ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലും കൈകോർത്തു; സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു കോഴിക്കോട് ബീച്ച് ആശുപത്രിയിൽ

കോഴിക്കോട് : ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു സംവിധാനം വിജയകരമായി സജ്ജീകരിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർവ്വഹിച്ചു. മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനും കെഫ് ഹോൾഡിങ്‌സിന്റെ സ്ഥാപക ചെയർമാനുമായ ഫൈസൽ ഇ കോട്ടിക്കോളൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ അലി ഫൈസൽ, സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ടെലി ഐ.സി.യു സംവിധാനത്തിലെ വിദഗ്ധ ചികിത്സ, സാങ്കേതികവിദ്യ എന്നീ സേവനങ്ങൾ മേയ്ത്ര ഹോസ്പിറ്റൽ സൗജന്യമായി ലഭ്യമാക്കും. ഈ സംരംഭത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം ഏറ്റെടുക്കുന്നത് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ്. ആരോഗ്യസുരക്ഷാ മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അതിവിദഗ്ധ ഡോക്ടർമാരുടെ കുറവ് ബാധിക്കാത്ത രീതിയിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ മുന്നോട്ടു നയിക്കാമെന്ന ലക്ഷ്യത്തിലേക്കുള്ള മേയ്ത്ര ഹോസ്പിറ്റലിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടെലി ഐ.സി.യു സേവനം ലഭ്യമാക്കുക വഴി രോഗികൾക്ക് പരമാവധി ചികിത്സ ലഭ്യമാക്കാനും ഈ പുതുസംവിധാനം വഴിയാകുമെന്നാണ് പ്രതീക്ഷയെന്ന് ഫൈസൽ ഇ കോട്ടിക്കോളൻ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയെ എത്രമാത്രം ആതുരസേവന മേഖലയുമായി കൂട്ടിയിണക്കാം എന്ന വെല്ലുവിളിക്കുള്ള മറുപടിയാണ് ടെലി ഐ.സി.യു പോലുള്ള സംവിധാനങ്ങൾ. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിൽ പുത്തൻസാങ്കേതികവിദ്യയുടെ കരുത്ത് പകരാൻ ആതുരസേവനമേഖലയിൽ നിതാന്ത ജാഗ്രത പുലർത്തുന്ന മേയ്ത്ര ഹോസ്പിറ്റലിന് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേയ്ത്ര ഹോസ്പിറ്റലിലെ കമാൻഡ് സെന്ററിലിരുന്ന് 24 മണിക്കൂറും രോഗികളെ നിരീക്ഷിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുന്ന വിദഗ്ദ്ധരായ ഡോക്ടർമാരെ സജ്ജമാക്കിയിട്ടുണ്ട്. രോഗികളെ ബീച്ച് ആശുപത്രിയിൽ നിലനിർത്തിക്കൊണ്ട് ചികിത്സ നിർദേശിക്കാൻ ഈ സംവിധാനം കൊണ്ട് സാധിക്കും. ബീച്ച് ആശുപത്രിയിലെ ജീവനക്കാർക്ക് പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും സിഇഒ മോഹനക്യഷ്ണൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഫൈസൽ ഇ കോട്ടിക്കോളൻ, ഡോ.പി മോഹനക്യഷ്ണൻ പങ്കെടുത്തു.

വാർത്താസമ്മേളനത്തിൽ ചെയർമാൻ ഫൈസൽ കോട്ടിക്കോളൻ സംസാരിക്കുന്നു. സിഇഒ ഡോ.പി മോഹനക്യഷ്ണൻ സമീപം
Share

Leave a Reply

Your email address will not be published. Required fields are marked *