെന്നായി കമ്പനിക്കാർ .വി .എൻ .കെ .ക്കാണെങ്കിൽ ഗുണ നിലവാരമുള്ള ഉടയാത്ത നല്ലയിനം കൊളുന്ത് മുളക് തന്നെ വേണം .
മുളക് പൊടിയുണ്ടാക്കാൻ ഒട്ടുമുക്കാലാളുകളും ഇത്തരം മുളകാണ് കൊണ്ടുപോകുന്നതെന്ന് കമ്പനിക്കാർ ,മുന്തിയ ഇനം മുളക് വാങ്ങിയാൽ മാർക്കറ്റിൽ പിടിച്ചുനിൽക്കാനാവില്ലെന്നും ലാഭം കുറയുമെന്നും മുളക് പൊടിക്ക് നിറം കൂട്ടാനും മുളകിൽ മായം ചേർക്കുന്നതിനായുമുള്ള ചില വിദ്യകളും എല്ലാം ചേർന്ന കമ്പനിക്കാരന്റെ ഉപദേശം കൂടെ കേട്ടപ്പോൾ ശരിക്കും അരിശം കയറിയ വി .എൻ . കെ ”എന്നെ ബിസിനസ്സ് ചെയ്യാൻ പഠിപ്പക്കണ്ട ,ലാഭം മാത്രമല്ല എന്റെ ലക്ഷ്യം നിങ്ങളെപ്പോലുള്ളവരെ പോലീസിൽ പിടിപ്പിക്കേണ്ടതാണെന്ന് ”-പറഞ്ഞുകൊണ്ടു അവിടെനിന്നും ഇറങ്ങിപ്പോരുകയും മറ്റൊരു കമ്പനിയിൽ പോയി കൂടിയ വിലക്ക് മുന്തിയ ഇനം മുളക് വാങ്ങി വന്ന കഥ എനിക്ക് നേരിട്ടറിയാവുന്നതുമാണ് .ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെ ആത്മ രോഷം കൊള്ളുകയായിരുന്നു അദ്ദേഹം പലപ്പോഴും .മലയാളത്തിനു പുറമെ ഇംഗ്ലീഷ് ഹിന്ദി ,ഉറുദു ,അറബി തുടങ്ങിയ ഭാഷകളിലും ആശയവിനിമയം നടത്താൻ പ്രത്യേക വൈദഗ്ധ്യമുള്ളതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾക്ക് ഒരു സെക്രട്ടറി യുടെ സഹായം അദ്ദേഹം തേടാറുമില്ല . ഒരിക്കൽ തലശ്ശേരി ടൗണിൽക്കൂടി ഞങ്ങൾ കടവത്തുരിലെത്തി .അദ്ദേഹത്തിന്റെ വീട്ടിലേക്ക് .നാട്ടുമ്പുറത്തെ ചെറിയ ഒരങ്ങാടി . അവിടെ കാർനിർത്തി ഒരു കിലോ വെല്ലം വാങ്ങാൻ ഡ്രൈവറോട് പറഞ്ഞു . വെല്ലം ( ശർക്കര ) വാങ്ങി വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ അറിയാതെ ചോദിച്ചു പോയി ”ഇത്രയും നേരം തലശ്ശേരി ടൗണിൽ ചുറ്റിയിട്ടും അവിടുന്നു വാങ്ങിക്കൂടായിരുന്നോ വെല്ലം ”? .
” എടോ ,കടവത്തുർ അങ്ങാടിയിലെ ചെറിയ കച്ചവടക്കാർ ഇവിടുത്തെ നാട്ടുകാരായ എന്നെപ്പോലുള്ള കുറെ വീട്ടുകാരെ ആശ്രയിച്ചാണ് ഇവിടെ കച്ചവടം ചെയ്യുന്നത് .നമ്മളെപ്പോലുള്ളവർ തലശ്ശേരി ടൗണിൽ പോയി സാധനം വാങ്ങിയാൽ ഈ അങ്ങാടിയിലെ ചെറിയ കച്ചവടക്കാർ എങ്ങിനെ ജീവിക്കും?. വി എൻ കെ യുടെ മറുപടി എന്നെ ഇരുത്തിച്ചിന്തിപ്പിച്ചുവന്നത് സത്യം. വടകര മാഹി തുടങ്ങിയ വലിയ ടൗണുകൾ അടുത്തുണ്ടെങ്കിലും എന്റെ വീടിനടുത്തുള്ള സുബൈർ എന്നയാളുടെ ചെറിയ പീടികയിൽനിന്നും എന്റെ വീട്ടാവശ്യത്തിനുള്ള അത്യാവശ്യ സാധനങ്ങൾ മുടങ്ങാതെ വാങ്ങാൻ എന്നെ പ്രേരിപ്പിച്ചതും വി എൻ കെ യുടെ അന്നത്തെ വാക്കുകൾ .
