കോഴിക്കോട് : ടിബി എച്ച്.ഐ.വി അണുബാധ നേരത്തെ കണ്ടുപിടിക്കുവാനും ചികിത്സ ഉറപ്പ് വരുത്താനുമായി കേരള ടിബി എലിമിനേഷൻ മിഷൻ അക്ഷയ കേരളം പദ്ധതിയുടെ സഹകരണത്തോടെ കോഴിക്കോട് ഉദയം അന്തേവാസികൾക്ക് ടിബി എച്ച്.ഐ.വി പരിശോധന ആരംഭിച്ചു. അന്തേവാസിയായ പത്മരാജന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ സബ് കളക്റ്റർ പ്രിയങ്ക ജി. ഐ.എ.എസ് നിർവഹിച്ചു. ജില്ലാ ടിബി ആൻഡ് എയ്ഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ.പി.പി. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. കോവിഡിന്റെ സാഹചര്യത്തിലും ടിബി പോലെയുള്ള പകർച്ച വ്യാധികളെ നിയന്ത്രിക്കുന്നതിൽ ഉദയം പോലുള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്ന് സബ് കലക്ടർ പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ ജില്ലാ പ്രോബേഷൻ ഓഫീസർ ഷീബ മുംതാസ്, ഡോ.ജി. രാഗേഷ്, കെ.എ.അബ്ദുൾ സലാം, റിതു കാരാട്ട്, എം അമൃത എന്നിവർ സംസാരിച്ചു. ഉദയം പ്രൊജക്റ്റ് നഴ്‌സിംഗ് ഓഫീസർ ഐശ്വര്യ എസ്.പി, സബ് കളക്റ്റർ പ്രിയങ്ക ജി ഐ,എ.എസിൽ നിന്നും ടിബി പരിശോധനക്കുള്ള ഫാൽക്കൺ ട്യൂബുകൾ ഏറ്റുവാങ്ങി. ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂനിറ്റിലെ ഐ.സി.ടി.സി കൗൺസിലർമാരായ ഷമിൻലാൽ എസ്.ടി, രമ്യമോൾ ജോസഫ് ലാബ് ടെക്‌നീഷ്യമാരായ ബെസി കെ., നിമ്മി ഗോപിനാഥ് എന്നിവർ എച്ച്.ഐ.വി പരിശോധനക്ക് നേതൃത്വം നൽകി. ടിബി എച്ച് വി അഷയ്ദാസ്, സിബി നാറ്റ് മൊബൈൽ യൂനിറ്റിലെ സരിത്ത്.കെ എന്നിവർ ക്ഷയ രോഗ പരിശോധനയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ഉദയം പ്രോജക്റ്റിന് കീഴിലെ പ്രീമെട്രിക് ഹോസ്റ്റൽ, ഗവ.ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ മുന്നൂറോളം അന്തേവാസികൾക്ക് വേണ്ടിയാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട് ആശാഭവനിൽ നിന്ന് ആരംഭിച്ച അക്ഷയ കേരളം പദ്ധതിയുടെ പ്രവർത്തനത്തിൻറെ ഭാഗമായി ക്ഷയരോഗ മുക്ത കോഴിക്കോട് എന്ന ലക്ഷ്യത്തോട് കൂടിയാണ് ജില്ലാ ടിബി കേന്ദ്രം ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.