കോഴിക്കോട് : സംസ്ഥാനത്തെ പതിമൂവായിരം വരുന്ന സ്‌കൂൾ പാചക തൊഴിലാളികൾ ജോലിയും, കൂലിയുമില്ലാതെ നാല് മാസക്കാലമായി ദുരിതം പേറുകയാണെന്ന് കേരള സംസ്ഥാന സ്‌കൂൾ പാചക തൊഴിലാളി ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ് വി.പി കുഞ്ഞിക്യഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ പ്രതിമാസം അറുന്നൂറ് രൂപ മാത്രമാണ് നൽകുന്നത്. 2017-18 വർഷം മുതൽ പ്രതിദിന വേതനത്തിൽ അമ്പത് രൂപ കൂട്ടികൊടുക്കാമെന്ന സംസ്ഥാന ധനമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ഈ പണം തൊഴിലാളികൾക്ക് ഉടൻ വിതരണം ചെയ്യണം. സ്‌കൂളുകൾ എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ സർക്കാറുകൾ സഹായം നൽകിയിട്ടില്ലെങ്കിൽ തൊഴിലാളികൾക്കും, കുടുംബാംഗങ്ങൾക്കും വലിയ പ്രയാസം ഉണ്ടാകുമെന്നദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി ദേവിയും പങ്കെടുത്തു.