മോദി ഭരണം കേരളത്തിന് പ്രതികൂലം കാനം രാജേന്ദ്രൻ

മോദി ഭരണം കേരളത്തിന് പ്രതികൂലം കാനം രാജേന്ദ്രൻ

 

സി.പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രനും ലേഖകൻ കെ. പ്രേമചന്ദ്രൻനായരുമായി തിരുവനന്തപുരം എം.എൻ സ്മാരകമന്ദിരത്തിൽ വെച്ചു നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

 

കേരളരാഷ്രീയത്തിൽ ഇന്ന് ഏറെ ശ്രദ്ധേയനായ അങ്ങ് ഈ രംഗത്തേക്ക് വരാനുണ്ടായ സാഹചര്യം, പ്രചോദനം? ഒന്ന് വ്യക്തമാക്കാമോ?

വിദ്യാർത്ഥി യുവജനരാഷ്ട്രീയത്തിൽ സജീവമായി നിലനിൽക്കുന്ന കാലം മുതൽ സാമൂഹ്യപ്രവർത്തനം മുഖ്യകർമ്മമേഖലയായി തെരഞ്ഞെടുക്കപ്പെടുകയും അതുവഴി പാർട്ടിയുടെ മുഴുവൻ സമയപ്രവർത്തകനായി മാറുകയും ചെയ്തു. അതിൽ നിന്ന് പടിപടിയായി ഉയർന്നാണ് ഇന്നീ സ്ഥാനത്തെത്തിയത്.

അങ്ങേയ്ക്ക് രാഷ്ട്രീയത്തിൽ മാതൃകാ വ്യക്തിത്വങ്ങൾ ഉണ്ടോ? അതായത് രാഷ്ട്രീയരംഗത്ത് അങ്ങയെ ഏറെ സ്വാധീനിച്ച നേതാക്കൾ?

ഉണ്ട് അതായത് രാഷ്ട്രീയരംഗത്ത് ഒരാൾ, സഖാവ് ടി.വി. തോമസ്

അംഗസംഖ്യയിൽ ഏറ്റവും വലിയ ട്രേഡ് യൂണിയൻ എന്ന നിലയിൽ എ.ഐ.ടി.യു.സിയെ പരിഗണിക്കാമോ? കേരളരാഷ്ട്രീയത്തിലെ തൊഴിലാളി വർഗ്ഗ സമീപനം എങ്ങനെ?

അതിന് വെരിഫിക്കേഷൻ നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ദേശീയതലത്തിൽ മുന്നാം സ്ഥാനമാണുള്ളത്. അതുയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ ആഗോളീകരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുമ്പോൾ സമ്പന്നരും, ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിക്കുകയാണ്. പാർശ്വവൽക്കരിക്കപ്പെടുന്നത് തൊഴിലാളികളും കർഷകരും, ചെറുകിട കച്ചവടക്കാരുമാണ്. പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗത്തോടൊപ്പം നില്ക്കാനും അവരുടെ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകാനും, സജീവ പങ്കാളിയാകാനുമാണ് സി.പി.ഐ ആഗ്രഹിക്കുന്നത്.

എൽ.ഡി.എഫ് ഐക്യമുന്നണിയിൽ പലപ്പോഴും സ്വതന്ത്രവും യുക്തവുമെന്ന അഭിപ്രായം അങ്ങയുടേതാണ്. അത് മുന്നണി ബന്ധത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ടോ? അതായത് ഉദാ: വിഴിഞ്ഞം തുറമുഖ പദ്ധതി ആതിരപ്പള്ളി പാരിസ്ഥിതിക പ്രശ്‌നങ്ങൾ തുടങ്ങി…?

ഒരിക്കലുമില്ല. അഭിപ്രായങ്ങൾ തുറന്നു പറയുന്നതു കൊണ്ട് അത് ഒരിക്കലും പ്രശ്‌നങ്ങൾ സൃഷ്ടിക്കാറില്ല.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി എന്ന നിലയിൽ എം.എൻ ഗോവിന്ദൻ നായരെകുറിച്ച് അങ്ങയുടെ അഭിപ്രായം ?

എം.എൻ ഗോവിന്ദൻനായർ കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മുൻനിര നേതാക്കന്മാരിലൊരാളാണ്. പാർട്ടിയുടെ താഴെ തട്ടിലുള്ള പ്രവർത്തകരുമായും അവരുടെ കുടുംബാംഗങ്ങളുമായും ബന്ധം സ്ഥാപിക്കാനും അവരുടെ പ്രശ്‌നങ്ങളിലിടപെടാനും അപൂർവ്വം നേതാക്കൾക്കേ കഴിഞ്ഞിട്ടുള്ളു. അതിൽ എം.എൻ ഗോവിന്ദൻനായരുടെ സ്ഥാനം എന്നും മുൻപിലാണ്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ താത്വികരായ സി.ഉണ്ണിരാജ, എൻ.വി ബലറാം, കെ.വി സുരേന്ദ്രനാഥ്, ആർ.സുഗതൻ തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്നോ?

ഈ പറഞ്ഞ മുഴുവൻ ആളുകളോടുമൊപ്പം പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാനും അവരുടെ ചർച്ചകളുടേയും, നിർദ്ദേശങ്ങളുടേയും സാരാംശം ഉൾകൊള്ളാനും കഴിഞ്ഞ പുതിയ തലമുറയുടെ കമ്മ്യൂണിസ്റ്റാണ് ഞാൻ. അത് അപൂർവ്വമായി ലഭിച്ച ഒരവസരമായി ഞാൻ കരുതുന്നു.

മോദി സർക്കാരിന്റെ കേന്ദ്രഭരണം കേരളജനതയെ എങ്ങനെ സ്വാധീനിക്കുന്നു?

മോദിയുടെ ഭരണം കേരളത്തിന് നന്മകൾ ചെയ്ത ഭരണമല്ല. കേരളീയരെയാകമാനം ആശങ്കയുടെ മുൾമുനയിൽ നിർത്തുകയാണ് മോദി ഭരണം ചെയ്യുന്നത്.

അങ്ങ് ധാരാളം ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ഇവയിൽ ഏതെങ്കിലും പുസ്തകരൂപത്തിൽ പുറത്തിറക്കിയിട്ടുണ്ടോ?

പ്രഭാത് ബുക്ക്‌സ് അടുത്തകാലത്ത് ഒരു പുസ്തകം പുറത്തിറക്കി. ‘നവമാദ്ധ്യമകാലത്തെ ഇടതു ചേരി ” ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ലേഖകൻ കെ.പ്രേമചന്ദ്രൻ നായരും സി.പി.ഐ ഓഫീസിൽ വെച്ച് നടന്ന അഭിമുഖം.

 ഇന്ത്യയിൽ സി.പി.എം സി.പി.ഐ ലയനം സാധ്യമാണോ?

അത് വിദൂരമായ സങ്കൽപ്പം മാത്രം. അതായത് വിദൂരമായ ലക്ഷ്യം മാത്രം. ലയനം എന്ന് പറയുമ്പോൾ പുനരേകീകരണം ഒരു വിദൂരമായ ലക്ഷ്യം മാത്രമാണ്.

കമ്മ്യൂണിസ്റ്റ് ഐകൃത്തെക്കുറിച്ച് സി.പി.ഐ മുൻകൈയെടുക്കുമോ? നിരവധി കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പാർട്ടികൾ സംഘടനകൾ രാജ്യത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ ഐക്യനിര കെട്ടിപ്പടുക്കുവാൻ സി.പി.ഐ മുൻകൈയെടുത്ത് പ്രവർത്തിക്കുമോ?

ഇന്നത്തെ രാഷ്ട്രീയത്തിന്റെ പ്രത്യേകതകൾ ഭിന്നിച്ചപോലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ആകെ ഒരുമിപ്പിക്കുന്ന സാഹചര്യത്തിലേയ്ക്ക് നയിക്കും എന്ന് വിശ്വസിക്കുന്നു.

ഈ കാലഘട്ടത്തിൽ വർഗ്ഗീയത ശക്തമായി നിലനില്ക്കുന്ന ഒരു സന്ദർഭമാണ്. മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയാണോ?

മതവും രാഷ്രീയവും വൃത്യസ്ത ദിശകളിൽ സഞ്ചരിക്കേണ്ടവയാണ്. വിശ്വാസം വ്യക്തിപരമായ പ്രശ്‌നമാണ്. അതിനെ ഒരു സമൂഹത്തിന്റെ ആകെ പ്രശ്നമാക്കി മാറ്റാൻ ശ്രമിക്കുമ്പോഴാണ് സംഘർഷങ്ങൾക്ക് സാധ്യതയുണ്ടാകുന്നത്. അതിനുള്ള പരിശ്രമമാണ് വർഗ്ഗീയതയിലേക്കും സംഘട്ടനത്തിലേക്കും നയിക്കുന്നത്. അതുകൊണ്ട് മതം രാഷ്രീയത്തിൽ ഒരു കാരണവശാലും ബന്ധപ്പെടാൻ പാടില്ല. രാഷ്ട്രീയ പാർട്ടികൾ മതവിശ്വാസത്തിന്റെ പേരിൽ മനുഷ്യനെ അകറ്റാനും ശ്രമിക്കാൻ പാടില്ല. മതനിരപേക്ഷത ദുർബ്ബലപ്പെടുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകർക്കും. മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് ആധുനിക കാലത്തെ ജനാധിപത്യവിശ്വാസികളുടെ മുഖ്യചുമതല.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തെക്കുറിച്ച് ? ജനിച്ച് വളർന്ന നാടിനെക്കുറിച്ചുള്ള ഓർമ്മകൾ വിലയിരുത്താമോ?

സാധാരണക്കാരായ കൃഷിക്കാർ തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കാനം. ആസാധാരണക്കാരുടെ നിഷ്‌ക്കളങ്കതയും, അവരുടെ സ്‌നേഹവും, സൗഹൃദവുമെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗ്യഹാതുരതയാണ്. മധുരിക്കുന്ന ഓർമ്മകളാണ്.

സി.പി.ഐയുടെ ഓഫീസുകളിൽ ജൈവ പച്ചക്കറി കൃഷിതുടങ്ങുമെന്ന അങ്ങയുടെ ഒരു പ്രസ്താവന കണ്ടിരുന്നുവല്ലോ? അത് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിഞ്ഞു?

അതായത് ജൈവപച്ചക്കറി കൃഷി തുടങ്ങുകയും അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്തുവല്ലോ. ഇനി അടുത്ത സീസണിൽ വീണ്ടും ആരംഭിക്കും. പച്ചക്കറി കൃഷിക്കാണ് പ്രാധാന്യം കൊടുക്കുന്നത്.

കേരളത്തിലെ ഭൂരിപക്ഷം വരുന്ന ചെറുകിട കർഷകർക്ക് ആശ്വാസം പകർന്നു നൽകുന്ന സഹകരണ സ്ഥാപനങ്ങളോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ സമീപനത്തെക്കുറിച്ച് ?

കേരളത്തിൽ കൃഷിക്കാരന്റെ ആവശ്യങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്നത് പ്രാഥമിക സഹകരണസംഘങ്ങളാണ്. അവയെ അവഗണിച്ചുകൊണ്ട് കേരളത്തിൽ കാർഷിക വികസനം സാധ്യമല്ല. കേന്ദ്രഗവൺമെന്റ് നോട്ടു റദ്ദാക്കിയും, അനാവശ്യ ഇടപെടലുകൾ നടത്തിയും കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളോടു കാണിക്കുന്ന സമീപനം ഈ രംഗത്തെ തകർക്കും എന്നതിൽ സംശയമില്ല. അതുകൊണ്ട് കേരള സ്‌നേഹിക്കുന്നവരെല്ലാം രാഷ്ട്രീയത്തിനതീതമായി കേന്ദ്ര നിലപാടുകൾക്കെതിരെ പ്രതിഷേധിക്കുക തന്നെ വേണം.

കാനം രാജേന്ദ്രൻ

വി.കെ. പരമേശ്വരൻനായർ, ടി.കെ. ചെല്ലമ്മ ദമ്പതികളുടെ മകനായി കോട്ടയം ജില്ലയിലെ വാഴൂരിൽ 10.11.1950 ൽ ജനിച്ചു. വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ് എന്നിവിടങ്ങളി ലായി വിദ്യാഭ്യാസം. വിദ്യാർത്ഥിയായിരിക്കെ എ.ഐ.എസ്.എഫിലൂടെ രാഷ്രീയരംഗത്ത് പ്രവേശിച്ചു. 1968 ൽ സി.പി.ഐ അംഗമായി. ഇരുപതാമത്തെ വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെകട്ടറിയായി. പിന്നീട് 1977 വരെ പ്രസ്തുത സ്ഥാനത്ത് തുടർന്നു പിന്നീട് എ.ഐ.വൈ.എഫ് ദേശീയ വൈസ്പ്രസിഡന്റ്, സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി, സി,പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ്, നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ : വനജരാജേന്ദ്രൻ, മക്കൾ : സ്മിത, സന്ദീപ്.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *