ആസ്റ്റർ മിംസിന്റെ ഐസിയു അറ്റ് ഹോം പദ്ധതി ശ്രദ്ധേയമാകുന്നു

കോഴിക്കോട് : അതീവ ഗുരുതരാവസ്ഥയിലുള്ളവരും ദീർഘകാലം ഐസിയു വാസം ആവശ്യമുള്ളവരുമായ രോഗികൾക്ക് വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസ് നടപ്പിലാക്കിയ ഐസിയു അറ്റ് ഹോം പദ്ധതി ശ്രദ്ധേയമാകുന്നു. ഇന്ത്യയിലാദ്യമായാണ് രോഗിയുടെ സ്വന്തം വീട്ടിൽ ഐസിയു സജ്ജീകരിച്ച് ചികിത്സാ സൗകര്യം ലഭ്യമാകുന്ന പദ്ധതി ആരംഭിച്ചത്. കോവിഡ് 19-ന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് ഇതര രോഗമുള്ളവർക്ക് വലിയ ആശ്വാസമായി മാറുകയാണ് ഈ പദ്ധതി. ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്കും രോഗിയെ വീട്ടിലേക്ക് മാറ്റുന്നത് വലിയ ആശ്വാസമാകുന്നു. ഇതിന് പുറമെ ആശുപത്രിയിൽ നിന്ന് മാറി സ്വന്തം വീടിന്റെ അന്തരീക്ഷം ലഭ്യമാകുന്നത് രോഗിക്ക് മാനസികമായി വലിയ ആശ്വാസം നൽകുകയും ഇത് ചികിത്സയുടെ സ്വാഭാവികമായ പുരോഗതിക്ക് കൂടുതൽ സഹായകരമാവുകയും ചെയ്യുന്നുവെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. ആശുപത്രിയിലെ ഐസിയു വാസത്തെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും ഐസിയു അറ്റ് ഹോം പദ്ധതിയെ കൂടുതൽ സ്വീകാര്യമാക്കുന്നു. നിലവിൽ 20-ൽ അധികം വീടുകളിൽ ഐസിയു സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലപ്രാപ്തി വളരെ മികച്ചതാണെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. മഹേഷ് കുമാർ പറഞ്ഞു. കോവിഡിന്റെ വ്യാപന പശ്ചാത്തലത്തിൽ വീട്ടിൽ ലഭിക്കുന്ന സുരക്ഷ വളരെ പ്രാധാന്യമർഹിക്കുന്നതാണ്, ഹോം ഐസിയു സജ്ജീകരിക്കുന്നതിലൂടെ രോഗിയും രോഗിയുടെ വീട്ടുകാരും കോവിഡ് ഭീഷണിയിൽ നിന്നും സുരക്ഷിതരായിരിക്കുമെന്ന് ആസ്റ്റർ മിംസ് സിഇഒ ഫർഹാൻ യാസിൻ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *