കോഴിക്കോട് : നാളികേര വികസനബോർഡിന്റെ പുതുക്കിയ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങു കയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. കേര സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൻ കീഴിൽ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികൾക്ക് അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്. ഭാഗികമായ അംഗവൈകല്യങ്ങൾക്ക് രണ്ടര ലക്ഷം രൂപയും അപകടസംബന്ധമായ ചികിത്സ ചിലവുകൾക്ക് പരാമാവധി ഒരു ലക്ഷം രൂപയും ലഭിക്കും. ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബോർഡിന്റെ തെങ്ങുകയറ്റ പരിശീലനമോ നീര ടെക്‌നീഷ്യൻ പരിശീലനമോ വിജയകരമായി പൂർത്തിയാക്കിയവർക്ക് ആദ്യവർഷം ഇൻഷുറൻസ് തികച്ചും സൗജന്യമാണ്. ഒരു വർഷത്തേക്കുള്ള പ്രീമിയം തുക ബോർഡ് തന്നെ വഹിക്കും. ഇന്ഞഷുറൻസ് കാലാവധി ഒരു വർഷമാണ്. കാലാവധിക്ക് ശേഷം ഗുണഭോക്താവിന്റെ വിഹിതമായ 99 രൂപ നൽകി പോളിസി പുതുക്കാവുന്നതാണ്. പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്യുന്ന പതിനെട്ടുവയസ്സിനും അറുപത്തിയഞ്ചു വയസ്സിനും ഇടയിലുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും 99 രൂപ മുടക്കി ഈ പദ്ധതിയിൽ ഗുണഭോക്താവാകാം. നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്തു മാറാവുന്ന 99 രൂപ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകൾ ചെയർമാൻ , നാളികേര വികസന ബോർഡ്, കേരള ഭവൻ, എസ്.ആർ.വി റോഡ് കൊച്ചി, 682011 എന്ന വിലാസത്തിൽ അയക്കണം. ഗുണഭോക്താവിന്റെ വിഹിതം ഓൺലൈനായി അടയ്ക്കുവാനും സൗകര്യമുണ്ട്. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ www.coconutboard.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ, താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.