വള്ളത്തോൾ പുരസ്‌കാരം നേടിയ കവി പി.നാരായണകുറുപ്പ്. പി. പരമേശ്വരൻ പിള്ളയുടേയും, എൻ. പാറുക്കുട്ടിയമ്മയുടേയും മകനായി ഹരിപ്പാട് എരുമക്കാട് തറവാട്ടിൽ 1934 സെപ്തംബർ 5 നാണ് ജനിച്ചത്. കരുവാറ്റ എൻ.എസ്.എസ്. സ്‌കൂളിലും ആലപ്പുഴ സനാതന ധർമ്മകോളേജിലും തുടർന്ന് തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിലും ആയിരുന്നു വിദ്യാഭ്യാസം. 1955ൽ ബി.എസ്.സിയും പിന്നീട് ബി.ടിയും പാസ്സായി. അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു ഒരു വർഷം, തുടർന്ന് 1956ൽ കേന്ദ്ര സർവ്വീസിൽ ഡൽഹിയിൽ ജോലി ലഭിച്ചു. ജോലിക്കിടയിൽ ആഗ്രാസർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് എം.എ. രണ്ടാംറാങ്കോടെ പാസ്സായി. 1967 വരെ ഡൽഹിയിൽ തുടർന്നു. ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ താമസിച്ചിരുന്ന വേളയിലാണ് അദ്ദേഹം സാഹിത്യരംഗത്തേക്ക് സജീവമായി കടന്നുവരുന്നത്.
അവിടെയുണ്ടായിരുന്ന മലയാളിസുഹൃത്തുക്കൾ അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനത്തിന് പ്രചോദനമായിരുന്നു. കവിതകൾ മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണ് കാവ്യരംഗത്ത് അദ്ദേഹം സ്ഥിരപ്രതിഷ്ഠനായത്. ഡോ. അയ്യപ്പപണിക്കരായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗദർശി. അസ്ത്രമാല്യം, കുറും ,കവിത, നാറാണത്തു കവിത,ഭൂപാളം, നിശാഗന്ധി, സാമംസംഘർഷം, ദശപുഷ്പം, ചൂതയ്യന്റെ ദുരന്തപുരാണം, കപോതപുഷ്പം, അമ്മത്തോറൂം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കാവ്യകൃതികൾ. ഇവയിൽ ദശപുഷ്പം തിരഞ്ഞെടുത്ത 109 കവിതകളുടെസമാഹാരമാണ്. നാടകം, കഥകളി, കൂടിയാട്ടം, നാടൻപാട്ടുകൾ, വൃത്തശാസ്ത്രം, അഭിനയതത്ത്വം, ഭാരതീയ ചിന്ത, പുരാണവിജ്ഞാനീയം തുടങ്ങിയ എല്ലാം അദ്ദേഹത്തിന് വശമാണ്. സാഹിത്യ കാവ്യരംഗത്ത് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. തനി നാടൻ ശൈലിയിൽമലയാളത്തറവാടിന്റെ പൂമുഖത്ത് നാലുംകൂട്ടി മുറുക്കിരസിച്ച് ഈ മണ്ണിന്റെ വിതയും വിളയും കാത്തുപോരുന്ന ഈ ഓണാട്ടുകരക്കാരന്റെ ഹൃദയവിശുദ്ധിയിൽ വിടരുന്നഓരോ സ്വരവർണ്ണത്തിലും കാലങ്ങളെ കൂട്ടി വിളിക്കുന്ന കാന്തസ്പർശമുണ്ട്. നല്ലൊരു കഥകളി ആസ്വാദകൻ കൂടിയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി തന്റെ സർഗ്ഗവൈഭവത്തിന്റെ പ്രഭാവത്തിൽ ഭാഷയേയും സാഹിത്യത്തേയും വിശേഷിച്ച് കവിതയേയും ധന്യമാക്കിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് കേരളാഗവൺമെന്റ് പ്രശസ്ത സാഹിത്യ പ്രതിഭകൾക്കു നൽകുന്ന വള്ളത്തോൾപുരസ്‌ക്കാരവും മാതാഅമൃതാനന്ദമയീ ആശ്രമത്തിൽനിന്നു നൽകിവരുന്ന അമൃതകീർത്തിപുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. കവിതയും സാഹിത്യവിമർശനത്തിനുമുള്ള കേരള സാഹിത്യഅക്കാദമി അവാർഡുകളും ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകിവരുന്ന ഓടക്കുഴൽ അവാർഡും, സാഹിത്യ പ്രവർത്തക സഹകരണസംഘവും, കേരളബാലസാഹിത്യ അവാർഡുകളും ബാലഗോകുലം വക ജന്മാഷ്ഠമി പുരസ്‌ക്കാരവും കൂടാതെ നിരവധി പുരസ്‌ക്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുള്ള കുറുപ്പ് അക്ഷരാർത്ഥത്തിൽ ഒരു സാഹിത്യസവ്യസാചിയായി കേരളക്കരയിൽ പ്രശോഭിച്ചു നിൽക്കുന്ന വൃക്തിത്വത്തിനുടമയാണ്. ഏതാണ്ട് 1954 ന് അടുത്ത് ആരംഭിച്ച ആ സർഗ്ഗസപര്യ അറുപതിയഞ്ച് വർഷം പിന്നിടുമ്പോഴും അനവരതം അഭംഗുരം തുടർന്നുകൊണ്ടിരിക്കുന്നത് ഒരനുഗ്രഹീത ജന്മത്തിന്റെ സാഫല്യമാണ്. ‘ദശപുഷ്പം” തിരഞ്ഞെടുത്ത 109 കവിതകളുടെ സമാഹാരമാണ് അന്തർ ഗൗരവമുള്ള ചിന്താബന്ധുരമായ ഈ കവിതകൾ സ്വഛന്ദും സ്വകീയവുമായ ഒരു രചനാശൈലി കൊണ്ട് വേറിട്ടു നിൽക്കുന്ന ഒരനുഭവമാണ് കാവ്യാസ്വാദകർക്ക് സമ്മാനിക്കുക. ഇത്രയേറെ ഉണർവ്വോടെ സമൂഹത്തെ നോക്കിക്കാണുന്ന മറ്റൊരാളെ ചൂണ്ടിക്കാട്ടുവാനില്ല എന്നതാണ് സത്യം. ധർമ്മത്തിന്റെയും നീതി ബോധത്തിന്റെയും സനാതനങ്ങളായ മൂല്യങ്ങളുടെയും കാവലാളായി കാവ്യ രംഗത്തു മാത്രമല്ല സാഹിതൃത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സമസ്തമേഖലകളിലുംനിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം….!
വിദ്യാർത്ഥി ജീവിതകാലം മുതലേ സാഹിത്യവുമായി ബന്ധപ്പെട്ടിരുന്നോ? ആദ്യ കൃതി ഏതാണ് ?
അതെ.. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തുള്ളൽ കഥകളും മറ്റും എഴുതുമായിരുന്നു. പിന്നെ കുട്ടിക്കാലത്ത് കഥകളി കാണുമ്പോൾ കഥ പറഞ്ഞു മനസ്സിലാക്കിതരാൻ ആളുണ്ടായിരുന്നു. ഞാനെഴുതിയ ആദ്യ കൃതി ‘ അസ്ത്രമാല്യം’ ആണ്. അത് അന്ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേന്ദ്ര ആശയത്തിന്റെ ഭാവരാഹിത്യമാണ് ആധുനിക കവിതയുടെ പോരായ്മ എന്ന നീരീക്ഷണത്തോട് എന്താണഭിപ്രായം ?
ആധുനിക കവിതയുടെ പോരായ്മ എന്ന് പറയുന്നത് ഭാവങ്ങളുടെ അഭാവം. അത് ശൂന്യതയാണ്. അത് ന്യായീകരിക്കാൻ വേണ്ടി ‘ അകവിത ‘ എന്ന പേർ കൊടുത്തു. തെക്കൻ അമേരിക്ക, ഈജിപ്ത്, ആഫ്രിക്ക, തുടങ്ങിയ തെക്കൻ രാജ്യങ്ങളിൽ നിന്ന് പുതിയ സമ്പ്രദായങ്ങൾ ഇറക്കുമതി ചെയ്തു എന്നവകാശപ്പെടുന്നു. ശൂന്യതയെ ന്യായീകരിക്കാൻ വേണ്ടി അന്തസ്സത്തയില്ലാത്ത പശ്ചാത്യ പ്രസ്ഥനങ്ങളെ പൊക്കിപ്പിടിക്കുന്നു. ഈ പുതിയ എഴുത്തുകാർ വെറും വ്യാവസായിക പ്രചരണം എന്നല്ലാതെ യാതൊരു പരിഗണനയും അർഹികുന്ന ഒരു പ്രവർത്തിയല്ല ഇത്. അതിന് അധിക നാളത്തെ നിലനിൽപ്പും ഉണ്ടാവില്ല. ദേശീയ സംസ്‌കാരത്തിലും സ്വന്തം തറവാടിന്റെ പാരമ്പര്യത്തിലും അടിയുറച്ച നിലപാട് ഏത് സാഹിത്യ സ്യഷ്ടിക്കും കൂടിയേ തീരൂ. പ്രത്യേകിച്ചും അത്തരമൊരു ബലിഷ്ടമുള്ള ഭാരതത്തിൽ.
ഉത്തരാധുനിക സാഹിത്യത്തിൽ സ്യഷ്ടിയുടെ അബോധം മനസ്സിലാകാതെ രാഷ്ട്രീയമായും ചരിത്രപരമായും വിലയിരുത്തുന്നത് ശരിയാണോ?
അതാണ് മേൽപ്പറഞ്ഞത്. സർഗ്ഗാത്മകമായ എഴുത്തല്ല ജേർണ്ണലിസം. അതിന് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ. അത് രാഷ്ട്രീയ-ജാതി അടിസ്ഥാനത്തിലേക്ക് പിടിച്ചു താഴ്ത്തും. അവിടെ പിന്നെ സർഗ്ഗക്രിയ ഇല്ല. അന്നത്തെ ജനകീയ താൽപ്പര്യമനുസരിച്ച് പത്രപ്രവർത്തകന്റെ നിരീക്ഷണങ്ങൾ എഴുതി കൂട്ടുന്നു എന്നേ ഉള്ളൂ. ഭാവനയോ, സ്യഷ്ടിയോ അവിടെ ഉദിക്കുന്നില്ല. രവീന്ദ്രനാഥ ടാഗോർ, വള്ളത്തോൾ, തുടങ്ങിയവരുടെ കാര്യത്തിൽ സൃഷ്ടി ചൈതന്യം ഉണ്ടായിരുന്നു. അത് വൈലോപ്പിള്ളിക്ക് ശേഷം അതിന് ഗണ്യമായ ശോഷണം സംഭവിച്ചു.
കവികൾ രാഷ്ട്രീയ നിലപാടെടുകുമ്പോൾ കൊത്തന്റയോ, കയ്യാളന്റെയോ, വേഷപ്പകർച്ച, സ്വയം കയ്യാളുകയ്യല്ലേ?
അത് രാഷ്ട്രീയക്കാരുടെ ലൈൻ ആണ്. പ്രത്യയശാസ്ത്രം അനുസരിച്ച് എഴുതുന്ന കവികൾ 1950 മുതൽ 2000 വരെ അരപതിറ്റാണ്ട്കാലം പുരോഗമന പ്രത്യയശാസ്ത്രം അനുസരിച്ച് എഴുതണമെന്ന് നിർബന്ധമുള്ളവരായിരുന്നു. എഴുത്തുകാർക്ക് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയം ഉണ്ടായപ്പോൾ എഴുത്തുകാരുടെ നിലപാട് മാറി. കൂലി എഴുത്തുകാരൻ എന്ന നിലയിൽ ഇന്നിപ്പോൾ കുറച്ച് പേരുണ്ട്. എഴുത്തിന്റെ കാര്യത്തിൽ അവരെ പരിഗണിക്കുന്നു. (വാൾ പോസ്റ്റർ എഴുത്തുകാരെ) ഭേദപ്പെട്ട എഴുത്തുകാരൊക്കെ രാഷ്ട്രീയക്കാരുടെ കൂലി എഴുത്തുകാർ എന്ന പദവി ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നു. ഇതിന് പകരം അവർക്ക് ആശ്രയിക്കാനുള്ളത് ദേശസംസ്‌കാരത്തിൽ പ്രതിഷ്ഠിതമായ ധാർമ്മിക അടിസ്ഥാനമുള്ള വീക്ഷണമാണ്. സ്വാതന്ത്ര ചിന്തയുള്ള എഴുത്തുകാർ ഈ ദേശീയ ധാരയിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണം ഇന്ന് കാണുന്നുണ്ട് എന്നതാണ് ഭാരതീയ സംസ്‌കാരത്തെ സംബന്ധിച്ച ഒരു ശുഭ പ്രതീക്ഷ നമുക്ക് തരുന്നത്.