ഇത്രയേറെ സമ്പന്നതയിലും റോഡരികിലെ ചെറിയ തട്ടുകടകൾക്ക് മുന്നിൽ കാർ നിർത്തി ഒരു സുലൈമാനി കുടിക്കുന്നതിൽ എന്തോ ഒരു പ്രത്യേക സുഖം അദ്ദേഹം അനുഭവിക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് .യാത്രാവേളയിൽ എപ്പോഴോ ഒരിക്കൽ അദ്ദേഹം വാചാലനായി .

” നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ ”.

കൈയ്യൂക്കും ആൾബലവുമുപയോഗിച്ച് കിട്ടാവുന്നത്ര ഭൂമി വളച്ചുകെട്ടി സ്വന്തം അധീനത്തിലാക്കി സ്വയം സമ്പന്നരായി മാറുകയും ചെയ്ത പ്രാകൃതവും നിന്ദ്യവുമായ നാടുവാഴി വ്യവസ്ഥക്കെതിരെ അധസ്ഥിത ജനവിഭാഗത്തിനെ പ്രധിനിധീകരിച്ചുകൊണ്ട് ഒ എൻ വി എഴുതിയ വരികളായിരുന്നു അത്. കൃഷിഭൂമി കൃഷിക്കാരന് .മാർക്‌സിയൻ പാരിസ്ഥിതിക വീക്ഷണമുൾക്കൊള്ളുന്ന വരികൾ .എന്നാൽ കൃഷിഭൂമി കൃഷിക്കാരനെന്ന ആശയം സഹസ്രാബ്ദങ്ങൾക്ക് മുമ്പുതന്നെ വിളംബരം ചെയ്തത് ഇസ്‌ളാമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നതായുള്ള അറിവുകൾ വി.എൻ .കെ .യിലൂടെയാണ് ഞാൻ അറിഞ്ഞത് .വെട്ടും കിളയുമില്ലാതെ വരണ്ടുണങ്ങിയ മണ്ണിൽ മനുഷ്യ പ്രയത്‌നം നിക്ഷേപിക്കാതെ വിസ്തൃതമായ ഭൂപ്പരപ്പ് പാഴ് നിലങ്ങളായി തരിശിടുന്നത് ദൈവഹിതത്തിന് എതിരാണെന്നാണ് യഥാർത്ഥ മുസ്ലിം വിശ്വസിക്കുന്നതത്രെ .അദ്ധ്വാനിക്കാനുള്ള സന്മനസ്സും ആരോഗ്യവും കൃഷിയിറക്കാൻ തയ്യാറുമുള്ള നിർദ്ധനർക്ക് അഥവാ പാവങ്ങൾക്ക് ഇത്തരം ഭൂമി ദാനം ചെയ്യണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നുവെന്ന അറിവെനിക്ക് ആദ്യമായി നൽകിയതും ആദരണീയനായ വി .എൻ .കെ .അഹമ്മദ് ഹാജി .തുടർച്ചയായി മൂന്നുവർഷം കൃഷിയിറക്കാതെ തരിശ് നിലമായിട്ടാൽ നിലം കൈവശം വെച്ച വ്യക്തിക്ക് ആ ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ട്ടപ്പെടുമെന്നതാണ് ഖിലാഫത്തിന്റെ നിഷ്‌കർഷയെന്നും വി.എൻ.കെ കൂട്ടിച്ചേർത്തതും ഞാൻ മറന്നിട്ടില്ല .കഠിനാദ്ധ്വാനത്തിലൂടെ വിളവുകൊയ്യാനായി നൽകിയ ഭുമിയിൽ വാഗ്ദത്തലംഘനം നടത്തിയ ബിലാലുൽ മുസ്നി എന്ന ആളിൽനിന്നും ഭൂമി അർഹിക്കുന്നവർക്ക് തിരിച്ചേൽപ്പിക്കാൻ ഖലീഫ ഉത്തരവിട്ടതും കൂട്ടിവായിക്കേണ്ട ചില അറിവുകൾ.