അറിവിൻ പ്രഭയുമായി ഷാർജ പുസ്തകോത്സവത്തിന് തുടക്കമായി

അറിവിൻ പ്രഭയുമായി ഷാർജ പുസ്തകോത്സവത്തിന് തുടക്കമായി

ലോകത്തിലെ മൂന്നാമത്തെ വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു. അക്ഷരങ്ങളുടെ ലോകത്ത് അതിശയങ്ങളുടെ കാഴ്ച്ചകളുമായി വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുമായി ഇനി പത്തു ദിവസം. നവംമ്പർ നാലുമുതൽ പതിനാല് വരെ നടക്കുന്ന ഈ വർഷത്തെ പുസ്തകമേളയ്ക്ക് ഇക്കുറി നിരവധി പ്രത്യേകതകളാണ് ഉള്ളത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയും സുരക്ഷിതത്വവും നൽകിക്കൊണ്ട് മുന്നോട്ട് പോകുന്ന ഈ വേളയിലും മാനവ സമൂഹത്തിന്റെ മാനസീക സമ്മർദ്ദം കുറയ്ക്കാനും, അതിലൂടെ അറിവുകളുടെ പുതിയ വാതായനങ്ങൾ തുറന്ന് സഞ്ചരിക്കാനും അക്ഷരം എന്ന ഔഷധവും, വായന എന്ന ചികിത്സയുമാണ് ഏറ്റവും വലിയ പ്രതിവിധി എന്ന് മനസ്സിലാക്കിയ ഷാർജയുടെ ഭരണാധികാരിയും, യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ: ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിശ്ചയദാർഢ്യമാണ് ഇക്കുറിയും പുസ്തകമേള മുടങ്ങാതെ നടത്താൻ കാരണമായിട്ടുള്ളത്. കോവിഡ് 19 ന്റെ പ്രയാസത്തിൽ രാഷ്ട്രങ്ങളെല്ലാം തന്നെ ഭീതി മാറാതെ നിൽക്കുമ്പോഴും വളരെ വേഗത്തിൽ മോചനത്തിന്റെ പാത തുറന്നു കൊണ്ടിരിക്കുന്ന യു. എ. ഇ ലോകരാജ്യങ്ങൾക്ക് എന്നും മാതൃകയായിട്ടുള്ളതുപോലെ ഇവിടേയും മുന്നിട്ടു നിൽക്കുകയാണ്.

ഷാർജ അന്താരാഷ്ട്ര പുസ്തകമേള

ലോകത്തിലെ മറ്റേത് വ്യവസായ മേഖലയേയും പോലെ പ്രസിദ്ധീകരണ മേഖലയും വളരെയധികം പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഷാർജ അന്താരാഷ്ട്ര പുസ്തമേളയോടുകൂടി പ്രസിദ്ധീകരണ മേഖലയ്ക്ക് ഒരു പുതിയ ഉണർവ്വ് ഉണ്ടായിട്ടുണ്ട്. എഴുത്തുകാർക്കും, വായനക്കാർക്കും ഒക്കെത്തന്നെ വളരെയധികം ആനന്ദം നൽകുന്ന സുദിനങ്ങളാണ് അന്താരാഷ്ട്ര പുസ്തകോത്സവത്തിലൂടെ ഒരുക്കിയിരിക്കുന്നത്. 1530 എഴുത്തുകാർ ഒരേസമയം ഒന്നിച്ചണിനിരന്ന് സ്വന്തം പുസ്തകങ്ങളിൽ ഒപ്പിട്ട് കൊണ്ട് തുറന്ന പുസ്തകം തുറന്ന മനസ്സ് എന്ന പ്രമേയം മുൻനിർത്തി ഗിന്നസ് വേൾഡ് റക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് കഴിഞ്ഞ വർഷത്തെ പുസ്തകമേള പര്യവസാനിച്ചത്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാതൊരുവിധ ഔപചാരികമായ ഉത്ഘാടന പരിപാടികളും ഇല്ലാതെയാണ് ഈ വർഷം പുസ്തകമേള ആരംഭിച്ചത്. ഡിജിറ്റൽ വേദികളിൽ നിരവധി പ്രസിദ്ധരും, പ്രഗത്ഭരുമായ എഴുത്തുകാരും, കലാകാരൻമാരുമായുള്ള സംവാദങ്ങളും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു കൊണ്ട് ആറ് ഹാളുകളിലായിട്ടാണ് ഈ വർഷം ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. അറബ് പ്രസാധകർ കൂടുതലായി എത്തുന്ന ഈ വർഷത്തെ പുസ്തകമേളയിൽ കേരളത്തിൽ നിന്ന് അഞ്ച് പ്രസാധകർ മാത്രമേ പങ്കെടുക്കുന്നുള്ളു. നിരവധി ഡിജിറ്റൽ പരിപാടികൾക്കൊപ്പം ഓൺലൈൻ പുസ്തക വിൽപ്പനയും ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും, അറുപത് വയസ്സിനു മേൽ പ്രായമുള്ളവർക്കും ഈ വർഷം പുസ്തകോത്സവത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. ദിനവും സമയാധിഷ്ടിതമായി ക്രമീകരിക്കപ്പെട്ട നാല് ഘട്ടങ്ങളിലായിട്ടുള്ള പ്രവേശനാനുമതിയാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ള പ്രവേശനത്തിന് registration.sibf.com എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്. പേര് വിവരങ്ങളും, സന്ദർശന സമയവും, ഇ മെയിലും, മൊബൈൽ നമ്പരും നൽകിക്കൊണ്ട് വളരെ ലളിതമായ രീതിയിലാണ് രജിസ്‌ട്രേഷൻ സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. ഇടവിട്ടുള്ള പ്രവേശനങ്ങൾക്ക് പ്രത്യേകം പ്രത്യേകം രജിസ്‌ട്രേഷൻ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഓരോ പ്രവേശന സമയത്തിനും പ്രത്യേകമായ കളർ കോഡിലുള്ള റിസ്റ്റ് ബാൻഡുകൾ നൽകുന്നതാണ്.രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരു മണി വരേയും, ഉച്ചയ്ക്ക് ഒന്നു മുതൽ വൈകീട്ട് നാലു വരേയും, വൈകീട്ട് നാലു മുതൽ ഏഴ് മണി വരേയും, തുടർന്ന് ഏഴ് മുതൽ രാത്രി പത്ത് മണിവരേയുമായിരിക്കും പ്രവർത്തന സമയം. കൂടാതെ വെള്ളിയാഴ്ച്ച വൈകീട്ട് നാലു മണിമുതൽ രാത്രി പത്തു മണിവരെ മാത്രമായിരിക്കും പ്രവേശനം. മൂന്നു മണിക്കൂറിൽ കൂടുതൽ ഒരാൾക്ക് ഹാളിനുള്ളിൽ ചിലവഴിക്കാൻ കഴിയാത്ത രീതിയിലാണ് സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതൊരു വർഷത്തേയും പോലെ പ്രത്യേകം പ്രത്യേകം വേദികളിലായി നടക്കാറുള്ള നിരവധി പുസ്തക പ്രകാശനങ്ങൾ ഈ വർഷം ഇല്ല. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പ്രസാധകരുടെ പവലിയനുകളിൽ അവരുടെ പരിപൂർണ്ണമായ ഉത്തരവാദിത്വത്തിൽ എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ ആർക്കെങ്കിലും നൽകി പരസ്യപ്പെടുത്താവുന്നതാണ്.കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്തെ നാഷണൽ എമർജൻസി ക്രൈസിസ്സ് ആന്റ് ഡിസാസ്റ്റർ മേനേജ്‌മെന്റ് അതോറിറ്റി പൂർണ്ണമായും സുരക്ഷാ സംവിധാനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന മേളയിൽ സന്ദർശകരേയും, പ്രസാധകരേയും നിരീക്ഷിക്കുവാൻ ഷാർജ പോലീസിന്റെ പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. എന്നിരുന്നാലും എല്ലാ വർഷത്തേയും പോലെ വളരെ വലിയ ജനപങ്കാളിത്തം തന്നെയാണ് ഈ വർഷവും മേളയിൽ സംഘാടകർ പ്രതിക്ഷിക്കുന്നത്. അതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും മേളയുടെ നടത്തിപ്പിന് സജ്ജമാണ്. മേളയുടെ നടത്തിപ്പിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

 

തയ്യാറാക്കിയത്

രവി കൊമ്മേരി
Share

Leave a Reply

Your email address will not be published. Required fields are marked *