ജോയ്‌സ് വീണ്ടുമെത്തി; നട്ടെല്ലുയർത്തി 130 ഡിഗ്രിക്ക് മുകളിൽ നട്ടെല്ലിനു വളവുണ്ടായിരുന്ന 10 വയസ്സുകാരൻ ജോയ്‌സിന് ഇത് പുതുജീവിതം

കോഴിക്കോട്: നട്ടെല്ല് ഉയർത്തി നെഞ്ചുറപ്പോടെത്തന്നെയാണ്പത്തുവയസ്സുകാരനായ വയനാട് നിരവിൽപ്പുഴ ബിനുവിന്റെയും ജാൻസിയുടെയും മകൻ ജോയ്‌സ് ഇത്തവണ മേയ്ത്ര ഹോസ്പിറ്റലിന്റെ പടികൾ കയറിയത്. കൂനിക്കൂടിയ നട്ടെല്ലുമായി നേരാംവണ്ണം നിവർന്നുനടക്കാൻ പോലുമാകാത്ത പഴയ അവസ്ഥ ജോയ്‌സിന് ഇന്ന് പേടി സ്വപ്നമാണ്. അന്ന് ആശങ്കയോടെ കയറിയ ഹോസ്പിറ്റലിലേക്ക് ജോയ്‌സ് മാതാപിതാക്കളുടെ കൈപിടിച്ച് വെള്ളിയാഴ്ച എത്തിയത് നിറഞ്ഞ സന്തോഷവാനായിട്ടാണ്. 130 ഡിഗ്രിക്ക് മുകളിൽ നട്ടെല്ലിനു വളവുണ്ടായിരുന്ന ജോയ്‌സിനു ന്യൂറോ ഫൈബ്രോമാറ്റിക്‌സ് സ്‌കോളിയോസിസ് എന്ന അപൂർവ അസുഖമായിരുന്നു. ഇത് നെഞ്ച്, നട്ടെല്ല്, ശ്വാസകോശം എന്നിവയെ ബാധിച്ചിരുന്നതിനാൽ ചെറുപ്പം മുതൽ തന്നെ കൂനിയ നട്ടെല്ല്, മുറുകിയ ശ്വാസകോശം എന്നിവയാൽ ശ്വസനപ്രശ്‌നം, വളർച്ചമുരടിപ്പ് എന്നിവ ജോയ്‌സിനെ വലച്ചിരുന്നു. നട്ടെല്ലിന്റെ വളവ് കാരണം ദീർഘനേരം നടക്കാനോ നിൽക്കാനോ കഴിഞ്ഞിരുന്നില്ല. ഇനി എന്തു ചെയ്യുമെന്നറിയാത്ത സാഹചര്യത്തിലായിരുന്നു മേയ്ത്ര ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയത്.

അതിസങ്കീർണ ചികിത്സ

ഒൻപത് മണിക്കൂർ സമയമെടുത്ത് അതിസാഹസികമെന്ന് വിശേഷിപ്പിക്കാവുന്ന സങ്കീർണ ശാസ്ത്രക്രിയ 2019 ഒക്ടോബറിൽ ഡോ. വിനോദിന്റെ നേതൃത്വത്തിലുള്ള സ്‌പൈൻസർജറി ടീമായിരുന്നു (സെൻറർ ഫോർ ബോൺ ആൻറ് ജോയിൻറ് കെയർ) നിർവഹിച്ചത്. നട്ടെല്ലിന്റെ വളവ് ഭാഗികമായി നിവർത്താനും നെഞ്ചിന്റെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ഹാലോഗ്രാവിറ്റിട്രാക്ഷൻ എന്ന ചികിത്സയാണ് ആദ്യഘട്ടത്തിൽ കുട്ടിക്ക് നൽകിയത്. ഇതിന്റെ ഫലമായി നട്ടെല്ലിന്റെ വളവ് 100 ഡിഗ്രിയായി. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടു. ചികിത്സയുടെ രണ്ടാംഘട്ടത്തിലായിരുന്നു ശസ്ത്രക്രിയ. നട്ടെല്ല് നിവരുന്ന പരുവത്തിലാക്കുക എന്നതായിരുന്നു വെല്ലുവിളി. ശസ്ത്രക്രിയയ്ക്കിടയിൽ കാൽ തളർന്നുപോവാൻ സാധ്യതയുള്ളതിനാൽ ഓരോ ഘട്ടവും വളരെ ശ്രദ്ധയോടെയായിരുന്നു നിർവഹിച്ചിരുന്നത്. അതിനൂതന സാങ്കേതിക സൗകര്യങ്ങളുടെ പിന്തുണയിൽ സ്‌പൈൻസർജറി, അനസ്തീഷ്യ, ക്രിട്ടിക്കൽകെയർ, പൾമനോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തുടങ്ങിയ വിഭാഗങ്ങളുടെ സംയോജിത പ്രവർത്തനത്തിലൂടെയായിരുന്നു ശസ്ത്രക്രിയ. വിജയകരമായ ശസ്ത്രക്രിയക്കൊടുവിൽ ജോയ്‌സിന്റെ നട്ടെല്ലിന്റെ വളവ് 30 ഡിഗ്രി വരെ കുറയ്ക്കുവാൻ സാധിച്ചു. ശ്വാസതടസ്സം നീങ്ങുകയും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കുകയും ചെയ്തു.നട്ടെല്ലിന്റെ വളവ് നേരത്തെ ചികിൽസിച്ചിരുന്നെങ്കിൽ സങ്കീർണ്ണത വളരെ കുറയുമായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേത്വത്വം നൽകിയ സ്‌പൈനൽസർജറി വിഭാഗത്തിന്റെ തലവനും സെന്റർ ഫോർ ബോൺ ആന്റ് ജോയിന്റ് കെയറിലെ സീനിയർ കൺസൾട്ടന്റുമായ ഡോക്ടർ വിനോദ് പറഞ്ഞു. മുൻകാലങ്ങളിലെ അപേക്ഷിച്ച് വിദഗ്ദ്ധ പരിശീലനം നേടിയ ഡോക്ടർമാരുടെയും അതോടൊപ്പം അതിനൂതന സാങ്കേതികവിദ്യകളുടെയും സഹായത്താൽ ഇന്ന് നട്ടെല്ല് സംബന്ധിച്ച ശസ്ത്രക്രിയകൾ വളരെയധികം സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോയ്‌സിനിപ്പോൾ കളിക്കാം

ജോയ്‌സിനിപ്പോൾ കളിക്കാം, ഓൺലൈൻ ക്ലാസിലിരുന്ന് പഠിക്കുന്നുമുണ്ട്. ശ്വാസതടസ്സവും മറ്റ് അസുഖങ്ങളും അലട്ടുന്നതേയില്ല. മേയ്ത്ര ഹോസ്പിറ്റലിലെത്തിയ പിതാവ് ബിനു സന്തോഷത്തിന്റെ നിറ കണ്ണുകളോടെ ഇത് പറയുന്നത് കേട്ട് ഹോസ്പിറ്റൽ ജീവനക്കാരുടെ മനം നിറഞ്ഞു. ഡിസംബറിൽ നെഞ്ചിലെ തൊലിയിലെ മുഴനീക്കം ചെയ്യുന്നതിനായി ഒരു ശസ്ത്രക്രിയ കൂടി ബാക്കിയുണ്ട്- ബിനു പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *