കോഴിക്കോട് : മെഡിക്കൽ കോളേജിലെ ശുചീകരണ വിഭാഗത്തിൽ പിരിച്ചുവിട്ട തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കണമെന്നാശ്യപ്പെട്ട് 28ന് തിങ്കൾ കാലത്ത് 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രിയുടെയും, ജില്ലാ കലക്ടറുടെയും ശ്രദ്ധയിൽ വിഷയംകൊണ്ട് വന്നിട്ടുണ്ട്. കോവിഡിന്റെ കാലത്ത് ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ടത് നീതികരിക്കാനാവില്ലെന്ന് സമരസഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിനാൽ തൊഴിലാളികളും, കുടുംബാംഗങ്ങളും പട്ടിണിയിലാണ്. അടിച്ചുവാരൽ സമരം, തിരുവോണനാളിൽ കഞ്ഞിവെപ്പ് സമരം എന്നിവ നടത്തി. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ ഒക്ടോബർ 1 മുതൽ അനിശിചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ ജോലിയില്ലാതെയിരിക്കുമ്പോൾ തൊഴിലാളികളെ പുതുതായി നിയമിക്കുകയാണ്. കോവിഡ് കാലത്ത് ശുചീകരണ തൊഴിലാളികൾക്ക് വളരെയധികം പ്രാധാന്യമെന്നിരിക്കെ, നിലവിൽ 30 കോവിഡ് രോഗികൾക്ക് ഒരാളാണുള്ളത്. വാർത്താസമ്മേളനത്തിൽ പി.ടി ജനാർദ്ദനൻ, വിശ്വൻ, വിബിഷ് കമ്മനകണ്ടി, വിജയ നിർമ്മല പങ്കെടുത്തു.