നോമ്പ് കാലങ്ങളിൽ പെരുന്നാളിന് മുമ്പേ VNK കൃത്യമായി സക്കാത്ത് കൊടുത്തു തുടങ്ങും .നൂറുകണക്കിന്പാവങ്ങൾ സക്കാത്ത് സ്വീകരിക്കാനെത്തും .ഒരിക്കൽ ഞാനും സക്കാത്തിനായി കൈനാട്ടി . ” NO , നിനക്കില്ല ,നീയതിനർഹനല്ല ,സോറി ”. -എതിരൊന്നും പറയാതെ അപ്രിയമില്ലാതെ ഞാൻ കൈ പിൻവലിക്കുകയാണുണ്ടായത് .സാമ്പത്തിക രംഗത്തെ ഇസ്‌ളാമിൻറെ മാർഗ്ഗ ദർശനം കൃത്യവും വ്യക്തവുമാണെന്ന ഒരു സൂചന കൂടിയായിരുന്നു ആ സംഭവം .വി എൻ കെ ഹാജി ഒരിക്കൽ രാത്രി എന്നെ വിളിച്ചു .നാളെ രാവിലെ ഞാൻ വണ്ടിയുമായി വരും ,റെഡിയായി നിൽക്കണം .ചോമ്പാൽ ഹാർബർ പരിസരം കുഞ്ഞിപ്പള്ളി ,മോന്താൽ ഭാഗം റോഡിലും മറ്റും മരം നടണം.അടുത്ത രാവിലെ ഒരുലോറിയിൽ ഒരുപാട് വൃക്ഷത്തൈകളും നാല് ജോലിക്കാരും മുന്നിലെ കാറിൽ വി എൻ കെയും കൃത്യസമയത്തുതന്നെ എന്റെ വീടിനടുത്തെത്തി .ഞങ്ങൾ അന്ന് നൂറുകണക്കിന് തൈകൾ നട്ടു .പലേടങ്ങളിലും . ഏകദേശം ഒന്നുരണ്ടുമാസങ്ങൾക്കുശേഷം ഒരിക്കൽ അദ്ദേഹത്തിനൊരാഗ്രഹം ,നമ്മൾ നട്ട വൃക്ഷതൈകളുടെ വളർച്ചയൊക്കെ എങ്ങിനെയിരിക്കുന്നു ?.നമുക്കൊന്നുപോയിനോക്കാമെന്നായി .കമ്പനിയിൽനിന്ന് ഞാനും അദ്ദേഹത്തനൊപ്പം കാറിൽ കയറി .നേരത്തെ തൈകൾ നട്ട ഇടങ്ങളിലെല്ലാം പുല്ലു മൂടി കാട് പിടിച്ചെന്നല്ലാതെ ഒട്ടുമുക്കാലും നശിച്ചു പോയിരുന്നു .അവിടെയുമിവിടെയും ഒറ്റപ്പെട്ടനിലയിൽ ചിലതു മാത്രം തളിർത്തു നിൽപ്പുണ്ട് .ചിലേടങ്ങളിൽ തൊഴിലുറപ്പുകാരുടെ ശുദ്ധീകരണപ്രക്രിയകളിൽ നാമാവശേഷമായ നിലയിൽ .മറ്റു ചിലേടങ്ങളിൽ കന്നുകാലികൾ മേയുന്നു .എനിക്കതിയായ ദുഃഖവും അമർഷവും തോന്നിയ നിമിഷവുംകൂടിയാണത് .പതിനായിരക്കണക്കിന് രൂപ സ്വന്തം കയ്യിൽനിന്നും ചിലവാക്കിയാണ് അദ്ദേഹം ഈ നന്മചെയ്തത് .ഫലമോ ശൂന്യം .പക്ഷെ വി .എൻ. കെ എന്നെ സമാധാനിപ്പിക്കുകയായിരുന്നു .സാരമില്ല നൂറു തൈനട്ടാൽ പത്തെണ്ണമെങ്കിലും നിലനിന്നുകിട്ടിയാൽ അത് മഹാഭാഗ്യമാണെന്നാണ് അദ്ദേഹമെന്നെ പഠിപ്പിച്ചത് .നാൽപ്പത് വർഷത്തിലേറെയായി വി. എൻ .കെ .എന്ന ഈ നന്മ മനുഷ്യൻ അതിരടയാളങ്ങളില്ലാത്തതോതിൽ ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു .നാഷണൽ ഹൈവേയുടെ വശങ്ങളിൽ ,മറ്റു പഞ്ചായത്തു റോഡുകളുടെ സമീപങ്ങളിൽ .പുഴക്കരികിൽ ,കനാലുകളുടെ അരികിൽ , ആറളം ഫാമിന്നരികിൽ ,കരിപ്പൂർ എയർപ്പോർട്ടിന്റെ പരിസരങ്ങളിൽ,ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജ് പരിസരം ,കുറ്റ്യാടി ജുമാ മസ്ജിദ് ,ഖബർസ്ഥാൻ ,പഴശ്ശി കനാലിന്റെ ഇരുവശത്തും പാനൂർ മുതൽ കടവത്തുർ വരെ, കരിപ്പൂർ മുതൽ കുഞ്ഞിപ്പള്ളി മാഹി വരെ ദേശീയപാതയിൽ .വർഷങ്ങൾക്കു മുമ്പ് വി .എൻ.കെ. അഹമ്മദ് ഹാജി നട്ടുവളർത്തിയ തേക്കുമരങ്ങൾ പലേടങ്ങളിലും പടുകൂറ്റാനായി പടർന്നുപന്തലിച്ച നിലയിൽ .ഒന്നും രണ്ടുമല്ല .എണ്ണമറ്റ തേക്കുമരങ്ങൾ .പ്ലാവുകൾ ,ഞാവൽ മരങ്ങൾ .വീട്ടി മരങ്ങൾ .എല്ലാം ചേർന്നാൽ കോടികൾ വിലമതിപ്പിലെത്തിനിൽക്കുന്നു .അതിന്റെ അവകാശികൾ ആരായാലും വേണ്ടില്ല. മരോഹരം ഹാജി എന്ന് വിളിക്കാറുള്ള വി എൻ കെ എന്ന പരിസ്ഥിതി സ്‌നേഹിക്ക് അതൊരു വിഷയമാവുന്നുമില്ല .സർക്കാരിന് മുതൽക്കൂട്ടാവുമെങ്കിൽ അതിലും സന്തോഷം .പുന്നോൽ കരീക്കുന്നിൽ നട്ടുവളർത്തിയ തേക്കിനും വീട്ടിക്കും വയനാട്ടിൽ നിന്നും ലോഡുചെയത് വരുന്ന കാപ്പിത്തൊണ്ടും ചാണകവും മുടങ്ങാതെ വി എൻ കെ അടുത്തുനിന്ന് നിർദ്ദേശം കൊടുത്ത് വളമിട്ടതിൻറെ ഐശ്വര്യം ആരെയും അത്ഭുതപ്പെടുത്തും .കൂറ്റൻ തേക്കുമരങ്ങൾ ! നാട്ടിലാരും തേക്കിന് വളമിടുന്നത് കണ്ടിട്ടില്ല .കൂട്ടത്തിൽ അന്ന് എനിക്കും തന്നു കുറെ തേക്കിൻ തൈകൾ .18 വർഷത്തെ വളർച്ചയെത്തിയ തടിയൻ തേക്കുമരങ്ങൾ എൻറെ വീട്ടിനോട് ചേർന്ന പറമ്പിലുമുണ്ട് . വി എൻ കെ യുടെ തലയെടുപ്പ് പോലെ .കടവത്തുരിലെ വീട്ടുവളപ്പിലും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും അത്യാവശ്യം വേണ്ട പച്ചക്കറികളുടെയും കുരുമുളക് വള്ളികളുടെയും കൃഷി മുടങ്ങാതെ നോക്കുന്നു .പ്രായാധിക്യത്തിന്റെ അരുതായ്മയും വയ്യായ്മയും ഒന്നും വകവെക്കാതെ എന്നും രാവിലെ ഓരോ ചെടിയുടെ അടുത്തും ചെന്നുനിന്നു തൊട്ടും തലോടിയും സൂക്ഷ്മ നിരീക്ഷണം നടത്തുന്നതും വി എൻ കെ യുടെ മുടങ്ങാത്ത ദിനചര്യ .പച്ചക്കറി വിളകൾക്ക് ജൈവകീടനാശിനികൾ മാത്രമേ ഉപയോഗിക്കൂ .
