വിമാനാപകടം ഇരകൾക്ക് നീതിലഭിക്കണം എംഡിഎഫ് ആക്ഷൻ കൗൺസിൽ

കോഴിക്കോട് : എയറിന്ത്യാ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, പരിക്ക് പറ്റിയവർക്കും കേന്ദ്ര-സംസ്ഥാന സർക്കാറുകളും, ഇൻഷൂറൻസ് വിഭാഗവും നൽകാനുള്ള ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് നൽകാൻ നടപടി സ്വീകരിക്കണമെന്ന് എംഡിഎഫ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ പലർക്കും ഇനിയും വിദക്തചികിത്സ ആവശ്യമാണ്. തുടർചികിത്സക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് അധികൃതർ രേഖാമൂലം ഉറപ്പുനൽകണമെന്ന് ചെയർമാൻ ടി.വി ഇബ്രാഹിം എംഎൽഎ പറഞ്ഞു. മരിച്ചവരുടെയും, പരിക്കേറ്റവരുടെയും രേഖകൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്ന് ലഭിക്കാൻ സർക്കാർ പൊതു മാനദണ്ഡം പ്രഖ്യാപിക്കണം. എയറിന്ത്യ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകിയ പ്രാഥമിക സഹായം സിവിൽ വ്യോമയാന മന്ത്രി പ്രഖ്യാപിച്ച അടിയന്തിര സഹായത്തിൽ ഉൾപ്പെടുന്നതാണോ എന്ന് ഉറപ്പുവരുത്തണം. മംഗലാപ്പുരം വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും, പരിക്ക് പറ്റിയ യാത്രക്കാർക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം നൽകിയപോലെ ഈ അപകടത്തിൽ പെട്ടവർക്കും സഹായം ലഭ്യമാക്കണം. കേന്ദ്രസർക്കാറിന്റെ മുൻപിൽ വിഷയം ആക്ഷൻ കാൺസിൽ രക്ഷാധികാരികളും, എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എളമരം കരീം, എം.കെ രാഘവൻ ഉന്നയിച്ചിട്ടുണ്ട്. കാലതാമസം കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാർ തയ്യാറാവണം. ജനറൽ കൺവീനർ ആഷിഖ് പെരുമ്പാൾ, എംഡിഎഫ് അഡ്‌വൈസറി ബോർഡ് ചെയർമാൻ യു.എ നസീർ, വർക്കിംഗ് ചെയർമാൻ എസ്.എ അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ട്രഷറർ താഹ എം.കെ പങ്കെടുത്തു.

എംഡിഎഫ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനം.
Share

Leave a Reply

Your email address will not be published. Required fields are marked *