ഷാർജ: ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി എഡിറ്റ് ചെയ്ത ഒലീവ് പബ്ളികേഷൻ പ്രസിദ്ധീകരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ‘തങ്ങൾ വിളക്കണഞ്ഞ വർഷങ്ങൾ’ പുസ്തകം ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ഒലീവ് പവലിയനിൽ ചന്ദ്രിക ഡയറക്ടർ ഡോ. പി.എ ഇബ്രാഹിം ഹാജി ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ മതേതര സമൂഹത്തിന് മറക്കാനാവാത്ത അതുല്യ സംഭാവനകളർപ്പിച്ച അത്യുജ്വല വ്യക്തിത്വമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ഈ പുസ്തകത്തിൽ അതിന്റെ പൂർണതയോടെ പ്രതിപാദിച്ചിരിക്കുന്നുവെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു. ആ ജീവിതം മുഴുവൻ അനുപമമായ മാതൃകയാണ്. കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തിലും ഇത്തരമൊരു പുസ്തക മേള നടത്തുക വഴി വിജ്ഞാനം എക്കാലത്തെയും അമൂല്യ സമ്പത്താണെന്ന സന്ദേശമാണ് ഷാർജ ഭരണാധികാരി മുന്നോട്ടു വെക്കുന്നത്. ജ്ഞാനത്തിന്റെ മഹാസാഗരമായ ശിഹാബ് തങ്ങളെ കുറിച്ചുള്ള ഗ്രന്ഥം ഈ പുസ്തകോൽസവത്തിൽ പ്രകാശിപ്പിക്കാനായത് ഏറ്റവും വലിയ സന്തോഷമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി പുസ്തകം പരിചയപ്പെടുത്തി. മുൻദിർ കൽപകഞ്ചേരി അവതാരകനായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ഒലീവ് പബ്ളികേഷൻസ് ഗൾഫ് കോഓർഡിനേറ്റർ സലാം പാപ്പിനിശ്ശേരി, ഒലീവ് മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, ഏഷ്യാ വിഷൻ എംഡി നിസാർ സഈദ്, റിയൽ കോഫി എംഡി സത്താർ, ചാക്കോ ഇരിങ്ങാലക്കുട, അൻസാർ ചിറയിൻകീഴ് പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.