മണ്ണിലെ ഈർപ്പവും ജലവും ഗണ്യമായ തോതിൽ വലിച്ചൂറ്റിക്കുടിക്കുന്ന അക്കേഷ്യ പോലുള്ള ക്ഷുദ്ര മരങ്ങൾ വ്യാപകമായി നട്ടുവളർത്തുന്നവരെ പരമപുച്ഛത്തോടെയാണ് ഈ നല്ല മനുഷ്യൻ നോക്കിക്കാണുന്നത് .കാർബൈഡ് ചേർത്ത് മാങ്ങപഴുപ്പിക്കുന്നവരെ പോലീസിൽ പിടിപ്പിക്കണമാണെന്ന് പറയുക മാത്രമല്ല ,പലപ്പോഴും ധാർമ്മിക രോഷത്തോടെ പ്രതികരിച്ചിട്ടുമുണ്ട് .സംസ്ഥാനത്തിനകത്തും പുറത്തും വിദേശങ്ങളിലും വരെ വ്യാപാര വ്യവസായ ശൃംഖലകളുള്ള ഇദ്ദേഹം വയനാട്ടിൽ ഏക്കർ കണക്കിന് സ്ഥലത്ത് ബുൾബുൾ പ്ലാന്റേഷൻ എന്നപേരിൽ ജൈവ കൃഷി നടത്തുന്നു .ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണെന്ന് ഏത് വേദിയിലും ഉറക്കെപ്പറയാൻ മടിയില്ലാത്ത വി .എൻ.കെ എന്ന വേറിട്ട വ്യക്തിത്വം ഭക്ഷണത്തിൽ മായം ചേർക്കുന്നത് നിന്ദ്യവും നികൃഷ്ടവുമായ കൃത്യമാണെന്ന് വിശ്വസിക്കുക മാത്രമല്ല ഇത്തരക്കാരെ പരസ്യമായി വിമർശിക്കാനും ഈ പ്രായത്തിലും ഇദ്ദേഹം ഉശിര് കാട്ടാറുണ്ട് .മക്കളോടെല്ലാം ആവർത്തിച്ചു പറയാറുള്ളതും ഭക്ഷണത്തിൽ മായംചേർത്ത് കച്ചവടം ചെയ്ത് പണം സമ്പാദിക്കരുതെന്നാണ് .വിഭജനത്തിന് മുമ്പ് കറാച്ചിയിൽ .പിന്നീട് ദുബായിയിൽ .റോയൽ ഇന്ത്യൻ നേവിയിലും ബംഗ്‌ളാദേശിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്,യു എ ഇ യിൽ അൽമദീന സൂപ്പർ മാർക്കറ്റ് ,ഇന്ത്യയിൽ പലേടങ്ങളിലും ഹോട്ടൽ ബിസിനസ്സ് ,പാണ്ടാ ഫുഡ്സ് തുടങ്ങിയ ഫുഡ് ഇൻഡസ്ട്രി. ആദ്യകാലങ്ങളിൽ അശേഷം മായം ചേരാത്ത ചായപ്പൊടി ദുബായിയിൽ വിതരണം ചെയ്തതിന് അധികൃതരുടെ അനുമോദനം ഏറ്റുവാങ്ങാനും വേറിട്ട മനസ്സുള്ള ഈ ബിസിനസ്സുകാരന് ഭാഗ്യമുണ്ടായിട്ടുണ്ട് .വി.എൻ .കെ.യുടെ പൂർവ്വപിതാക്കന്മാർ രണ്ടുമൂന്നു തലമുറകൾക്ക് മുൻപ് പ്രശസ്തമായ ഏതോ ഒരു ഇല്ലത്തുള്ള നമ്പുതിരി കുടുംബക്കാരായിരുന്നു എന്ന കഥ അഭിമാനപൂർവ്വം ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഞാനോർക്കുന്നു .