സിമന്റ് കോർപ്പറേറ്റ് സംഘങ്ങളെ സർക്കാർ നിയന്ത്രിക്കണം

മലബാർ- ട്രാവൻകൂർ സിമന്റ് ഉൽപ്പാദനം വർദ്ധിപ്പിക്കണം

 

കോഴിക്കോട് : സിമന്റിന് യാതൊരു മാനദണ്ഡവുമില്ലാതെ വിലവർദ്ധിപ്പിക്കുന്ന സിമന്റ് കോർപ്പറേറ്റ് സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബിൽഡിംങ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നോട്ട് നിരോധനം, രണ്ട് പ്രളയങ്ങൾ, ജി.എസ്.ടി ഇപ്പോൾ കോവിഡ് മൂലവും പ്രതിസന്ധി നേരിടുന്ന നിർമ്മാണ മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന നടപടിയാണ് സിമന്റിന്റെ വിലവർദ്ധനവ്. കോർപ്പറേറ്റ് കമ്പനികൾ സിമന്റ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലടക്കം വിലക്കുറച്ച് നൽകുമ്പോൾ ട്രാൻസ്‌പോർട്ടിംഗും മറ്റും പറഞ്ഞ് കേരളത്തിൽ അമിതവില ഈടാക്കുകയാണ്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളായ മലബാർ സിമന്റും, ട്രാവൻകൂർ സിമന്റ്‌സും ഉൽപ്പാദനം വർദ്ധിപ്പിക്കണം. ഇപ്പോൾ നമ്മുടെ ഉപയോഗത്തിന്റെ 10% മാത്രമാണ് ഈ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്. ഇത് 50%മാക്കി ഉയർത്തണം. കേരള വിപണി കയ്യടക്കിയിരിക്കുന്ന കോർപ്പറേറ്റ് വൻകിട ഡീലർമാരും, വ്യാപാരികളും, നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുവാൻ സർക്കാർ സിമന്റ് വില നിയന്ത്രണ അധികാരസമിതി രൂപീകരിക്കണമെന്നവർ ആവശ്യപ്പെട്ടു. സ്വകാര്യകമ്പനികൾ വിലവർദ്ധിപ്പിക്കുന്നതിനനുസരിച്ച് മലബാർ ട്രാൻവൻകൂർ കമ്പനികൾ വിലവർദ്ധിപ്പിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. സിമന്റ് വിലകൂട്ടാനാവശ്യമായ യാതൊരു സാഹചര്യവും മാർച്ച് മാസത്തിന് ശേഷം ഉണ്ടായിട്ടില്ല. എം.ആർ.പി പ്രിന്റ് മാർക്കറ്റിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടിയതാണ്. പ്രിന്റ് റൈറ്റിന് സിമന്റ് വാങ്ങുന്ന വ്യാപാരിക്ക്, യാഥാർത്ഥ വിലയേക്കാൾ വ്യാപാരി നൽകുന്ന അധിക തുക കമ്പനികൾ ഇൻസെന്റീവായി തിരികെ നൽകുന്ന സ്ഥിതിയാണുള്ളത്. പി.സി സംവിധാനം എടുത്തുകളഞ്ഞാൽ വിലവർദ്ധനവിനെ തടഞ്ഞുനിർത്താനാവും. സിമന്റ് വില നിർണ്ണായധികാരം കോർപ്പറേറ്റ് കോർഗ്രൂപ്പിൽ നിന്നും എടുത്തു കളയുക, ദുരന്തകാലത്ത് പോലും ഉപഭോക്താക്കളെയും, നിർമ്മാണമേഖലയെയും ചൂക്ഷണം ചെയ്യുന്ന നടപടികൾക്കെതിരെ സംസ്ഥാനത്തെ 14 കലക്ട്രേറ്റുകൾക്ക് മുമ്പിലും 26 മുതൽ 30 വരെ പഞ്ചദിന റിലേ സത്യാഗ്രഹം സംഘടിപ്പിക്കുകയാണ്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും, അധികാരികൾക്കും നിവേദനം നൽകിയിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ സമാന മനസ്‌കരുടെ കൂട്ടായ്മയിലൂടെ നിർമ്മാണമേഖല അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്ന സമരമുറകളുമായി മുന്നോട്ട് പോകുമെന്നവർ പറഞ്ഞു.സി.കെ വേലായുധൻ ( സംസ്ഥാന പ്രസിഡന്റ്,) ഗണേശൻ (സംസ്ഥാന സെക്രട്ടറി), പി.അബ്ദുറസാക്ക്, (ജില്ലാ പ്രസിഡന്റ്) സി.എ അബ്ദുൾ ഗഫൂർ (ജില്ലാജോ.സെക്രട്ടറി) വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനം
Share

Leave a Reply

Your email address will not be published. Required fields are marked *