ഭൗതിക പ്രപഞ്ചത്തെ നിരാകരിച്ച് ഭാവനാ ലോകത്തു നിൽക്കുന്ന കവി യഥാർത്ഥത്തിൽ അരാഷ്ട്രീയവാദിയല്ലേ?
രാഷ്ട്രീയം എന്ന് പറയുന്നത് രാഷ്ട്രീയത്തിന്റെ നിലനിൽപ്പിനെ സംബന്ധിച്ച് ഉള്ള പ്രമാണമാണ്. അതിനെ വെറും വോട്ട് ബാങ്കായിട്ടാണ് ഇന്ന് ആൾക്കാർ ധരിച്ചു പോരുന്നത്. യഥാർത്ഥ രാഷ്ട്രീയത്തിന് എഴുത്തുകാരൻ അയിത്തം കൽപ്പിച്ചു കൂടാ. പക്ഷേ വോട്ടു ബാങ്കു രാഷ്ട്രീയം തികച്ചും ധർമ്മ വിരുദ്ധമാണ്.
ഇന്നിപ്പോ കവിതയുടെ മേഖല തുടങ്ങി സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും ഒരു ജീർണ്ണത സഭവിക്കുന്നതായി കരുതുന്നതിൽ പിശകുണ്ടോ?
ജീർണ്ണത എന്ന് പറയുന്നത് ചില പ്രസ്ഥാനങ്ങൾ പഴകി കഴിയുമ്പോൾ അത് ദുരുപയോഗപ്പെടുത്തുകയും അസമർത്ഥമായി കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ നിർജീവത ഇവിടെ ജീർണ്ണതയോടൊപ്പം തന്നെ സൗന്ദര്യബോധത്തിന്റെ അഭാവം, അത് ഏറ്റവും കൂടുതൽ കേരളത്തിലാണ് കാരണം ജാതിയുടേയും രാഷ്ട്രീയത്തിന്റെയും പ്രസരണം.
ഇന്നത്തെ പുതിയ കവികളെക്കുറിച്ചെന്താണഭിപ്രായം?
പുതിയ കവികളെല്ലാം ഭാവനാ ശൂന്യരാണ്. പ്രതിഭാ വിലാസം പ്രകടിപ്പിക്കുന്നവരെ എടുത്തു പറയാൻ തോന്നുന്നുന്നില്ല. ഇനി പുതുതായി ഉണ്ടാകേണ്ടിയിരിക്കുന്നു.
കലാസാംസ്‌കാരിക രംഗത്ത് ആദരിക്കുന്നത് ആരെയൊക്കെയാണ് ? അതുപോലെ രാഷ്ട്രീയ രംഗത്തും ?
അതായത് ഗുരു സ്ഥാനീയർ ആയിട്ടുള്ളത് വൈലോപ്പിള്ളി, ഇടശ്ശേരി, അവരുടെ രചനകൾ അറിഞ്ഞോ അറിയാതെയോ നമ്മേ സ്വാധീനിച്ചിട്ടുണ്ട്. കവിത്വം അവകാശപ്പെടാവുന്ന സുഗതകുമാരി, ശ്രീകുമാരൻതമ്പി, വിഷ്ണു നാരായണൻ നമ്പൂതിരി, എസ് രമേശൻ നായർ, എന്നിവരാണ്. രാഷ്ട്രീയ രംഗത്തും ധർമ്മബോധമുള്ളവർ ഗാന്ധിയോടുകൂടി അവസാനിച്ചു. പിന്നീട് അധികാരമോഹ രാഷ്ട്രീയമായിരുന്നു. ഇന്നിപ്പോൾ അങ്ങനെ സ്വീകാര്യമായി ആരുമില്ല. ഉള്ളവർ നിർജ്ജീവമാണ്.