അശേഷം യാഥാസ്ഥികമനോഭാവമില്ലാത്ത തികഞ്ഞ പുരോഗമന ചിന്താഗതിക്കാരനായ ഇദ്ദേഹം ബുദ്ധിമുട്ടനുഭവിക്കുന്നവരോട് കരുണ കാണിക്കാൻ മടിക്കാറില്ല .കടവത്തൂരിലും മറ്റു ചില സ്ഥലങ്ങളിൽ നിന്നുമായി സ്വന്തക്കാരും വേണ്ടപ്പെട്ടവരും നാട്ടുകാരുമായ നിരവധിപേരെ എത്രയോ വർഷങ്ങൾക്ക് മുൻപുതന്നെ ദുബായിയിലും മറ്റുമായി സ്വന്തം ചിലവിൽ കൊണ്ടുപോയി ഓരോതരം ജോലിയിലേർപ്പെടാൻ അവസരം നൽകാൻ ഈ പരോപകാരിക്ക് കഴിഞ്ഞിട്ടുണ്ട് .ഇവരിൽ പലരും ഇന്ന് സമ്പന്നതയുടെ ഉച്ചകോടിയിലെത്തിനിൽക്കുന്നുവെന്നതും രാജ്യാന്തര വ്യാപാരപ്രമുഖരായിത്തീർന്നുവെന്നതും നിഷേധിക്കാനാവാത്ത യാഥാർഥ്യം .ഇവരിൽ ഒട്ടുമുക്കാലാളുകളും അവരുടെ കുടുംബങ്ങളും കൃതജ്ഞതാനിർഭരമായ മനസ്സോടെ ആദരവോടെ തന്നെയാണ് ഈ വലിയ മനുഷ്യനെ ഇന്നും നോക്കിക്കാണുന്നത് .തൊട്ടതെല്ലാം പൊന്നാക്കുന്ന കൈപ്പുണ്യമുള്ള വി എൻ കെ കൈവെക്കാത്ത ബിസിനസ്സ് മേഖലകളിലല്ല. ഏക്കറുകണക്കിന് ജൈവ കൃഷി, പാണ്്ഡഫുഡ് എന്നപേരിൽ അശേഷം മായം ചേരാത്ത ശുദ്ധമായ പലവ്യഞ്ജന പൊടികൾ ,ചായപ്പൊടി .കാപ്പിപ്പൊടി,കുരുമുളക് ,ഇഞ്ചി ,നേന്ത്രക്കായ ,പയർ തക്കാളി മറ്റ് ഭക്ഷ്യവസ്തുക്കൾ ,ഹോട്ടൽ വ്യാപാരം ,വസ്ത്രവ്യാപാരം ,സൂപ്പർ മാർക്കറ്റുകൾ ,അന്തർദ്ദേശീയ നിലവാരത്തിൽ താമസസൗകര്യങ്ങളൊരുക്കിയ വയനാട്ടിലെ ഹോട്ടൽ ഗ്രേയ്റ്റ് ജൂബിലിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചതാവട്ടെ വി എൻ കെ യുടെ അടുത്ത സുഹൃത്തായ മുൻ മന്ത്രി പി ആർ കുറുപ്പിന്റെ മകനും മുൻ കൃഷി മന്ത്രിയുമായ .കെ. പി. മോഹനൻ .രാജ്യത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചുവരുന്ന വി എൻ കെ ഗ്രൂപ്പിന്റെ പ്രവർത്തനമേഖലകളിൽ സേവമനുഷ്ഠിക്കുന്ന എണ്ണമറ്റ തൊഴിലാളികൾ ആരൊക്കെ ? എത്രപേർ ?എവിടുത്തുകാർ ?അവരുടെ പ്രശ്‌നങ്ങൾ എന്തൊക്കെ ? എല്ലാം ഇരുന്നേടത്തുനിന്നും കൃത്യമായി മനസ്സിലാക്കാനുള്ള വി എൻ കെയുടെ അനിതര സാധാരണമായ വൈദഗ്ദ്യം മികച്ച ബിസിനസ്സ് മാനേജ്‌മെന്റ് വിദഗ്ദ്ധനെപ്പോലും അമ്പരപ്പിക്കുന്ന തോതിൽ .എല്ലാദിവസങ്ങളിലും 5 നേരം പള്ളിയിൽ പോകുന്നത് അദ്ദേഹം മുടക്കാറില്ല .തനിച്ചല്ല .മക്കളും പേരക്കുട്ടികളുമടക്കം .കടവത്തുരിലെ വീട്ടിൽ മക്കൾക്കും പേരക്കുട്ടികൾക്കും മറ്റുമായി വിവിധ മതഗ്രന്ഥങ്ങളങ്ങിയ നിരവധി പുസ്തകങ്ങളുടെ വിപുലമായ ശേഖരവുമായി ലൈബ്രറിയും എത്രയോ മുൻപുതന്നെ ഒരുക്കിയിട്ടുണ്ട് .നാട്ടുകാരുടെ സൗകര്യാർത്ഥം കടവത്തുരിൽ ഐഡിയൽ ലൈബ്രറിഎന്നപേരിൽ വിപുലമായതോതിൽ പുസ്തക ശേഖരമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി സ്ഥാപിക്കാൻ അമരക്കാരനായി പ്രവർത്തിച്ചതും മികച്ച വായനക്കാരൻകൂടിയായ വി എൻ കെ അഹമ്മദ് ഹാജി എന്ന കടവത്തൂരുകാരൻ. മികച്ച പരിസ്ഥിതിപ്രവർത്തകൻ എന്ന നിലയിൽ നാട്ടുകാർ ഇദ്ദേഹത്തിന് പൗരസ്വീകരണവും നൽകിയിതായിട്ടുണ്ട്. ഖദീജയാണ് സഹധർമ്മണി .മക്കൾ 7 പേർ .ഇവരിൽ മൂന്നു പേർ ദുബായിയിൽ വിവിധ ബിസിനസ്സ് കേന്ദ്രങ്ങളിൽ ,ബാക്കിയുള്ളവർ നാട്ടിലും ബിസിനസ്സ് രംഗത്തും .പരിസ്ഥിതിയുടെ സുസ്ഥിതിക്ക് ജൈവവൈവിധ്യം അനിവാര്യമാണെന്ന് ഉച്ചഭാഷണിയിൽ ഉറക്കെ പറയുകയും ലോകപരിസ്ഥിതി ദിനത്തിൽ ഉടുവസ്ത്രത്തിൽ അശേഷം ചെളിപുരളാതെ വനമഹോത്സവത്തിന് നേതൃത്വം നൽകി പത്രത്താളുകളിൽ ഫോട്ടോ അച്ചടിച്ചുവരുന്നതിൽ സുഖവും സന്തോഷവും കാണുന്നവരേറെയുള്ള നമ്മുടെ നാട്ടിൽ പ്രവർത്തിക്കാൻ മാത്രമറിയുന്ന ഹരിതകാന്തിയുടെ നാട്ടുകാവലാൾ എന്ന് വിശേഷിപ്പിക്കാവുന്ന വന്ദ്യ വയോധികൻ വി .എൻ .കെ .അഹമ്മദ് ഹാജി എന്ന കടവത്തൂർക്കാരന് നമുക്ക് ദീർഘായുസ്സ് നേരാം .പ്രാർത്ഥനയോടെ.

 

തയ്യാറാക്കിയത്

ദിവാകരൻ ചോമ്പാല
Share

Leave a Reply

Your email address will not be published. Required fields are marked *