കോഴിക്കോട്: പാർക്കിൻസൺസ് രോഗികളുടെയും ബന്ധുക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വെബിനാറായി നടന്ന സംഗമം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാർക്കിൻസൺസ് രോഗത്തെ പൂർണ നിയന്ത്രണവിധേയമാക്കുവാൻ സാധിക്കുന്നത് രോഗിക്ക് മാത്രമല്ല രോഗിയുടെ കുടുംബത്തിനും വലിയ ആശ്വാസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർക്കിൻസൺസ് രോഗത്തിനുള്ള ഏറ്റവും നൂതന ചികിത്സാ രീതിയായ ഡിബിഎസിനെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് ഡോ. സുജിത് ഓവലത് വിശദീകരിച്ചു. ഉത്തര കേരളത്തിൽ ആദ്യമായാണ് പാർക്കിൻസൺസ് രോഗത്തിനുള്ള ഡിബിഎസ് ചികിത്സാസൗകര്യം ലഭ്യമാകുന്നതെന്നും, താരതമ്യേന കുറഞ്ഞ ചെലവും ഉയർന്ന വിജയ നിരക്കുമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡിബിഎസ് ചികിത്സയുടെ പ്രധാന സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയിൽ വെള്ളി, ശനി ദിവസങ്ങളിലാണ് ആസ്റ്റർ മിംസിൽ പാർക്കിൻസൺസ് ആൻഡ് ഡിബിഎസ് ക്ലിനിക് പ്രവർത്തിക്കുക. ന്യൂറോളജി വിഭാഗം മേധാവി ഡോ. അബ്ദുറഹിമാൻ, ന്യൂറോ സയൻസസ് വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. നൗഫൽ ബഷീർ, ഡോ. സച്ചിൻ സുരേഷ് ബാബു, ഡോ. ശ്രീവിദ്യ, ഡോ. മുരളീകൃഷ്ണൻ, ഡോ. ശ്രീകുമാർ, ഡോ. അരുൺ കെ, ഡോ. പോൾ ജെ ആലപ്പാട്ട് സംസാരിച്ചു. ആസ്റ്റർ മിംസ് സിഇഒ ഫർഹാൻ യാസിൻ, ഡോ. അബ്രഹാം മാമ്മൻ ആശംസകൾ നേർന്നു.