ചന്ദ്രശേഖർ കമ്പാർ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഇരുപത്തിയേഴാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് ഒക്ടോബർ 16,17,18, മൂന്നു ദിവസങ്ങളിലായി നടക്കും. ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല സാഹിത്യോത്സവുകൾ പൂർത്തീകരിച്ചതിനുശേഷമാണ് സംസ്ഥാന സാഹിത്യോത്സവ് നടക്കുന്നത്. കേരളത്തിലെ പതിനാലു ജില്ലകളിലും, തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലുമായി പതിനഞ്ച് സ്റ്റുഡിയോകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് രണ്ടായിരം പ്രതിഭകൾ മത്സരിക്കും. മത്സരങ്ങൾ ലൈവായി പ്രേക്ഷകരിലേക്കെത്തിക്കും. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിലും, യൂട്യൂബിൽ തത്സമയം പ്രോഗ്രാം സംപ്രേഷണം ചെയ്യും.ജൂനിയർ, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലും, കാമ്പസുകൾ തമ്മിലുമാണ് മത്സരങ്ങൾ നടക്കുന്നത്. പ്രസംഗം, ഗാനം, ചിത്രരചന, ഡിജിറ്റൽ ഡിസൈനിംഗ്, ഫാമിലി കൊളാഷ്, ഡോക്യുമെന്ററി, സ്റ്റാറ്റസ് വീഡിയോ, പ്രൊജക്ട്, സർവ്വേ ടൂൾ, ഫാമിലി മാഗസിൻ നിർമാണങ്ങൾ, കാലിഗ്രഫി, സോഷ്യൽ ട്വീറ്റ്, തുടങ്ങി നൂറോളം മത്സരങ്ങളാണുള്ളത്.സാഹിത്യോത്സവിന്റെ ഉദ്ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് , ജ്ഞാനപീഠ ജേതാവുമായ പത്മശ്രീ ചന്ദ്രശേഖർ കമ്പാർ നിർവ്വഹിക്കും. സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി.പി ഉബൈദുല്ല സഖാഫി അധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹർ സ്വാഗതവും, സെക്രട്ടറി ഹാമിദ് അലി സഖാഫി നന്ദിയും പറയും. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, രിസാല മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ, ഐ.പി.ബി ഡയറക്ടർ എം അബ്ദുൽ മജീദ് എന്നിവർ പ്രസംഗിക്കും.സംവാദം, സംഭാഷണം, ആർട്ട് പ്രൊട്ടസ്റ്റ്, ആർട്ട് കമ്മ്യൂൺ തുടങ്ങി വിവിധങ്ങളായ സാംസ്‌കാരിക പരിപാടികളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരിയുടെ അധ്യക്ഷതയിൽ കാന്തപുരം എ പി അബൂബകർ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. കേരള മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും.