മാവോയിസ്റ്റ് വേട്ട : വ്യാജ ഏറ്റുമുട്ടൽ

കോഴിക്കോട് : ആവർത്തിക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകളിലൂടെ കേരളത്തെ ഭീകര സംസ്ഥാനമാക്കി മാറ്റാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻ.സി.എച്ച.ആർ.ഒ). നരേന്ദ്രമോദി മുഖ്യമന്ത്രിയായ ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതക പരമ്പരയ്ക്കു തുല്യമായ ഭീകരതയാണ് ഇപ്പോൾ കേരളത്തിൽ നടമാടുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം അട്ടപ്പാടിയിലെ ഫോട്ടോഗ്രാഫർ ബെന്നി ഉൾപ്പെടെ ഒമ്പതു പേരാണ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലുകളിൽ ഒന്നിന്റെയും യഥാർത്ഥ വസ്തുത പുറത്തുവന്നിട്ടില്ല. ഇത്തരം മരണങ്ങൾ നടക്കുമ്പോൾ സുപ്രീം കോടതി നിർദേശപ്രകാരമുള്ള ചട്ടങ്ങൾ പോലും കേരള സർക്കാർ പാലിച്ചിട്ടില്ല. സർക്കാർ ഭരണകൂട ഭീകരതയുടെ ഫാഷിസ്റ്റ് മുഖമാണ് തുറന്നുകാണിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട് പടിഞ്ഞാറത്തറയിൽ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വേൽമുരുകൻ കൊല്ലപ്പെട്ടതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യവകാശപ്രവർത്തകർ പറയുന്നത്. വേൽമുരുകന് വെടിയേറ്റത് വളരെ അടുത്തു നിന്നും പിന്നിൽ നിന്നുമാണ്. ഇടതു ചെവിയുടെ പിന്നിലായി തലയ്ക്കും ഇടതു കൈക്കും പുറത്തും വെടിയേറ്റിട്ടുണ്ട്. കൂടാതെ നെഞ്ച്, വയറ്, കൈകൾ, എന്നിവിടങ്ങളിലെല്ലാം വെടിയേറ്റ പാടുകൾ വ്യക്തമായി കാണുന്നുണ്ട്. വളരെ അടുത്തു നിന്നും വെടിവച്ചതു കൊണ്ടാണ് ഈ പാടുകൾ കാണുന്നത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വേൽമുരുകനെ തണ്ടർബോൾട്ട് കരുതിക്കൂട്ടി അടുത്തു നിന്നും വെടിവെക്കുകയായിരുന്നു. മ്യതദേഹം കിടന്ന സ്ഥലത്തെക്കുറിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. വേൽമുരുകന്റെ അമ്മയും സഹോദരനും ഇതിനകം തന്നെ കൊലപാതകത്തെ കുറിച്ചുള്ള സംശയങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. നിലമ്പൂരിലും മഞ്ചക്കണ്ടിയിലും നേരത്തെ വയനാട്ടിലും കീഴടങ്ങാനും, പിടിക്കാനും കഴിയുമായിരുന്ന ആളെ തണ്ടർബോൾട്ട് വെടിവച്ചു കൊല്ലുകയായിരുന്നു. വാർത്താ സമ്മേളനത്തിൽ വിളയോടി ശിവൻകുട്ടി, റെനി ഐലിൻ, കെ.പി.ഒ റഹ്മത്തുല്ല, എം.കെ ശറഫുദ്ദീൻ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *