ജി.കെ.പിള്ള മലയാള സിനിമയുടെ കാരണവർ

ജി.കെ.പിള്ള മലയാള സിനിമയുടെ കാരണവർ

മലയാള സിനിമാരംഗത്ത് ദീർഘകാല പാരമ്പര്യമവകാശപ്പെടാവുന്ന കാരണവരാണ് ജി.കെ.പിള്ള എന്ന ചിറയിൻകീഴ്കാരൻ ജി. കേശവപിള്ള. മലയാള ചലച്ചിത്ര രംഗത്തെ പഴയ തലമുറയിൽ അവഗണിക്കാനാവാത്ത സ്ഥാനത്ത് ശോഭിച്ചിരുന്ന വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമകൂടിയാണദ്ദേഹം. ”സ്‌നേഹസീമ’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്ത് ഹരിശ്രീ കുറിച്ച ജി.കെ.പിള്ള കടന്നുചെന്ന രംഗങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര ആഴത്തിൽ പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പ്രദർശിപ്പിച്ച അഭിനയപാടവത്തിന് അർഹിക്കുന്ന അംഗീകാരം ലഭ്യമായിട്ടില്ല എന്ന ദു:ഖസത്യം അവശേഷിക്കുയാണ്. ജനപ്രിയ സീരിയലുകളിലും മറ്റും തന്റെ അഭിനയപാടവം വെളിവാക്കുന്ന ജി.കെ പിള്ള കുടുംബപ്രേക്ഷകർക്ക് വളരെ പ്രിയങ്കരനാണ്. തിരുവനന്തപുരം ജില്ലയിലെ കലാകാരന്മാരുടെ നാടായ ചിറയിൻകീഴ് പനച്ചവിളാകം വീട്ടിൽ ഗോവിന്ദപിള്ളയുടേയും ജാനകിയമ്മയുടേയും മകനായി ജനിച്ചു. ഇപ്പോൾ ഇടവയിലെ മാന്തറവിളാകം വീട്ടിൽ മക്കളോടും ചെറുമക്കളോടുമൊപ്പം വിശ്രമജീവിതം നയിക്കുന്നു. ഭാര്യ ഉല്പലാക്ഷിയമ്മ രണ്ട് വർഷം മുമ്പ് നിര്യാതയായി. വയസ്സ് 88 കഴിഞ്ഞെങ്കിലും കലാ-സാംസ്‌കാരിക രംഗങ്ങളിൽ, ഇന്നും ഒരു ശക്തി തേജസ്സായി നിറഞ്ഞുനില്ക്കുന്നു.

 

പുതിയ തലമുറയിലെ അഭിനേതാക്കളോട് ഈ രംഗത്തെ കാരണവരെന്ന നിലയിൽ നൽകാനുള്ള സന്ദേശം എന്താണ്?

അങ്ങനെ  സന്ദേശമൊന്നും നൽകാനില്ല. കാരണം ഇപ്പോഴത്തെ തലമുറ അങ്ങനെയുള്ള സന്ദേശങ്ങളൊന്നും ഉൾകൊള്ളുന്നവരല്ല. അല്ലെങ്കിൽ എന്തിന് വേണ്ടി! ”വാളെടുത്തവരെല്ലാം വെളിച്ചപ്പാട്” – എന്ന നിലയിലാണ്. അല്പം പ്രശസ്തനായി എന്ന് തോന്നിക്കഴിഞ്ഞാൽ ദൈവത്തിനെപ്പോലും വകവെക്കില്ല, പിന്നെന്തിനാ ഈ ഉപദേശങ്ങൾ ഒക്കെ നൽകുന്നത്.

മലയാള സിനിമാരംഗത്ത് ദീർഘകാലത്തെ പാരമ്പര്യമവകാശപ്പെടാവുന്ന അങ്ങേക്ക് ഇന്നത്തെ കാലഘട്ടത്തേയും ആധുനിക കാലഘട്ടത്തേയുംകുറിച്ചുള്ള ഒരു വിലയിരുത്തൽ നടത്താമോ?

മുൻകാലഘട്ടം – അതായത് കലാകാരന്മാർക്ക് പൂർണ്ണമായ ബഹുമാനം ഉണ്ടായിരുന്നു. പുതിയ കാലഘട്ടമെന്ന് വെച്ചാൽ അത് നേരത്തേ സുചിപ്പിച്ചതുമാതിരിയാണ്.

അഭിനയജീവിതത്തിലെ സന്തോഷകരമോ വേദനാജനകമോ ആയ രംഗം വിവരിക്കാമോ?

അതായത് സന്തോഷമെന്ന് പറയുന്നത് – ഈശ്വരനിശ്ചയം കൊണ്ട് മാത്രം ഇത്രയും കാലം സിനിമാരംഗത്ത് പിടിച്ചുനിന്നു – ഒരു കലാകാരനായിട്ട്. ആരുടേയും സഹായം ഇതിന്റെ പിന്നിലില്ല. ആരേയും ഉപദ്രവിക്കണമെന്നോ നശിപ്പിക്കണമെന്നോ ഒന്നും എനിക്കില്ലായിരുന്നു. പിന്നെ കൃത്യസമയത്ത് ചെല്ലും. ആ ഒരു കാലഘട്ടം അങ്ങനെയൊക്കെയായിരുന്നു.

അഭിനയരംഗത്ത് അങ്ങയെ ആകർഷിച്ചിട്ടുള്ള കലാപ്രതിഭകൾ ആരൊക്കെയാണ്?

അതായത് സത്യൻ, പ്രേംനസീർ, തിക്കുറിശ്ശി, ബഹദൂർ, മധു, എസ്.പി.പിള്ള, ഭാസി, പങ്കജവല്ലി, അടൂർ പങ്കജം, ജയഭാരതി, ശാരദ, ഷീല തുടങ്ങിയവരെയൊക്കെ അംഗീകരിക്കും.
ഇന്നിപ്പോൾ ധാരാളം പേർ ഈ രംഗത്ത് വന്നുകൊണ്ടിരിക്കയാണ്. എന്നാലിപ്പോഴും നല്ല ആൾക്കാർ ഉണ്ട് ഈ രംഗത്ത്.

അങ്ങയുടെ വ്യക്തി ജീവിതത്തിലേക്കിറങ്ങി ചെന്നാൽ കലാരംഗവുമായി സജീവമായി ബന്ധപ്പെടുന്നതെപ്പോഴാണ്?

1954 – ൽ കലാരംഗവുമായി ബന്ധപ്പെട്ടു ”സ്‌നേഹസീമ”യായിരുന്നു ആദ്യചിത്രം. തുടക്കം തന്നെ പ്രശസ്തരായ നടീനടന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അതൊരുഭാഗ്യം.

രാഷ്രീയരംഗത്ത് സജീവമായിരുന്ന അങ്ങേക്ക് അഭിനയരംഗവുമായി വേണ്ടത്ര അലിഞ്ഞു ചേരാൻ രാഷ്ട്രീയ പ്രവർത്തനം തടസ്സമായിരുന്നോ?

ഇല്ല ഒരു തരത്തിലും ഇല്ല. ഏതാണ്ട്? 62 കൊല്ലം രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചു. ഒപ്പം സിനിമയിൽ 59 വർഷവും ഒറ്റവാക്കിൽ പറഞ്ഞാൽ ഈ രംഗത്ത് . നിന്നും മാറ്റിനിർത്തുക എന്നതായിരുന്നു ഒരു വിഭാഗം ആൾക്കാരുടെ ലക്ഷ്യം. അതായത് പണ്ടത്തെ രാഷ്ട്രീയമല്ല ഇപ്പോൾ. തിരഞ്ഞെടുപ്പ് സമയത്ത് അവർക്ക് നമ്മളെയൊക്കെവേണം. തിരഞ്ഞെടുപ്പുകാലം കഴിഞ്ഞാൽ പിന്നെ അവർക്കാരെയും വേണ്ടാ പിന്നെ അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ മതി. സഹായം, ആ ഒരു രീതിയാണ്.

രാഷ്ട്രീയരംഗത്ത് അങ്ങയെ ആകർഷിച്ചിട്ടുള്ള ആ രംഗത്തെ കുലപതികൾ ആരൊക്കെയാണ്?

ഇപ്പോൾ അങ്ങനെ ആരും തന്നെയില്ലാ – സ്വാതന്ത്ര്യ സമരകാലത്ത് ഉണ്ടായിരുന്നു. എ.ജെ. ജോൺ, ആർ. ശങ്കർ, പട്ടംതാണുപിള്ള, സി.കേശവൻ തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ. കുറേ നല്ല ആൾക്കാരുണ്ടായിരുന്നു. ഇപ്പോൾ ആരേയും ആകർഷിക്കുന്ന രീതിയിലുള്ള കച്ചവട രാഷ്ട്രീയം രണ്ടിന്റെയും മാറ്റം മനസ്സിലാക്കാൻ എനിക്ക് അവസരം വന്നിട്ടുണ്ട്. അത് കോൺഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും നോക്കുമ്പോൾ ഇപ്പോഴുള്ളവരെ അങ്ങനെ കാണാൻ സാധിക്കുന്നില്ല.

 

സിനിമാനടനും, സീരിയൽ നടനുമായ ജി.കെ.പിള്ളയുമൊത്ത് ലേഖകൻ കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ നടത്തിയ അഭിമുഖം

സാറിന്റെ കഥാപാത്രങ്ങളെക്കുറിച്ചൊരു വിലയിരുത്തൽ? 

സിനിമയിൽ പ്രവേശിക്കുന്നത് 29ാംമത്തെ വയസ്സിലാണ്. പട്ടാളത്തിൽ നിന്നും വന്നത് സിനിമയിലേക്കാണ്. ആദ്യം തന്നെ കഥാനായിക പത്മിനിയുടെ അച്ഛനായിട്ട് അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീടിങ്ങോട്ട് രാജാവിന്റെ വേഷം, അച്ഛന്റെയും മുത്തച്ഛന്റെയുംമൊക്കെ വേഷങ്ങൾ, പിന്നെ വില്ലൻവേഷങ്ങൾ, കുതിരപ്പുറത്ത് കയറിയിരുന്നുള്ള വാൾപയറ്റ് തുടങ്ങി പ്രേക്ഷകർക്ക് സന്തോഷം പകരുന്നതായിരുന്നു അവയെല്ലാം തന്നെ…..

എന്തെല്ലാം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്?

സർക്കാരിന്റേതായിട്ടില്ല. മദ്രാസ് ഫിലിം ഫിനാൻസ് അസോസിയേഷന്റെ, തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നി ഭാഷകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട – അതിൽ അന്ന് എന്റെ ആറാമത്തെ പടം ”കൂടെപ്പിറപ്പ്” (ക്യാരക്ടർ റോളായിരുന്നു) അതിന് ആദ്യമായി പാരിതോഷികം കിട്ടി. എന്നാൽ സർക്കാരിന്റേതായി അവാർഡുകളോ അംഗീകാരങ്ങളോ ഇതേവരെ ഉണ്ടായിട്ടില്ല. അതും കോൺഗ്രസ്സിന്റെ സജീവപ്രവർത്തകനായിരുന്നിട്ടുകൂടി. പിന്നെ കാലങ്ങൾ പലതുകഴിഞ്ഞു – പലയിടത്തുനിന്നും സ്വീകരണങ്ങൾ ലഭിച്ചു. 160 -ൽപരം അംഗീകാരങ്ങൾ കിട്ടി. അതെല്ലാം ഇവിടിരിപ്പുണ്ട്. എന്റെ ധാരണശരിയാണെങ്കിൽ ഇത്രയധികം പുരസ്‌കാരങ്ങൾ കിട്ടിയ ആരെങ്കിലും ഉണ്ടോ എന്നറിയില്ല ലോക ചരിത്രത്തിൽ തന്നെ. പിന്നെ സിനിമാരംഗത്ത് 59 വർഷം പൂർത്തിയാക്കി. അന്നു മുതൽ ഇന്നുവരെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു മുമ്പോട്ടു പോകുന്നു. അത് മനസ്സിലാക്കാനോ, ചിന്തിക്കാനോ, അംഗീകരിക്കാനോ, രാഷ്ട്രീയ രംഗത്തോ കലാരംഗത്തോ ആരുമില്ല.

ജന്മനാടായ ചിറയിൻകീഴിനെപ്പറ്റി?

ചിറയിൻകീഴ് മതസൗഹാർദ്ദത്തിന്റെ പ്രതീകമാണ്. അതായത് നന്മകളുടേയും ഐശ്വര്യങ്ങളുടേയും നാട്. ഏറ്റവും വലിയൊരു ഐശ്വര്യം നിറഞ്ഞു നില്ക്കുന്ന പ്രദേശം. ശാർക്കരക്ഷേത്രം ആ നാടിന്റെ നന്മയും ഐശ്വര്യവും കാത്തുസൂക്ഷിക്കുന്നു. മാരകമായ രോഗങ്ങളോ, അതിഭയങ്കരമായ പട്ടിണിയോ മറ്റ് യാതൊന്നും ഉണ്ടായിട്ടില്ല. അവിടെ ചെന്ന് കൈയ്യെടുത്ത് തൊഴുന്നവർക്ക് ഐശ്വര്യമാണിതേവരെ ഉണ്ടായിട്ടുള്ളത്. അതും ജാതി -മതദേദമന്യെ ഏവർക്കും സ്വാഗതമരുളുന്ന ഒരു പുണ്യസ്ഥലം കൂടിയാണ്. ആ ക്ഷേത്രകാര്യങ്ങൾക്ക് വേണ്ടി ഞാനും പ്രയത്‌നിച്ചിട്ടുണ്ട്. പിന്നെ വിധി അതായത് അവിടെ സ്ഥിര
മായി താമസിക്കാൻ മാത്രം കഴിഞ്ഞില്ല. ഇപ്പോഴും പോകും. രാത്രിയും പകലും ശാർക്കരയമ്മയെ മനസ്സിൽ പ്രാർത്ഥിക്കും. അവിടുത്തെ അനുഗ്രഹവും ഐശ്വര്യവും പൂർണ്ണമായി അനുഭവിച്ചവനാണ് ഞാൻ. അനശ്വര സിനിമാനടൻ പ്രേംനസീർ ഈ ദേവീ ക്ഷേത്രത്തിൽ ഒരാനയെ നടയ്ക്കിരുത്തി. ഹിന്ദു-മുസ്ലീം മൈത്രിയെ പ്രകീർത്തിച്ച സംഭവം ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ട നേടിയതാണ്. ആകെ കൂടി ഉത്സവങ്ങളുടേയും ജന്മദിനാഘോഷങ്ങൾകൊണ്ടും സംപൂജ്യമാക്കപ്പെട്ട ഒരു സമ്പുഷ്ട ഗ്രാമപ്രദേശം ആണ് ചിറയിൻകീഴ്.

മൊത്തം എത്ര സിനിമകളിൽ അഭിനയിച്ചു? പിന്നെ സീരിയലുകൾ?

മൊത്തം 327 സിനിമകളും 30 സീരിയലുകളും ചെയ്തു. കുങ്കുമപ്പൂവിലൂടെയാണ് ഏറ്റവും പ്രശസ്തിയാർജിച്ചത്. കൂടാതെ സ്ത്രീപഥം, പെയ്‌തൊഴിയാതെ, ചട്ടമ്പികല്ല്യാണി, ശ്രീകുമാരൻതമ്പിയുടെ പഴയ സിനിമയുടെ പുത്തൻ ആവിഷ്‌കാരം, കൂടാതെ ഇപ്പോൾ ജയ്ഹിന്ദ് ടിവിയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ അംഗീകാരം തന്നത് കുങ്കുമപ്പൂവിനാണ്.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *