യു.അബ്ദുറഹ്മാൻ വ്യാപാരരംഗത്ത് പുതിയ മാനം കണ്ടെത്തിയ പ്രതിഭ

 

യു.അബ്ദുറഹ്മാൻ

കലകളുടെയും, സാഹിത്ത്യത്തിന്റെയും, ഫുട്‌ബോളിന്റെയും, മധുരമൂറുന്ന കോഴിക്കോടൻ മണ്ണിൽ കലകളുടെ മഹോന്നതിക്കായി എല്ലാവിധ ആടയാഭരണങ്ങളുമേന്തി നഗരത്തിൽ തലയുയർത്തി നിൽക്കുന്ന പ്രസ്ഥാനമാണ് സോഫിയ പാരഡൈസ്. നാടകവും, മറ്റിതര കലാരൂപങ്ങളും നെഞ്ചേറ്റിയ സർഗധനനായ ഒരു വ്യാപാരിയായ യു.അബ്ദുറഹ്മാനാണ് സോഫിയ പാരഡൈസിന്റെ സ്ഥാപകൻ. കച്ചവടം ചെയ്യലും, ലാഭമുണ്ടാക്കലും മാത്രമ്മല്ല ഒരു വ്യാപാരിയുടെ ദൗത്യമെന്നും, കച്ചവട ത്തിലൂടെ നാടിന്റെ സാംസ്‌കാരിക മുഖം തേച്ചുമിനുക്കാനും കഴിയുമെന്ന് ഈ കോഴിക്കോട്ടുകാരൻ പതിറ്റാണ്ടുകളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ചെറുകഥാക്യത്ത്, നോവലിസ്റ്റ്, കവി, നാടക സംവിധായകൻ, ചരിത്രകാരൻ, എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഈ സർഗ്ഗപ്രതിഭ കൈവയ്ക്കാത്ത മേഖലകൾ വളരെ വിരളമാണ്. പക്ഷെ ഇദ്ദേഹത്തെ കലാകേരളം അറിയുന്നത് സിനിമ, സീരിയൽ, നാടകരംഗത്തെ കോസ്റ്റിയൂം വാടകയ്ക്ക് കൊടുക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സോഫിയ പാരഡൈസ് എന്ന സ്ഥാപനത്തിന്റെ ഉടമ എന്ന പേരിലാണ്. ചരിത്രമുറങ്ങുന്ന കോഴിക്കോട് സിൽക്ക് സ്ട്രീറ്റിൽ ഉത്താജാരകം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും കുറ്റിച്ചിറ ആയിരാണാം വീട്ടിൽ കൽമ ബീയുടേയും ഒമ്പതാമത്തെ പുത്രനാണ് അബ്ദുറഹ്മാൻ. ഹിമായത്തുൾ ഇസ്ലാം സ്‌കൂൾ, സാമൂതിരി ഹൈസ്‌കൂൾ, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് (കെ.എസ്.യു) പ്രവർത്തകനായിരുന്ന ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത പല നാടകങ്ങൾ അന്ന് ജില്ലാ യുവജനോത്സവത്തിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇതിന്റെ പിൻബലത്തിൽ പത്തോളം നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുള്ള അബ്ദുറഹ്മാൻ ചില നാടകങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് കലാകേരളത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. അക്കാലം മുതൽകലാരംഗത്ത് തന്റേതായ സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹത്തിന്റെതായി പന്ത്രണ്ടോളം ചെറുകഥകളും, മൂന്നോളം നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ തന്നെ തപസ്യ, യവനിക, കാലം തിരിച്ചു വിളിക്കുന്നു, നമ്മുടെ ഇന്ത്യ എന്ന ക്യതികൾക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിക്കുകയുണ്ടായി. ചെറുപ്പകാലത്ത് ഒരു എഴുത്തുകാരനായി അറിയപ്പെടാനാണ് ഇദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും കാലം അബ്ദുറഹ്മാനായി കാത്തുവെച്ച കർമ്മമേഖല കച്ചവടമായിരുന്നു. അക്കാലത്ത് കലാപ്രവർത്തനവും, അല്പം രാഷ്ട്ട്രീയവുമായി ജനഹ്യദയങ്ങളിൽ സ്ഥാനം ഉറപ്പിച്ചു വന്ന അബ്ദുറഹ്മാൻ പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ബിസിനസ്സിലേക്ക് തിരിയുകയായിരുന്നു. പിതാവിന്റെ സഹായിയായി ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചെങ്കിലും കുട്ടിക്കാലം മുതൽക്കെ വ്യത്യസ്തത ഇഷ്ടപ്പെട്ടിരുന്ന അബ്ദുറഹ്മാൻ കുടുംബ വ്യാപാരത്തിൽ നിന്ന് തിരിഞ്ഞ് 1983-ൽ കോഴിക്കോട്ട് നടക്കാവിൽ സോഫിയ പാരഡൈസ് എന്ന പേരിൽ ഫാൻസി സ്ഥാപനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ മൂന്നാമത്തെ ഫാൻസി സ്റ്റോറായിരുന്നു സോഫിയ പാരഡൈസ.് ഉദ്ഘാടനം ചെയ്ത്് അന്നത്തെ ജലസേചന മന്ത്രിയായിരുന്ന എം.പി. ഗംഗാധരനായിരുന്നു. അന്യ സംസ്ഥാന ഉൽപ്പന്നങ്ങൾ മലയാളികൾക്ക് അന്യമായിരുന്ന കാലത്ത് തന്റെ സ്ഥാപനത്തിലൂടെ അബ്ദുറഹ്മാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി പുതുമയുള്ളതും മേൻമയുള്ളതുമായ ഉൽപ്പന്നങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തി. അതോടോപ്പം വ്യത്യസ്തമായ ഫാൻസി ഐറ്റങ്ങൾ തേടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്ന അബ്ദുറഹ്മാൻ ഏത് നഗരങ്ങളിൽ ചെന്നാലും ആ നാട്ടിലെ പുതുമയുള്ള ബിസിനസ്സുകളെ പറ്റി അറിയുവാനും പഠിക്കാനുമുള്ള സമയം കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ഒരു യാത്രയിൽ കൽക്കത്തയിൽ എത്തിയപ്പോഴാണ് ആ നാട്ടിൽ നിലനിന്നിരുന്ന പുതുമയുള്ള കോസ്റ്റിയൂം ബിസിസിനസ്സിനെക്കുറിച്ചറിയുന്നത്. കാലാകാരന്മാർക്ക് ആവശ്യമായ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന കോസ്റ്റിയൂം ബിസിനസ്സിന്റെ അനന്ത സാധ്യതകളെപ്പറ്റി തിരിച്ചറിഞ്ഞ അബ്ദുറഹ്മാൻ കോഴിക്കോട്ടെത്തി നാട്ടിലെ പ്രധാനപ്പെട്ട കലാകാരന്മാരോടും കലാരംഗത്തെ അദ്ധ്യാപകന്മാരോടും കൂടി ആലോചിച്ച് അത്തരത്തിൽ ഒരു സ്ഥാപനം ആരംഭിച്ചു. അന്നോളം വരെ മലയാളികൾക്ക് കേട്ടു കേൾവിയില്ലാത്ത ഈ പുതുപുത്തൻ ആശയത്തെ കോഴിക്കോട്ടുകാർ മാത്രമല്ല കേരള ജനത മുഴുവൻ ഹ്യദയത്തിൽ ഏറ്റുവാങ്ങി. ബിസിനസ്സിൽ ഉപഭോക്താവാണ് രാജാവ് എന്ന് വിശ്വസിക്കുന്ന ഇദ്ദേഹം കച്ചവടത്തിൽ ലാഭത്തേക്കാൾ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കാണ് പ്രധാന്യം നൽകിപ്പോരുന്ന ഒരു വ്യക്തിത്വത്തിനുടമയാണ്. അതുകൊണ്ടു തന്നെ തന്റെ ഒരു സ്ഥാപനം കൊണ്ടു മാത്രം കലാകേരളത്തിലെ കലാകാരന്മാർക്ക് ആവശ്യമായ കോസ്റ്റിയൂം നൽകുവാൻ കഴിയില്ല എന്നു മനസ്സിലാക്കി ഈ മേഖലയിലേക്ക് നിരവധി പേരെ കൈപിടിച്ചു കൊണ്ടു വന്നു എന്നു മാത്രമല്ല അവർക്കാവശ്യമായ സഹായ സഹകരണങ്ങളും നൽകിപോന്നു. തന്റെ ഉപദേശം കേട്ട് ബിസിനസ് തുടങ്ങിയവർക്കാർക്കും തന്നെ നഷ്ടം വന്ന് സ്ഥാപനം പൂട്ടേണ്ടി വന്നിട്ടില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇനിയും അനന്ത സാധ്യതകൾ ഉള്ള ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ കടന്നു വരണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം അവർക്കായി തന്നാൽ കഴിയുന്ന എന്തു സഹായവും ചെയ്യാൻ തയ്യാറാണെന്ന് കൂട്ടിച്ചേർത്തു. മറ്റ് ഇതര സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫാക്ടറികളിൽ നിന്ന് നേരിട്ട് പർച്ചേഴ്‌സ് നടത്തുന്നതിനാൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഹോൾസെയിൽ വിലക്കാണ് സാധനങ്ങൾ വിൽക്കുന്നത്. ബിസിനസ്സ് മേഖലയിൽ മുപ്പത്തി മൂന്ന് വർഷത്തെ സേവന പാരമ്പര്യമുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപഭോക്താവിന്റെ മനസ്സ് മനസ്സിലാക്കി കച്ചവടം ചെയ്താൽ വിജയം സുനിശ്ചിതമാണെന്നും പർച്ചേഴ്‌സിൽ കൂടുതൽ സമയം എടുത്ത് ശ്രദ്ധയോടുകൂടി വാങ്ങുന്ന ഉൽപ്പന്നങ്ങൾ അതിവേഗം വിറ്റുപോകുമെന്നും, കച്ചവടം അത് എന്തു തന്നെയായാലും അതാതു പ്രദേശത്തിന്റെ സ്വാഭാവം അറിഞ്ഞു ചെയ്താൽ വിജയിക്കും എന്നും പറയുന്നു. ഇതു തന്നെയാണ് തന്റേയും സ്ഥാപനത്തിന്റെയും വിജയ രഹസ്യം. അതോടോപ്പം ഭാര്യ മുനീറയുടെ പിന്തുണയും കുടുംബത്തിന്റെ പ്രാർത്ഥനയും തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ആത്മാർത്ഥതയും സേവനതൽപ്പരതയും ബിസിനസിന്റെ വളർച്ചയ്ക്ക് ഒരു മുഖ്യ ഘടകമായി തന്നെ നിലകൊള്ളുന്നുവെന്നും അബ്ദു റഹ്മാൻ പറയുന്നു. ഇന്ന് വിദേശ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഏറ്റവും പുതിയ കോസ്റ്റിയൂം വരെ തങ്ങളുടെ സ്ഥാപനത്തിൽ പ്രാവർത്തികമാക്കുന്ന ശൈലിയുടെ വിജയം നിരന്തരമായി പരീക്ഷിക്കുയാണ് സോഫിയ പാരഡൈസും അതിന്റെ അമരക്കാരനായ അബ്ദുറഹ്മാനും. ഇദ്ദേഹം നടത്തുന്ന വിദേശ സന്ദർശനങ്ങളിലൂടെയും മറ്റും സ്വായത്തമാകുന്ന നൂതനമായ ആശയങ്ങൾ തന്റെ ബിസിനസിൽ പ്രാവർത്തിമാക്കുന്നതിനോടോപ്പം തനിക്ക് കിട്ടിയ അറിവുകൾ സഹോദരങ്ങൾക്കും സുഹ്യത്തുക്കൾക്കും അഭ്യുദയാംകാക്ഷികൾക്കും പകർന്നു നൽകുന്നതിൽ അബ്ദുറഹിമാൻ കാണിക്കുന്ന ഉത്സാഹം ഏറെ പ്രശംസനീയമാണ്. ഇതിനോടകം ദുബായ്, അബുദാബി, റിയാദ്, ദമാം, ബഹ്‌റിൻ, ജിദ്ദ, മക്ക, സിംഗപ്പൂർ, മലേഷ്യ, മാലിദ്വീപ്, ബാംങ്കോക്, ഖത്തർ, ഒമാൻ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചുള്ള ഇദ്ദേഹം ആ രാജ്യത്തിന്റെ ഏതെങ്കിലും ഒരു ബിസിനസ് ആശയം കൊണ്ടു വന്ന് മറ്റുള്ളവർക്ക് നൽകുന്നു എന്നതിന് ഉദാഹരണങ്ങളുൾ ഏറെയാണ്. ഇതിനോടകം തന്നെ കലാകേരളത്തിന്റെ ഭാഗമായി മാറിയ അബ്ദുറഹ്മാൻ പറയുന്നു. ഒരു കാര്യത്തിൽ ഞാൻ സംത്യപ്തനാണ്. കലാകേരളത്തിന് നിരവധി കലാകാരന്മാരെ സംഭാവന ചെയ്യാൻ എനിക്കും എന്റെ സ്ഥാപനത്തിനും കഴിഞ്ഞു. അതുപോലെതന്നെ ഈ ബിസിനസ്സിലൂടെ ഇന്ത്യൻ സിനിമാ രംഗത്തേയും സീരിയൽ രംഗത്തെയും നിരവധി പ്രമുഖരെ സുഹ്യത്തായി ലഭിച്ചിട്ടുണ്ട്. അത് ഒരു വലിയ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു. കൈരളി ടിവിയിൽ പട്ടുറുമാൽ എന്ന ജനകീയ പ്രോഗ്രാമിന്റെ മുഴുവൻ കോസ്റ്റിയൂമും നൽകുന്നത് സോഫിയ പാരഡൈസ് ആണ്. ഒപ്പം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ന്യൂസ്‌ലാന്റ്, ലണ്ടൻ, കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രിയ, ഖത്തർ, യുഎ.ഇ, സൗത്ത് ആഫ്രിക്ക, ആസ്ട്രലിയ തുടങ്ങിയ വിദേശ രാജ്യങ്ങളുടെ മലയാളി സമാജങ്ങളുടെ പ്രോഗ്രാമുകൾക്ക് കോസ്റ്റിയൂം നൽകി വരുന്നുണ്ട്. അടുത്തിടെ ന്യൂസ്‌ലാന്റിൽ മലയാളി സമാജം അവതരിപ്പിച്ച താജ്മഹൽ എന്ന ഷോക്കുവേണ്ടി 118 കഥാപാത്രങ്ങൾക്ക് കോസ്റ്റിയൂം നൽകി സോഫിയ പാരഡൈസ് ലോക ജനതയുടെ പ്രത്യേക ശ്രദ്ധപറ്റുകയുണ്ടായി.അമേരിക്കയിലെ കാലിഫോർണിയയിലെ സ്വർഗ്ഗവേദി സംഘടനയുടെ കീഴിൽ പെരുന്തച്ചൻ, സ്വാതിതിരുന്നാൾ എന്നിവരുടെ കോസ്റ്റിയൂം സോഫിയ പാരഡൈസാണ് നൽകിയത്. കേവലം കലാരംഗത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല അബ്ദുറഹിമാന്റെ പേരും പെരുമയും. അതിനേക്കാൾ ഉപരിയായി സമൂഹത്തിന്റെ ഇതര മേഖലകളിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ് കിടക്കുന്നുണ്ട്. ആരംഭകാലം മുതൽ കേരള മർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോഴിക്കോട്ടെ ജില്ലാ സെക്രട്ടറിയായി 4 വർഷവും വൈസ് പ്രസിഡന്റായി 2 വർഷവും ജനറൽ സെക്രട്ടറിയായി 8 വർഷവും ട്രഷറർ ആയി 3 വർഷവും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പ്രവർത്തക സമിതി അംഗമായും, വ്യാപാരഭവൻ ചെയർമാനും, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡന്റ്, പ്രിയദർശിനി കോളേജ്, വിദ്യ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്നു. തികഞ്ഞൊരു ദൈവവിശ്വാസിയായ ഇദ്ദേഹം തന്റെ നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെയ്ക്കുകയാണ് പതിവ്. ഇദ്ദേഹത്തിന്റെ വ്യാപാര മേഖലയിലെയും, കലാരംഗത്തെയും, സാമൂഹ്യ രംഗത്തെയും പ്രവർത്തനങ്ങളെമാനിച്ച് അർഹതയ്ക്കുള്ള അംഗീകാരമായി. ഇദ്ദേഹത്തിന് കർമ്മരത്‌ന അവാർഡ്, എക്‌സലൻസ് അവാർഡ്, പ്രിയദർശിനി അവാർഡ്, വിശിഷ്ട സേവ അവാർഡ്, എന്നിവ ലഭിച്ചിട്ടുണ്ട്. കഠിനാ ധ്വാനവും ദീർഘവീക്ഷണവും സത്യസന്ധതയും ഒന്നു കൊണ്ടു മാത്രം വിജയം കൈവരിച്ച് അബ്ദുറഹ്മാൻ എന്ന ഈ വ്യാപാരി ഒരു മനുഷ്യന്റെ ദ്യഢനിശ്ചയത്തിനും കഠിനാധ്വാനത്തിലൂടെ വിജയകിരീടമണിയാമെന്ന് സ്വജീവിതം കൊണ്ട് മലയാളിക്ക് സാക്ഷ്യപ്പെടുത്തുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *