കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ പാതയോര സമരം നടത്തും. കോഴിക്കോട്, മലപ്പുറം ദേശീയ പാതയിലെ 54 കി.മീ. ദൂരം മുഴുവൻ ടൗണുകളിലും ഇരുപതുപേർ വീതമാണ് സമരത്തിൽ പങ്കാളികളാകുക. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പാതയോര സമരം കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും. പാതയോര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാലക്കാട്, മലപ്പുറം വെസ്റ്റ് വയനാട് ജില്ലകളിലും നാഷണൽ ഹൈവേകൾ ക്രേന്ദ്രീകരിച്ച് അനുബന്ധ സമരങ്ങൾ നടക്കും. പാലക്കാട് കരിങ്കല്ലത്താണി മുതൽ ചിറക്കൽപടിവരെയും, മലപ്പുറം വെസ്റ്റിൽ ഇടിമുഴിക്കൽ മുതൽ ചങ്ങരംകുളം വരെയും, കോഴിക്കോട് ജില്ലയിൽ അരയിടത്തുപാലം മുതൽ അടിവാരംവരെയും, മുതലക്കുളം മുതൽ വടകര കുഞ്ഞിപ്പളളിവരെയും, വയനാട് ലക്കിടി മുതൽ മുത്തങ്ങവരെയും ഐക്യദാർഢ്യ സമരം നടക്കും. കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫിയും ജനറൽ സെക്രട്ടറി മജീദ് കക്കാടും സമരത്തിന് ആദ്യ കണ്ണികളാകും.അന്താരാഷ്ട്ര വിമനത്താവളമായ കോഴിക്കോട് എയർപോർട്ടിനെതിരെ നടക്കുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒന്നര മാസമായി എസ്.വൈ.എസ് ശക്തമായ സമരപരിപാടികളുമായി രംഗത്തുണ്ട്. സമരസംഗമം, നിൽപുസമരം, കുടുംബസമരം മുതലായ പ്രക്ഷോഭങ്ങൾ നടത്തികഴിഞ്ഞു. പാർലമെന്റ് അംഗങ്ങളും വിഷയത്തിൽ ഗൗരവപൂർവ്വം ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കത്തയച്ചിട്ടുണ്ട്. കേന്ദ്രസർക്കറിന് ഒരു ലക്ഷം ഇമെയുലുകളും അയക്കുന്നുണ്ട്. വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം.റൺവേ നീളം വർധിപ്പിക്കുക, ഇമാസ് സ്ഥാപിക്കുക, വിമാനങ്ങളുടെ പാർക്കിംഗ് സൗകര്യം വർധിപ്പിക്കുന്നതിന് ഏപ്രൺ വീതി കൂട്ടുക വിഷയങ്ങളിലും പരിഹാരം കാണണം. പ്രവാസി ഘടകമായ ഐ.സി.എഫും ഗൾഫ് രാജ്യങ്ങളിൽ സജീവമായി സമര രംഗത്തുണ്ട്. വാർത്താസമ്മേളനത്തിൽ എസ്.ശറഫുദ്ദീൻ സെക്രട്ടറി എസ്.വൈ.എസ് സ്റ്റേറ്റ് കമ്മറ്റി, അബൂബക്കർ മാസ്റ്റർ പടിക്കൽ കൺവീനർ സമരസമിതി പങ്കെടുത്തു