കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിന് കിഫ്ബിയിലെ പല പദ്ധതികളുമായും ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിദേശത്ത് നിന്നും പണം വന്ന എല്ലാ ഇടപാടിലും ഇവർക്ക് പങ്കുണ്ടെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കിഫ്ബിയിലെ കരാറുകൾ സുതാര്യമായല്ല നടന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് മന്ത്രി തോമസ് ഐസക്ക് ലക്ഷ്യമിട്ടത്. നിലവിലുള്ള ടെൻഡർ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കാതെയാണ് കരാർ നൽകിയത്. സി.എജിയെ വിമർശിക്കുന്ന തോമസ് ഐസക്കും സർക്കാരും അന്വേഷണം ഭയപ്പെടുകയാണ്. സി.എജി കണ്ടെത്തിയ കാര്യങ്ങൾ അന്വേഷിച്ചാൽ എന്താണ് പ്രശ്‌നം. കരാറിലെ നടപടിക്രമങ്ങൾ സുതാര്യമല്ലെന്നും അഴിമതിക്ക് കാരണമാവുന്നു എന്നും മനസിലായത് കൊണ്ടാണ് സി.എജി കിഫ്ബിയെ വിമർശിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണ്ണക്കടത്തുകാരെ സ്ഥാനാർത്ഥിയാക്കിയതോടെ അവരുമായുള്ള സി.പി.എം ബന്ധം കുറച്ചുകൂടി വ്യക്തമായി. പാവപ്പെട്ട പാർട്ടിക്കാരെ ഒഴിവാക്കി കള്ളക്കടത്തുകേസിലും ഐസ്‌ക്രീംപാർലർ കേസിലും പ്രതികളായവരെ സി.പി.എം മത്സരിപ്പിക്കുകയാണ്. പാർട്ടിക്കാർ ഇതിനെതിരെ രംഗത്ത് വരണമെന്ന് സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, ജനറൽ സെക്രട്ടറി ബാലസോമൻ എന്നിവർ പങ്കെടുത്തു.