സാറിന്റെ കുടുംബത്തെപ്പറ്റി ഒന്ന് പറയാമോ ?
ഭാര്യയുടെ പേര് വിജയലക്ഷ്മി, മക്കൾ മൂന്ന് പേർ, ഒരു മകളും രണ്ട് പുത്രന്മാരും, മകൻ ശാസ്താംകോട്ട ദേവസ്വം കോളേജിലെ പ്രാഫസ്സർ ഭാര്യ ഡോ. വ്യന്ദ, മകൻ കെ.എൻ ബിജു പാർലമെന്റിൽ ദ്വിഭാഷി (ഇന്റർപ്രറ്റർ) ആയി ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൻ കെ.എൻ വിവേക് നാരായണൻ ടൈംസ് പത്രക്കാരുടെ ചാനലായ ടൈംസ് നൗ മീഡിയായിൽ വർക്ക് ചെയ്യുന്നു. അതിന്റെ എഡിറ്റർ ആണ്.
ഏതെല്ലാം പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നു?
ഞാൻ പഠിക്കുന്ന കാലത്ത് ഇടതുപക്ഷ പ്രസ്ഥാനമാണ് കുട്ടികൾക്ക് സ്വീകാര്യമായി തോന്നിയിരുന്നത്. അന്നൊക്കെ ദേശാഭിമാനിയിലും മറ്റും ഞാൻ എഴുതുമായിരുന്നു. അതി ക്രൂരമായ വർഗ്ഗസമരം നടപ്പാക്കിയപ്പോൾ സ്റ്റാലിനിസമായി അത് മാറിയപ്പോൾ ഇടതു പ്രസ്ഥാനം വിട്ട ധാരാളം പേരുണ്ട്. പിന്നെ ചൈനയിലെ ടിയാനെൻ സ്‌ക്വയർ സമരം എല്ലാവർക്കുമറിയാമല്ലോ. ഇടതുപക്ഷത്തിന്റെ രാക്ഷസീയമായ മുഖം അന്ന് പലരും കണ്ടു. ആർ.എസ്.എസ് ഒരു സാംസ്‌കാരിക പാർട്ടിയാണ്. ഋഷിമാരുടെ ദർശനം, ഭാരതീയ സംസ്‌കാരം, ആത്മീയത എന്നീ കാര്യങ്ങളിൽ വേരോട്ടമുള്ള ഒരു സാംസ്‌കാരിക പ്രസ്ഥാനമാണ്. ആ രീതിയിലുള്ള ഒരു മാറ്റം അപ്പോൾ എനിക്കുണ്ടായി. സാംസ്‌കാരികമായിട്ടുള്ള കാഴ്ചപ്പാടിൽ വൈകാരികമായ ഒരടുപ്പം ഉണ്ടായി. ഇത്തരം എഴുത്തുകാരെ സംഘപരിവാർ എന്ന് മുദ്രകുത്തും.
ഉദാ: മഹാകവി അക്കിത്തം, ടി.പത്മനാഭൻ, തുറവൂർ വിശ്വംഭരൻ, എസ്.രമേശൻ നായർ, തുടങ്ങിയവരൊക്കെ സംഘപരിവാറെന്ന് മുദ്ര കുത്തപ്പെട്ടവരാണ്. അവരെല്ലാം ധർമ്മബോധവും, മൂല്യവിചാരവും ഉള്ളവരാണ്. കേരളത്തിലെ ജനങ്ങൾക്ക് അത് ദഹിക്കുന്നില്ല. അതിനാലാണ് സാഹിത്യരംഗത്ത് ഈ മുദ്രകുത്തൽ നടന്നുവരുന്നത്.
തയ്യാറാക്കിയത്